ഇന്ത്യയുടെ സ്പിന്‍ മജീഷ്യന്‍ അരങ്ങൊഴിയുന്നു; വിരമിക്കല്‍ പ്രഖ്യാപിച്ച് ആര്‍. അശ്വിന്‍

ഡ്രസ്സിങ് റൂമില്‍ വികാരധീനനായി വിരാട് കോഹ്ലിയും അശ്വിനും കെട്ടിപ്പിടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അശ്വിന്‍ വിരമിക്കുകയാണെന്ന സൂചനകളും വന്നിരുന്നു
ഇന്ത്യയുടെ സ്പിന്‍ മജീഷ്യന്‍ അരങ്ങൊഴിയുന്നു; വിരമിക്കല്‍ പ്രഖ്യാപിച്ച് ആര്‍. അശ്വിന്‍
Published on

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍. ഗാബ ടെസ്റ്റിന് പിന്നാലെയാണ് അശ്വിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു. മഴ മൂലം മത്സരം നിര്‍ത്തിവെക്കുകയായിരുന്നു. ഇരു ക്യാപ്റ്റന്മാരും സമനില അംഗീകരിച്ചു. ഇതോടെ, പരമ്പരയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഒപ്പത്തിനൊപ്പം(1-1) എത്തി.

14 വര്‍ഷത്തെ കരിയര്‍ അവസാനിപ്പിച്ചാണ് അശ്വിന്റെ പ്രഖ്യാപനം. ഗാബ ടെസ്റ്റിനിടയില്‍ മഴമൂലം കളി തടസ്സപ്പെട്ടതോടെ, ഡ്രസ്സിങ് റൂമില്‍ വികാരധീനനായി വിരാട് കോഹ്ലിയും അശ്വിനും കെട്ടിപ്പിടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അശ്വിന്‍ വിരമിക്കുകയാണെന്ന സൂചനകളും പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് താരത്തിന്റെ പ്രഖ്യാപനം.

ദൃശ്യങ്ങള്‍ കണ്ടതോടെ, അശ്വിന്‍ കളിക്കളത്തോട് വിടപറഞ്ഞേക്കുമെന്ന് സുനില്‍ ഗവാസ്‌കര്‍, മാത്യു ഹെയ്ഡന്‍, മാര്‍ക് നിക്കോളാസ് എന്നിവര്‍ അനുമാനിക്കുകയും ചെയ്തിരുന്നു.


ടെസ്റ്റ് ക്രിക്കറ്റില്‍ തങ്ങളുടെ അതികായരില്‍ ഒരാളെയാണ് അശ്വിന്റെ വിടവാങ്ങലോടെ ഇന്ത്യയ്ക്ക് നഷ്ടമാകുന്നത്. പതിനാല് വര്‍ഷത്തെ നീണ്ട കരിയറില്‍ 106 ടെസ്റ്റുകളില്‍ നിന്ന് 537 വിക്കറ്റുകളാണ് താരം നേടിയത്. ടെസ്റ്റില്‍ ഇന്ത്യയ്ക്കു വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമാണ്. അനില്‍ കുംബ്ലെയാണ് ഒന്നാമത്. ടെസ്റ്റില്‍ 37 തവണ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി. ഓസ്‌ട്രേലിയയുടെ ഷെയ്ന്‍ വോണിനൊപ്പമാണ് റെക്കോര്‍ഡ് നേട്ടത്തില്‍ അശ്വിന്റെ സ്ഥാനം. 67 തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന്‍ മാത്രമാണ് അശ്വിന് മുന്നിലുണ്ടായിരുന്നത്.

2011 ല്‍ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. 2013 ലെ ചാമ്പ്യന്‍സ് ട്രോഫി കിരീടം ഇന്ത്യ സ്വന്തമാക്കിയപ്പോഴും ടീമില്‍ അശ്വിന്‍ ഉണ്ടായിരുന്നു. 2010 ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച അശ്വിന്‍ ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നുമായി 765 വിക്കറ്റുകളാണ് ഇന്ത്യയ്ക്കു വേണ്ടി സ്വന്തമാക്കിയത്. 956 വിക്കറ്റ് സ്വന്തമാക്കിയ അനില്‍ കുംബ്ലെയ്ക്ക് പുറകില്‍ രണ്ടാമതാണ് അശ്വിന്‍.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നൂറ് വിക്കറ്റ് തികച്ച ആദ്യ ബൗളര്‍, 41 മാച്ചുകളില്‍ നിന്നായി 195 വിക്കറ്റുകള്‍ നേടി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളര്‍, ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ഇടംകൈയന്മാരെ പുറത്താക്കിയ താരം (268), തുടങ്ങി അശ്വിന് സവിശേഷതകള്‍ ഏറെയാണ്.

മികച്ച ഓള്‍റൗണ്ടര്‍ കൂടിയായ അശ്വിന്‍ ടെസ്റ്റില്‍ ആറ് സെഞ്ചുറികളും 14 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടെ 3503 റണ്‍സ് നേടിയിട്ടുണ്ട്. 116 ഏകദിനങ്ങളും 65 ടി20-കളും കളിച്ചു. 116 ഏകദിന മത്സരങ്ങളില്‍ നിന്ന് 156 വിക്കറ്റും 65 ടി20യില്‍ നിന്നായി 72 വിക്കറ്റും നേടി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com