ഇനി 'പുതിയ' എമ്പുരാന്‍; റീ എഡിറ്റഡ് പതിപ്പ് തിയേറ്ററുകളിലെത്തി

ഭൂരിഭാഗം തിയേറ്ററുകളിലും എഡിറ്റഡ് പതിപ്പ് നാളെ മുതല്‍ പ്രദര്‍ശിപ്പിച്ച് തുടങ്ങും.
ഇനി 'പുതിയ' എമ്പുരാന്‍; റീ എഡിറ്റഡ് പതിപ്പ് തിയേറ്ററുകളിലെത്തി
Published on


എമ്പുരാന്‍ റീ എഡിറ്റഡ് പതിപ്പ് തിയേറ്ററുകളിലെത്തി. എഡിറ്റഡ് പതിപ്പ് ഉടന്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച് തുടങ്ങും. തിരുവനന്തപുരത്തെ ആര്‍ട്ടെക് മാളിലായിരിക്കും ആദ്യ പ്രദര്‍ശനം. ബാക്കി തിയേറ്ററുകളില്‍ നാളെ മുതല്‍ പ്രദര്‍ശനം തുടങ്ങും.

സിനിമയുടെ ഡൗണ്‍ലോഡിങ്ങ് നടക്കുകയാണെന്ന് തിയേറ്റര്‍ ഉടമകള്‍ അറിയിച്ചു. ഭൂരിഭാഗം തിയേറ്ററുകളിലും എഡിറ്റഡ് പതിപ്പ് നാളെ മുതല്‍ പ്രദര്‍ശിപ്പിച്ച് തുടങ്ങും. ഡൗണ്‍ലോഡ് സാധ്യമാകാത്ത തീയേറ്ററുകളില്‍ പതിപ്പ് നേരിട്ടെത്തിക്കും.

24 കട്ടുകളാണ് പ്രധാനമായും സിനിമയില്‍ നടത്തിയിരിക്കുന്നത്. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകളും സംഘപരിവാറും രംഗത്തെത്തിയതോടെയാണ് റീ സെന്‍സറിംഗ് ചെയ്യാന്‍ സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ തയ്യാറായത്. ചിത്രത്തിനെതിരെ ബഹിഷ്‌കരണ ആഹ്വാനവും വന്നിരുന്നു. ഇതിന് പിന്നാലെ മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൃഥ്വിരാജും പങ്കുവെച്ചു.

ആരെങ്കിലും മാറ്റാന്‍ പറയുന്നതുകൊണ്ടല്ല, കൂട്ടായ തീരുമാനത്തിലൂടെയാണ് സിനിമ റീ സെന്‍സറിംഗ് നല്‍കുന്നതിനായി നല്‍കിയതെന്നായിരുന്നു ചിത്രത്തിന്റെ സഹനിര്‍മാതാവയ ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയത്.

ചിത്രത്തില്‍ നിന്ന് സെന്‍സര്‍ ചെയ്തത് പ്രധാനമായും 24 ഭാഗങ്ങളാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമ രംഗങ്ങള്‍ സിനിമയില്‍ നിന്ന് ഒഴിവാക്കി. ചിത്രത്തിലെ വില്ലന്റെ പേര് ബജ്റംഗി എന്നത് ബല്‍ദേവ് എന്നാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. കൂടാതെ മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനം കടന്നുപോകുന്ന സീനും, പൃഥ്വിരാജിന്റെ കഥാപാത്രവും അച്ഛന്‍ കഥാപാത്രവുമായുള്ള സംഭാഷണവും സിനിമയില്‍ നിന്ന് ഒഴിവാക്കി. എന്‍ഐഎ യെ കുറിച്ച് പറയുന്ന ഭാഗം മ്യൂട്ട് ചെയ്യുകയും, നന്ദി കാര്‍ഡില്‍ നിന്ന് സുരേഷ് ഗോപിയുടെ പേര് മാറ്റുകയും ചെയ്തിട്ടുണ്ട്.

സിനിമകളില്‍ ദേശവിരുദ്ധ ആശയങ്ങള്‍ ആവര്‍ത്തിക്കുന്നു എന്ന് ആരോപിച്ച് വലിയ തോതിലുള്ള സൈബര്‍ ആക്രമണമാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ നിന്ന് നേരിടുന്നത്. ആര്‍എസ്എസ് മുഖവാരിക ഓര്‍ഗനൈസറും ചിത്രത്തെയും അണിയറ പ്രവര്‍ത്തകരെയും രൂക്ഷമായി വിമര്‍ശിച്ച് കൊണ്ട് ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com