
ഫുട്ബാൾ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന സ്പാനിഷ് സൂപ്പർ ടീമുകളായ റയൽ മാഡ്രിഡും ബാഴ്സലോണയും തമ്മിലുള്ള എൽ ക്ലാസിക്കോ പോരാട്ടത്തിന് ഇന്ന് രാത്രി അരങ്ങുണരും. ഈ ലാലിഗ സീസണിലെ ആദ്യ എൽ ക്ലാസിക്കോയ്ക്ക് റയലിൻ്റെ തട്ടകമായ സാൻ്റിയാഗോ ബെർണബ്യൂവാണ് വേദിയാകുന്നത്. ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചെ 12.30നാണ് തീപാറും പോരാട്ടം.
പ്രതാപകാലത്തിൻ്റെ അലയൊലികൾ സമ്മാനിച്ച് മികച്ച ഫോമിലേക്ക് തിരിച്ചെത്തിയ ബാഴ്സലോണ ഇക്കുറി നിലവിലെ ചാമ്പ്യന്മാർക്ക് വെല്ലുവിളി ഉയർത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷകൾ. ലാമിനെ യമാലും പെഡ്രിയും ഗോൾ മെഷീൻ ലെവൻഡോവ്‌സ്കിയുമെല്ലാം പ്രതീക്ഷയ്ക്കൊത്ത് ഉയർന്നാൽ സാൻ്റിയാഗോ ബെർണബ്യൂവിൽ ഇന്ന് തീപ്പൊരി ചിതറുമെന്നുറപ്പാണ്.
ചാമ്പ്യൻസ് ലീഗ് പോരാട്ടങ്ങളിൽ മാഡ്രിഡിനായി വിനീഷ്യസ് ജൂനിയറും ബാഴ്സയ്ക്കായി റഫീഞ്ഞയും ഹാട്രിക്കുകൾ നേടിയാണ് വരുന്നതെന്നതും ഇന്നത്തെ പോരാട്ടത്തിൻ്റെ ആവേശം കൂട്ടുന്നുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോ–ലയണൽ മെസി യുഗത്തിന് ശേഷം ആരാധകർ ഇത്ര ആവേശത്തോടെ കാത്തിരിക്കുന്ന റയൽ മാഡ്രിഡ്–ബാഴ്സലോണ മത്സരം അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല.
പോയിൻ്റ് ടേബിളിൽ പത്ത് മത്സരങ്ങളിൽ നിന്ന് 27 പോയിൻ്റുമായി ബാഴ്സലോണയാണ് ഒന്നാമത് നിൽക്കുന്നത്. രണ്ടാം സ്ഥാനക്കാരായ റയൽ മാഡ്രിഡിന് 10 മത്സരങ്ങളിൽ നിന്ന് 24 പോയിൻ്റ് മാത്രമാണുള്ളത്. ഇരുവരും ഇതുവരെ 257 മത്സരങ്ങളിൽ ഏറ്റുമുട്ടിയപ്പോൾ 105ൽ റയലും 100ൽ ബാഴ്സയും ജയിച്ചു. 52 എണ്ണം സമനിലയിലാണ് കലാശിച്ചത്.