സേവനം നൽകാതെ സിഎംആർഎല്ലിൽ നിന്ന് പണം കൈപ്പറ്റി; വീണ മൊഴി നൽകിയതായി എസ്എഫ്ഐഒ കുറ്റപത്രം

സേവനം നൽകാതെയാണ് പണം കൈപ്പറ്റിയതെന്ന് വീണ തൈക്കണ്ടിയിൽ സമ്മതിച്ചതായി എസ്എഫ്ഐഒ കുറ്റപത്രത്തിൽ പറയുന്നു
സേവനം നൽകാതെ സിഎംആർഎല്ലിൽ നിന്ന് പണം കൈപ്പറ്റി; വീണ മൊഴി നൽകിയതായി എസ്എഫ്ഐഒ കുറ്റപത്രം
Published on

സിഎംആര്‍എൽ- എക്സാലോജിക് മാസപ്പടി ഇടപാടിൽ സിഎംആര്‍എല്ലിന് സേവനം നൽകാതെയാണ് പണം കൈപ്പറ്റിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ തൈക്കണ്ടിയിൽ സമ്മതിച്ചതായി എസ്എഫ്ഐഒ. സിഎംആർഎൽ ഐടി മേധാവിയും ഇക്കാര്യം സ്ഥിരീകരിച്ചെന്നും എസ്എഫ്ഐഒയുടെ കുറ്റപത്രത്തിൽ പറയുന്നു. എസ്എഫ്ഐഒ കുറ്റപത്രത്തിലാണ് വീണ നൽകിയ മൊഴിയുടെ വിവരങ്ങളുള്ളത്. 


അതേസമയം, മാസപ്പടികേസ് കൂടുതൽ കേന്ദ്ര ഏജൻസികൾക്ക് എസ്എഫ്ഐഒ കൈമാറി. കേന്ദ്ര ഏജൻസികൾക്ക് കുറ്റപത്രത്തിന്റെ പകർപ്പ് എസ്എഫ്ഐഒ കൈമാറി. നാഷണൽ ഫിനാൻഷ്യൽ റിപ്പോർട്ടിങ് അതോറിറ്റി, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, സെൻട്രൽ ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോ, നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ എന്നിവക്കാണ് കേസിലെ അന്വേഷണ വിവരങ്ങൾ കൈമാറിയത്.

വായ്പാത്തുക വക മാറ്റി വീണ ക്രമക്കേട് കാട്ടിയെന്ന കുറ്റപത്രത്തിലെ വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സിഎംആർഎല്ലിന്റെ സഹോദര സ്ഥാപനമായ എംപവർ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ് എന്ന സ്ഥാപനത്തിൽ നിന്ന് 25 ലക്ഷം രൂപ വീതം രണ്ടു തവണയായാണ് വീണ കടം വാങ്ങിയത്. സിഎംആർഎൽ ഉടമ ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്. വീണയും ശശിധരൻ കർത്തയും ചേർന്ന് 2.78 കോടിയുടെ തിരിമറി നടത്തി എന്നും എസ്എഫ്ഐഒ റിപ്പോർട്ടിൽ പറയുന്നു.

എസ്എഫ്ഐഒ റിപ്പോർട്ട് അനുസരിച്ച് സിഎംആർഎല്ലിന്റെ സഹോദര സ്ഥാപനമായ എംപവർ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ് എന്ന സ്ഥാപനത്തിൽ നിന്നും രണ്ട് തവണയായി 50 ലക്ഷം രൂപയാണ് വീണ കടം വാങ്ങിയത്. സിഎംആർഎൽ നിന്ന് വീണയ്ക്കും എക്സാലോജിക്കലും പ്രതിമാസം 8 ലക്ഷം രൂപ കിട്ടിയിരുന്നു. ഈ പണം എംപവർ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റിലെ ലോൺ തുക തിരികെ അടയ്ക്കാൻ വീണ ഉപയോഗിച്ചു. നാലുലക്ഷം രൂപയാണ് ഇത്തരത്തിൽ തിരിച്ചടച്ചത് എന്നും റിപ്പോർട്ടിൽ പറയുന്നു.

വീണാ വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് എസ്എഫ്ഐഒ ചുമത്തിയിരിക്കുന്നത്. രാഷ്ട്രീയ നേതാക്കള്‍ക്ക് സിഎംആര്‍എല്‍ 182 കോടി രൂപ നല്‍കി. സിഎംആര്‍എല്‍ ഈ തുക കള്ളക്കണക്കില്‍ എഴുതി വകമാറ്റി. കര്‍ത്തയുടെ മരുമകന്‍ ആനന്ദ പണിക്കര്‍ക്ക് 13 കോടി രൂപ കമ്മിഷന്‍ നല്‍കി. കോര്‍പ്പറേറ്റ് സ്ഥാപനത്തെ ഉപയോഗിച്ച് നടത്തിയ അഴിമതിയാണെന്നുമാണ് എസ്എഫ്ഐഒയുടെ കണ്ടെത്തല്‍. 2024 ജനുവരിയില്‍ അന്വേഷണം ആരംഭിച്ച കേസിലാണ് 14 മാസങ്ങള്‍ക്കു ശേഷം കുറ്റപത്രം സമര്‍പ്പിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com