സ്വകാര്യ ചടങ്ങുകൾക്കും ഉദ്ഘാടനങ്ങൾക്കും ആനകളെ ഉപയോഗിക്കരുത്; ശുപാർശയുമായി അമിക്കസ് ക്യൂറി

രണ്ട് എഴുന്നള്ളിപ്പുകൾക്കിടയിൽ ആനകൾക്ക് 24 മണിക്കൂർ വിശ്രമം വേണം
സ്വകാര്യ ചടങ്ങുകൾക്കും ഉദ്ഘാടനങ്ങൾക്കും ആനകളെ ഉപയോഗിക്കരുത്; ശുപാർശയുമായി അമിക്കസ് ക്യൂറി
Published on


ആന എഴുന്നള്ളിപ്പിന് കർശന നിയന്ത്രണം വേണമെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ ശുപാർശ. മതപരമായ ചടങ്ങുകൾക്ക് മാത്രമേ ആനകളെ ഉപയോഗിക്കാവു. സ്വകാര്യ ചടങ്ങുകൾ, ഉദ്ഘാടനങ്ങൾ എന്നിവയിൽ ആനകളെ ഉപയോഗിക്കരുത്. രണ്ട് എഴുന്നള്ളിപ്പുകൾക്കിടയിൽ ആനകൾക്ക് 24 മണിക്കൂർ വിശ്രമം വേണം. 65 വയസ്സ് കഴിഞ്ഞ ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുതെന്നും അമിക്കസ് ക്യൂറി ശുപാർശ ചെയ്തു. ദേവസ്വം ബോർഡ് , ആന ഉടമകൾ എന്നിവരുടെ ഭാഗം കൂടി കേട്ട ശേഷമേ അമിക്വസ് ക്യൂറി ശുപാർശ പരിഗണിക്കാവൂ എന്ന് വനം വകുപ്പ് കോടതിയെ അറിയിച്ചു.

നാട്ടാനകൾക്കെതിരെയുള്ള ക്രൂരത അവസാനിപ്പിക്കുന്നതിന് മാർഗനിർദേശങ്ങൾ സമർപ്പിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട് സമർപ്പിച്ചത്. കർശന നിയന്ത്രണങ്ങളാണ് റിപ്പോർട്ടിലുള്ളത്. ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ ഉൾപെട്ട ഡിവിഷൻ ബഞ്ച് ആണ് ഹർജി പരിഗണിച്ചത്. 2018 മുതൽ 2024 വരെ 30 ശതമാനത്തോളം ആനകൾ ചെരിഞ്ഞിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. വേണ്ടവിധത്തിൽ പരിപാലിക്കാത്തതും ഇതിന് കാരണമാണ്. ഉത്സവങ്ങൾക്ക് ആനകളുടെ എണ്ണം കൂട്ടുന്നത് വാണിജ്യ താൽപര്യമാണെന്നും സോഷ്യൽ മീഡിയാ പ്രചരണം ഇതിന് കാരണമാകുന്നതായും കോടതി ചൂണ്ടികാട്ടി.

ദേവസ്വം ബോർഡ് ക്ഷേത്രങ്ങൾ കൂടാതെ സ്വകാര്യ ക്ഷേത്രങ്ങൾ കൂടിയുള്ളപ്പോൾ ആന പരിപാലനത്തിന് മാർഗ നിർദേശം വേണം. തുറവൂർ ക്ഷേത്രത്തിൽ ദീപാവലി സമയം ആനകൾക്ക് പനമ്പട്ട മാത്രമാണ് നൽകിയത്. വിലക്കുറവായതുകൊണ്ട് പനമ്പട്ട മാത്രം നൽകും. മറ്റൊന്നും കഴിക്കാൻ നൽകിയില്ലെന്ന് നേരിട്ട് ബോധ്യപ്പെട്ടെന്ന് ജസ്റ്റിസ് പി.ഗോപിനാഥ് കോടതിയിൽ പറഞ്ഞു. ആന എഴുന്നള്ളിപ്പിന് കർശന നിയന്ത്രണം വേണമെന്നാണ് അമിക്വസ് ക്യൂറി കോടതിയെ അറിയിച്ചത്.

ഒരു ദിവസം 100 കിലോമീറ്ററിലധികം ആനകളെ വാഹനത്തിൽ കൊണ്ടുപോകരുത്. എഴുന്നുള്ളിപ്പുകൾക്ക് നിർത്തുമ്പോൾ ആനകൾ തമ്മിൽ മൂന്ന് മീറ്ററെങ്കിലും അകലം പാലിക്കണം. ജനങ്ങളെ ആനകൾക്ക് സമീപത്ത് നിന്നും 100 മീറ്റർ എങ്കിലും അകലത്തിൽ നിർത്തണം. തലപ്പൊക്ക മത്സരം, വണങ്ങൽ, പുഷ്പവൃഷ്ടി എന്നിവ പാടില്ലെന്നും അമിക്വസ് ക്യൂറി അറിയിച്ചു. അമിക്കസ് ക്യൂറിയുടെ ശുപാർശകൾ പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com