
കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിവാഹങ്ങള്‍ നടക്കുന്ന ക്ഷേത്രങ്ങളിലൊന്നാണ് ഗുരുവായൂര്‍. എന്നാല്‍ ഗുരുവായൂരില്‍ ഏറ്റവും കൂടുതല്‍ വിവാങ്ങള്‍ നടക്കുന്ന ദിവസം ഇന്നായിരിക്കും. സെപ്റ്റംബര്‍ 8 ഓണത്തിന് മുമ്പുള്ള ഞായറാഴ്ച്ച 358 വിവാഹങ്ങള്‍ ഗുരുവായൂരമ്പലനടയില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഞായറാഴ്ച്ച പുലര്‍ച്ചെ നാല് മണിക്ക് ആരംഭിച്ച വിവാഹങ്ങള്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് നിശ്ചയിരിച്ചിരിക്കുന്നത്. അസാധാരണ തിരക്ക് കണക്കിലെടുത്താണ് വിവാഹങ്ങള്‍ ഒരു മണിക്കൂര്‍ നേരത്തേ ആരംഭിക്കുകയായിരുന്നു. ആറ് കല്യാണ മണ്ഡപങ്ങളാണ് വിവാഹങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. രണ്ട് മംഗളവാദ്യ സംഘവും താലികെട്ട് ചടങ്ങ് നിര്‍വഹിക്കാന്‍ ആറ് ക്ഷേത്രം കോയ്മമാരും ഉണ്ടാകും.
തിരക്ക് കണക്കിലെടുത്ത് പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയതായി ദേവസ്വം ചെയര്‍മാന്‍ ഡോ. വി കെ വിജയന്‍ അറിയിച്ചിട്ടുണ്ട്.
വിവാഹ സംഘങ്ങള്‍ക്കായി തെക്കെ നടയിലെ പട്ടര് കുളത്തിനോട് ചേര്‍ന്നുള്ള താത്കാലിക പന്തല്‍ ഒരുക്കിയിട്ടുണ്ട്. ഇവിടെ നിന്ന് ടോക്കണ്‍ വാങ്ങി താലികെട്ടിന്റെ ഊഴമെത്തുമ്പോള്‍ മേല്‍പത്തൂര്‍ ഓഡിറ്റോറിയത്തില്‍ പ്രവേശിക്കണം. തുടര്‍ന്ന് കിഴക്കേനട മണ്ഡപത്തിലെത്തി ചടങ്ങ് നടത്തും. വിവാഹ ചടങ്ങ് കഴിഞ്ഞാല്‍ തെക്കേനട വഴി മടങ്ങാനാണ് നിര്‍ദേശം. വിവാഹ സംഘത്തില്‍ ഫോട്ടോഗ്രാഫര്‍മാരുള്‍പ്പെടെ 24 പേര്‍ക്ക് മാത്രമേ മണ്ഡപത്തിന് സമീപം പ്രവേശിക്കാന്‍ അനുമതിയുള്ളൂ.
ഗുരുവായൂരിലെ ഇതുവരെയുള്ള റെക്കോര്‍ഡ് 277 ആയിരുന്നു. 2017 ലായിരുന്നു ഇത്. ഇന്നലെ പന്ത്രണ്ട് മണിവരെയായിരുന്നു ബുക്കിങ് ഉണ്ടായിരുന്നത്.
ചിങ്ങ മാസത്തിലെ ചോതി നക്ഷത്രം നല്ല നാളായാണ് കരുതപ്പെടുന്നത്. കൂടാതെ ഓണത്തിന് മുമ്പുള്ള ഞായറാഴ്ച്ചയും ക്ഷേത്രത്തിന്റെ പ്രസിദ്ധിയും എല്ലാം കൂടി ചേര്‍ന്നപ്പോള്‍ റെക്കോര്‍ഡ് കല്യാണത്തിന് ഗുരുവായൂരമ്പലനട വേദിയാകും.