
ഉരുൾപൊട്ടൽ സാധ്യതാ മുന്നറിയിപ്പിനെ ചൊല്ലി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കേരള മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള വാക്‌പോര് രൂക്ഷമാകുന്നതിനിടെ കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ രേഖകൾ ന്യൂസ് മലയാളത്തിന്. വയനാട്ടിൽ അതിതീവ്ര മഴ ഉണ്ടാകുമെന്നു പോലും ഇന്ത്യൻ മെറ്റിയറോളജിക്കൽ ഡിപ്പാർട്ട്മെന്റിന്‍റെ തിരുവനന്തപുരം കേന്ദ്രം പ്രവചിച്ചിരുന്നില്ല എന്ന് ഐഎംഡിയുടെ രേഖകൾ വ്യക്തമാക്കുന്നു. ഉരുൾപൊട്ടൽ സാധ്യതാ മുന്നറിയിപ്പ് കേരളത്തിന് നൽകി എന്ന കേന്ദ്രസർക്കാർ വാദം തള്ളുന്നതാണ് തെളിവുകൾ.
പാർലമെന്റിൽ കേന്ദ്രമന്ത്രി അമിത് ഷാ ചോദിച്ചത് ആവശ്യത്തിനു മുന്നറിയിപ്പു നൽകിയിട്ടും സംസ്ഥാനം എന്തു ചെയ്തു എന്നാണ്. മഴ പെയ്യുമെന്ന പതിവ് വാർത്താക്കുറിപ്പല്ലാതെ മറ്റെന്താണ് നൽകിയത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. വയനാട്ടിൽ അതിതീവ്ര മഴ ഉണ്ടാകുമെന്നു പോലും ഐഎംഡിയുടെ തിരുവനന്തപുരം കേന്ദ്രം പ്രവചിച്ചിരുന്നില്ല എന്നാണ് രേഖകളിൽ നിന്ന് വ്യക്തമാകുന്നത്.
കഴിഞ്ഞമാസം 25ന് തിരുവനന്തപുരത്തെ കാലാവസ്ഥാ കേന്ദ്രത്തിൽ നിന്ന് പുറത്തിറക്കിയ മുന്നറിയിപ്പാണ് ഇത്. 25 മുതൽ 31 വരെയുള്ള ദിവസങ്ങളിലെ മഴയാണ് പ്രവചിക്കുന്നത്. 29ന് ആണ് വയനാട്ടിൽ ഉരുൾപൊട്ടിയത്. 25 മുതൽ ലാർജ് എക്സസ് അഥവാ അതിതീവ്ര മഴപെയ്യും എന്നു പറയുന്ന പട്ടികയിൽ ഉള്ളത് കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ ജില്ലകളാണ്. മുന്നറിയിപ്പിന്‍റെ അൽപം ഗൗരവം കുറഞ്ഞ നിലയാണ് എക്സസ് റെയിൻ അഥവാ തീവ്രമഴ. ആ പട്ടികയിലാണ് ആലപ്പുഴയും എറണാകുളവും കാസർഗോഡും കോട്ടയവും പത്തനംതിട്ടയും. അതും കഴിഞ്ഞാണ് വയനാടിന്‍റെ സ്ഥാനം.
അതു മാത്രമല്ല വയനാട്ടിൽ ഭയപ്പെടുത്തേണ്ട എന്തെങ്കിലും സാഹചര്യം ഉണ്ടെന്ന് ഈ രേഖകൾ വ്യക്തമാക്കുന്നുമില്ല. ഈ കാലവർഷകാലത്ത് കണ്ണൂരും മാഹിയിലും മാത്രമാണ് സാധാരണയിൽ കവിഞ്ഞ് മഴ പെയ്തത് എന്നും ഇതേ രേഖയിലുണ്ട്. ആലപ്പുഴ മുതൽ വയനാടും ലക്ഷദ്വീപും വരെ സാധാരണ ലഭിക്കേണ്ട മഴ മാത്രം. എറണാകുളം, ഇടുക്കി ജില്ലകളിൽ കുറവു മഴയും. 30ന് മാത്രമാണ് കേരളത്തിന് റെഡ് അലേർട്ട് നൽകിയത് എന്ന് ഇന്നലെ ഐഎംഡി ഡയറക്ടർ സ്ഥിരീകരിച്ചിരുന്നു. അമിത്ഷായുടെ ആരോപണവും മുഖ്യമന്ത്രിയുടെ മറുപടിയും വിവാദമായതിനു പിന്നാലെയായിരുന്നു ഐഎംഡി ഡയറക്ടറുടെ സ്ഥിരീകരണം.