
മലപ്പുറം ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളും ജാഗ്രതാ നിർദേശങ്ങളുമായി ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ്. ജില്ലയില്‍ നാളെയും മറ്റന്നാളും ഖനനപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാനും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. മണ്ണെടുക്കാന്‍ അനുമതിയുള്ള സ്ഥലങ്ങളിലും ഈ ദിവസങ്ങളില്‍ മണ്ണ് നീക്കാന്‍ പാടില്ല. 24 മണിക്കൂര്‍ മഴയില്ലാത്ത സാഹചര്യം വന്നാല്‍ മാത്രമേ ക്വാറികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ പാടുള്ളൂവെന്നും നിർദേശത്തിൽ പറയുന്നു.
മണ്ണിടിച്ചിലിന് സാധ്യതയുള്ള സ്ഥലങ്ങള്‍, കനാല്‍ പുറമ്പോക്കുകള്‍, തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാന്‍ തദ്ദേശസ്വയംഭരണ വകുപ്പിന് നിര്‍ദേശം നൽകിയിട്ടുണ്ട്. നിലമ്പൂര്‍-നാടുകാണി ചുരം വഴി അത്യാവശ്യയാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂ. പുഴയിലിറങ്ങി കുളിക്കുന്നതിനും മലയോരമേഖലയിലൂടെയുള്ള രാത്രി യാത്രയ്ക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ആഢ്യന്‍പാറ, കേരളാംകുണ്ട്, വനം വകുപ്പിന് കീഴിലെ കൊടികുത്തിമല തുടങ്ങിയ മലയോരമേഖലയിലെ എല്ലാ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിലും പ്രവേശനം വിലക്കിയിട്ടുണ്ട്.
റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കാനും മുന്‍കരുതലുകള്‍ സ്വീകരിക്കാനും ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്. അതിതീവ്ര മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ട്യൂഷൻ സെൻ്ററുകൾക്കും, മദ്രസകൾക്കുമാണ് ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചത്.
അതേസമയം, ശക്തമായ മഴയെ തുടർന്ന് പാലക്കാട് ജില്ലയിലെ പുഴകൾ , വെള്ളച്ചാട്ടങ്ങൾ , മറ്റ് ജലാശയങ്ങൾ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു. ഇത് സംബന്ധിച്ച് ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചു. വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ലഭിച്ചതിനാൽ റെഡ് സോണിനോട് ചേർന്ന ടൂറിസം കേന്ദ്രങ്ങൾ അടയ്ക്കാൻ ജില്ലാ കളക്ടർ ഡി.ആര്‍ മേഘശ്രീ ഉത്തരവിട്ടു.
അഡ്വഞ്ചർ ടൂറിസം കേന്ദ്രങ്ങൾ, വെള്ളച്ചാട്ടങ്ങൾ, ട്രക്കിംഗ് കേന്ദ്രങ്ങൾ, എടക്കൽ ഗുഹ, എൻ ഊര് വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടയ്ക്കാൻ ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ ഉത്തരവിട്ടു. സുരക്ഷിത സ്ഥലങ്ങളിലെ ടൂറിസം കേന്ദ്രങ്ങൾക്ക് പതിവുപോലെ പ്രവർത്തിക്കാമെന്നും ഉത്തരവിൽ പറയുന്നു. ജില്ലയിൽ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്താനും കളക്ടർ ഉത്തരവിട്ടു.