കേരള തീരത്ത് റെഡ് അലേര്‍ട്ട്; ശക്തമായ മഴയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത

ബീച്ചുകളിലെ വിനോദ സഞ്ചാരമുള്‍പ്പടെ പൂര്‍ണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പ്
കേരള തീരത്ത് റെഡ് അലേര്‍ട്ട്;  ശക്തമായ മഴയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത
Published on

കേരള തീരത്ത് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രമാണ് അലേര്‍ട്ട് നല്‍കിയിരിക്കുന്നത്. ശക്തമായ തിരമാലക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് മുന്നറിയിപ്പ്. 


ബീച്ചുകളിലെ വിനോദ സഞ്ചാരമുള്‍പ്പടെ പൂര്‍ണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. തമിഴ്‌നാട് തൂത്തുക്കുടി, കന്യാകുമാരി, ലക്ഷദ്വീപ്, മാഹി, കര്‍ണാടക തീരങ്ങളിലും ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ചൊവ്വാഴ്ച ഉച്ച മുതൽ ബുധനാഴ്ച രാത്രി വരെ 1.0 മുതല്‍ 2.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനുമാണ് സാധ്യതയുള്ളത്.


കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കുക.

1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.

3. കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തില്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാല്‍ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

4. ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതാണ്

5. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

6. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com