
ഉത്തർപ്രദേശിലെ ഗൊരഖ്പൂരിൽ മദ്യപിക്കാൻ വിസമ്മതിച്ചതിന് മകൻ അച്ഛനെ കൊന്നു. കല്ലുകൊണ്ട് തലയ്ക്കടിച്ചാണ് അച്ഛനെ കൊന്നതെന്നും, കൊലപാതക ശേഷം ആത്മഹത്യയായി സ്ഥാപിക്കാൻ ശ്രമിച്ചുവെന്നും പൊലീസ് കണ്ടെത്തി.
സ്ഥിരമായി മദ്യപിക്കാറുണ്ടായിരുന്ന മകൻ കനയ്യ തിവാരി എന്നും വീട്ടിൽ പ്രശനങ്ങളുണ്ടാക്കാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം, അച്ഛൻ സത്യപ്രകാശ് തിവാരിയും, കനയ്യയും തമ്മിൽ വാക്‌തർക്കമുണ്ടായി. തുടർന്ന് മകൻ അച്ഛനെ കല്ലുകൊണ്ട് അടിച്ചു. അച്ഛൻ മരണപ്പെട്ടുവെന്ന് ഉറപ്പായപ്പോൾ ആത്മഹത്യയായി ചിത്രീകരിക്കാൻ സീലിങ് ഫാനിൽ മൃതദേഹം കെട്ടിത്തൂക്കിയെന്നും ഉത്തർപ്രദേശ് പൊലീസ് മേധാവി ജിതേന്ദ്ര ശ്രീവാസ്തവ പറഞ്ഞു.
സമീപപ്രദേശത്തെ സിസിടിവി പരിശോധിച്ച പൊലീസിന് ഇരുവരും തമ്മിലുള്ള തർക്കങ്ങളടങ്ങിയ ദൃശ്യങ്ങൾ ലഭിച്ചു. കയ്യിൽ കല്ലേന്തി മകൻ അച്ഛനെ കൊല്ലുമെന്ന് പറഞ്ഞ് പിന്നാലെ ഓടുന്ന ദൃശ്യവും പൊലീസിന് ലഭിച്ചു. കനയ്യ തിവാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.