സ്ഥിരം മേല്‍വിലാസം നിര്‍ബന്ധമില്ല; ഇനി കേരളത്തിലെ ഏത് ആര്‍ടിഒയിലും വാഹനം രജിസ്റ്റര്‍ ചെയ്യാം

ലേണേഴ്‌സ് കഴിഞ്ഞ് 6 മാസം മുതല്‍ ഒരു വര്‍ഷം വരെ പ്രൊബേഷന്‍ സമയമായി കണക്കാക്കുന്ന കാര്യവും പരിഗണനയിൽ
സ്ഥിരം മേല്‍വിലാസം നിര്‍ബന്ധമില്ല; ഇനി കേരളത്തിലെ ഏത് ആര്‍ടിഒയിലും വാഹനം രജിസ്റ്റര്‍ ചെയ്യാം
Published on

വാഹന രജിസ്‌ട്രേഷനില്‍ നിര്‍ണായക മാറ്റവുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹന ഉടമയുടെ ആര്‍ടിഒ ഓഫീസ് പരിധിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന മാറ്റി. കേരളത്തില്‍ മേല്‍വിലാസമുള്ള ഒരാള്‍ക്ക് സംസ്ഥാനത്ത് ഏത് ആര്‍ടിഒയിലും വാഹനം രജിസ്റ്റര്‍ ചെയ്യാം. സ്ഥിരമായ മേല്‍വിലാസം എന്ന ചട്ടത്തിനാണ് മോട്ടോര്‍ വാഹന വകുപ്പ് മാറ്റം വരുത്തിയത്. ഇതുസംബന്ധിച്ച ഉത്തരവ് ഗതാഗത കമ്മീഷണര്‍ പുറത്തിറക്കി.


ആറ്റിങ്ങലില്‍ രജിസ്‌ട്രേഷന്‍ നിഷേധിക്കപ്പെട്ട വാഹന ഉടമ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് പുതിയ മാറ്റത്തിനുള്ള ഉത്തരവുണ്ടായത്. കേന്ദ്ര ഗതാഗത ചട്ട പ്രകാരം വാഹന രജിസ്‌ട്രേഷന്‍ നടത്തണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.

പുതിയ പരിഷ്‌കരണത്തിനായുള്ള നടപടികള്‍ തുടങ്ങിയെന്നും ഇത് പൂര്‍ത്തിയായാല്‍ ഏത് ആര്‍ടിഒ ഓഫീസിലും വാഹനം രജിസ്റ്റര്‍ ചെയ്യാനാകുമെന്നും ഗതാഗത കമ്മീഷണര്‍ സി.എച്ച്. നാഗരാജു അറിയിച്ചു.


ഡ്രൈവിങ് ടെസ്റ്റുകളുടെ രീതി മാറ്റുന്നതും പരിഗണനയിലുണ്ടെന്ന് ഗതാഗത കമ്മീഷണര്‍ അറിയിച്ചു. ലേണേഴ്‌സ് കഴിഞ്ഞ് 6 മാസം മുതല്‍ ഒരു വര്‍ഷം വരെ പ്രൊബേഷന്‍ സമയമായി കണക്കാക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്. ഈ സമയത്ത് അപകടങ്ങളുണ്ടായില്ലെങ്കില്‍ യഥാര്‍ഥ ലൈസന്‍സ് നല്‍കും. 'H', '8' മാത്രം എടുക്കുന്ന രീതി മാറ്റണം. ലൈസന്‍സ് നേടുന്നയാള്‍ക്ക് തിയററ്റിക്കല്‍ അറിവ് കൂടുതല്‍ ഉണ്ടാകണം. ഇതിനായി ചോദ്യങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണം. ടെസ്റ്റില്‍ നെഗറ്റീവ് മാര്‍ക്കും ഉള്‍പ്പെടുത്തണമെന്നും സി.എച്ച്. നാഗരാജു അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com