പുനരധിവാസം വൈകുന്നു, നഷ്ടപരിഹാരം നൽകുന്നില്ല; വിലങ്ങാട് ദുരന്തബാധിതർ പ്രത്യക്ഷ പ്രതിഷേധത്തിലേക്ക്

എൻഐടി പഠന റിപ്പോർട്ട് പുറത്ത് വരാത്തതിനെ തുടർന്ന് പ്രദേശത്തെ പുനരധിവാസ പ്രവർത്തനങ്ങളിലും ദുരന്തബാധിതർക്ക് ആശങ്കയുണ്ട്
പുനരധിവാസം വൈകുന്നു, നഷ്ടപരിഹാരം നൽകുന്നില്ല; വിലങ്ങാട് ദുരന്തബാധിതർ പ്രത്യക്ഷ പ്രതിഷേധത്തിലേക്ക്
Published on

കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തബാധിതർ പ്രത്യക്ഷ പ്രതിഷേധത്തിലേക്ക്. പുനരധിവാസം വൈകുന്നതിലും, നഷ്ടപരിഹാരം നൽകാത്തതിലും പ്രതിഷേധിച്ച് പ്രദേശവാസികൾ വിലങ്ങാട് വില്ലേജ് ഓഫീസ് ഉപരോധിച്ചു. എൻഐടി പഠനറിപ്പോർട്ട് പുറത്ത് വരാത്തതിനെ തുടർന്ന് പ്രദേശത്തെ പുനരധിവാസ പ്രവർത്തനങ്ങളിലും ദുരന്തബാധിതർക്ക് ആശങ്കയുണ്ട്.

പുനരധിവാസം ഉൾപ്പടെ ദുരന്തബാധിതർക്ക് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ നാല് മാസം പിന്നിട്ടിട്ടും പാലിച്ചില്ലെന്ന് ആരോപിച്ചാണ് പ്രദേശവാസികൾ പ്രത്യക്ഷ സമരത്തിലേക്ക് കടന്നത്. സർക്കാർ പ്രഖ്യാപിച്ച താത്കാലികാശ്വാസം മുഴുവൻ പേർക്കും ലഭ്യമാക്കുക, വീട് തകർന്നവർക്ക് വാടക ലഭ്യമാക്കുക, കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുക, വ്യാപാരികൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കുക, ഉരുൾപൊട്ടലിൽ തകർന്ന റോഡുകൾ നന്നാക്കുക, പുഴയിലെ കല്ലും മണ്ണും നീക്കുക തുടങ്ങി നിരവധി ആവശ്യങ്ങളാണ് വിലങ്ങാട് നിവാസികൾ ഉന്നയിക്കുന്നത്. എന്നാൽ ഇതിനോടൊന്നും അനുകൂലമായ സമീപനം ഇല്ലെന്നാണ് നാട്ടുകാർ പറയുന്നത്.

ഉരുൾപൊട്ടലുണ്ടായ സമയത്ത് സർക്കാർ സംവിധാനങ്ങൾ ഉൾപ്പെടെ കൂടെ നിന്നിരുന്നെങ്കിലും പിന്നീട് സഹായങ്ങൾ ലഭിക്കുന്നില്ല എന്നാണ് വിലങ്ങാടുകാരുടെ പരാതി. ഇതിനിടയിലാണ് പുനരധിവാസ പ്രവർത്തനങ്ങൾക്ക് തടസമാകുന്ന രീതിയിൽ എൻഐടി പഠന റിപ്പോർട്ട് വൈകുന്നത്. ആറ് മാസം കൂടി കഴിയുന്നതോടെ വീണ്ടും മഴക്കാലമാകും. ഇതിനിടയിൽ തകർന്ന വീടുകൾക്ക് പകരം വീടുകൾ നിർമിക്കേണ്ടതുണ്ട്. എന്നാൽ, വാസയോഗ്യമായ സ്ഥലങ്ങൾ ഏതെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് ഇതുവരെയും ജനങ്ങൾക്ക് ലഭിച്ചിട്ടില്ല. ഇതോടെ വീടുകളുടെ നിർമാണം തടസപ്പെട്ടിരിക്കുകയാണ്.

ബാങ്കുകൾ ലോണുകൾ അനുവദിക്കാത്തതും, കുടിവെള്ള ലഭ്യത ഇല്ലാതായതും, തകർന്ന ഗതാഗത സംവിധാനങ്ങൾ നന്നാക്കാത്തതും എല്ലാം ഇപ്പോഴും വിലങ്ങാടിന് ദുരിതമാവുകയാണ്. അവഗണന തുടർന്നാൽ ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com