ഡൽഹിയെ രേഖ ഗുപ്ത നയിക്കും; പർവേഷ് വർമ ഉപമുഖ്യമന്ത്രി

സുഷമ സ്വരാജിനും, ഷീല ദീക്ഷിത്തിനും അതിഷിക്കും ശേഷം ഒരു വനിത കൂടി മുഖ്യമന്ത്രിയാകുന്നു, രേഖ ​ഗുപ്ത. രാജ്യത്തെ ബിജെപിയുടെ ഏക വനിതാ മുഖ്യമന്ത്രി കൂടിയാകും രേഖ ഗുപ്ത
ഡൽഹിയെ രേഖ ഗുപ്ത നയിക്കും; പർവേഷ് വർമ ഉപമുഖ്യമന്ത്രി
Published on

27 വർഷത്തിനിപ്പുറം രാജ്യതലസ്ഥാനത്തെ കാറ്റ് ബിജെപിക്കൊപ്പം നീങ്ങുമ്പോൾ മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്നത് ആരാകുമെന്നായിരുന്നു വലിയ ചർച്ചകൾ. പല പേരുകൾ ഉയർന്നു, പല മുഖങ്ങൾ ചർച്ചയിൽ വന്നു. ഒടുവിൽ വനിത മുഖ്യമന്ത്രി മതിയെന്ന് ബിജെപി ഉറപ്പിച്ചു. രാജ്യത്തിന് ആദ്യമായി, ഒരു വനിത മുഖ്യമന്ത്രിയെ നൽകിയ ഡൽഹി വീണ്ടും ആ അപൂർവതയ്ക്ക് സാക്ഷ്യം വഹിക്കുന്നു. സുഷമ സ്വരാജിനും, ഷീല ദീക്ഷിത്തിനും അതിഷിക്കും ശേഷം ഒരു വനിത കൂടി മുഖ്യമന്ത്രിയാകുന്നു, രേഖ ​ഗുപ്ത. രാജ്യത്തെ ബിജെപിയുടെ ഏക വനിതാ മുഖ്യമന്ത്രി കൂടിയാകും രേഖ ഗുപ്ത.

പർവേഷ് വർമ്മ ഉപമുഖ്യമന്ത്രി ആയേക്കുമെന്നാണ് സൂചന. നാളെ മുഖ്യമന്ത്രിയോടൊപ്പം നാല് മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്തേക്കും. വിജേന്ദ്ര ഗുപ്ത ആയിരിക്കും സ്പീക്കര്‍. നാളെ രാവിലെ 10 മണിക്കാണ് രാംലീല മൈതാനത്ത് സത്യപ്രതിജ്ഞ ചടങ്ങ് തുടങ്ങുക. പന്ത്രണ്ട് മണിക്ക് ​ഗവർണർ മുഖ്യമന്ത്രിക്ക് സത്യവാചകം ചൊല്ലി കൊടുക്കും. വികസിത ഡൽഹിയെന്ന മുദ്രാവാക്യമുയർത്തിയാണ് ചടങ്ങ്. വികസിത് ഡൽഹി ശപഥ് സമാരോഹ് എന്നാണ് ചടങ്ങിന് പേരിട്ടിരിക്കുന്നത്.

ഐകകണ്ഠേനയാണ് രേഖ ഗുപ്തയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. ഒമ്പത് പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് രേഖയുടെ പേര് നിർദ്ദേശിച്ചത്. പർവേഷ് വർമ്മയും വിജേന്ദർ ഗുപ്തയും രേഖ ഗുപ്തയുടെ പേരാണ് നിർദ്ദേശിച്ചത്.

എഎപിയുടെ ബന്ദന കുമാരിയെ 29,595 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള രേഖയുടെ രാജകീയ വരവ്. സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളിൽ ബിജെപിയുടെ ഉറച്ച ശബ്ദമാണ് രേഖ. സ്ത്രി വോട്ടർമാർ കൂടുതലുള്ള ഡെൽഹിയിൽ വനിതാ മുഖ്യമന്ത്രിയെ നിയോ​ഗിക്കുന്നതിലുള്ള രാഷ്ട്രീയ നേട്ടങ്ങളും ബിജെപിയുടെ കണ്ണിലുണ്ട്. ഇന്ത്യയിലെ 21 സംസ്ഥാനങ്ങളിൽ അധികാരം കയ്യാളുന്ന ബിജെപിയുടെ ഏക വനിതാ മുഖ്യമന്ത്രിയാണ് രേഖ.

ഹരിയാനയിലെ ജുലാന സ്വദേശിയായ രേഖ വിദ്യാർഥി പ്രസ്ഥാനമായ എബിവിപിയിലൂടെയാണ് രാഷ്ട്രീയ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് വിദ്യാർഥികളുടെ പ്രശ്നങ്ങളിൽ ഇടപെട്ട് നേതൃനിരയിലേക്ക് ഉയർന്നു. 1996ൽ ഡൽഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പഠനശേഷം പ്രാദേശിക രാഷ്ട്രീയത്തിൽ സജീവമായി. 2007ൽ നോർത്ത് പിതംപുരയിൽ നിന്ന് മത്സരിച്ച് കൗൺസിലറായി. സൗത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ മേയറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായുള്ള "സുമേധ യോജന" പോലുള്ള സംരംഭങ്ങൾക്കും രേഖ നേതൃത്വം നൽകി.

മഹിളാ മോർച്ചയുടെ ജനറൽ സെക്രട്ടറി, ദേശീയ എക്സിക്യൂട്ടീവ് അംഗം, ഡൽഹി ബിജെപി ജനറൽ സെക്രട്ടറി എന്നി നിലകളിലും പ്രവർത്തിച്ചു. അരവിന്ദ് കെജ്‌രിവാളിനെ പരാജയപ്പെടുത്തിയ പർവേഷ് വർമ്മയെ തള്ളി, ഡൽഹിയുടെ താക്കോൽ രേഖ ഗുപ്തയുടെ കയ്യിൽ ബി‍‍ജെപി കേന്ദ്ര നേതൃത്വം ഏൽപ്പിക്കുമ്പോൾ അതിന് പിന്നിൽ വലിയ രാഷ്ട്രീയ മാനമുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com