
റഷ്യൻ കൂലി പട്ടാളത്തിൽ ചേർന്ന മലയാളി യുവാക്കളുടെ മോചനം വൈകുന്നതിൽ വിമർശനവുമായി ബന്ധുക്കൾ രംഗത്ത്. സർക്കാരിനും ജനപ്രതിനിധികൾക്കും എതിരെയാണ് വിമർശനവുമായി ബന്ധുക്കൾ രംഗത്തെത്തിയത്. ബിനിലിനെയും ജയിനെയും മോചിപ്പിക്കാൻ ആരും ഇടപെടുന്നില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.
ഇന്ത്യൻ എംബസിയും വിദേശകാര്യമന്ത്രാലയവും പറയുന്നത് സ്ഥിരം ആശ്വാസ വാക്കുകൾ മാത്രമാണെന്നും, മന്ത്രിമാരും ജനപ്രതിനിധികളും പേപ്പറുകൾ വാങ്ങുന്നതല്ലാതെ യാതൊരു സഹായവും ഉണ്ടായിട്ടില്ലെന്നും ബന്ധുക്കൾ പറഞ്ഞു. ഓർത്തഡോക്സ് സഭ വിഷയത്തിൽ ഇടപെട്ടത് മാത്രമാണ് ഇപ്പോഴുള്ള നേരിയ ആശ്വാസമെന്നും ബന്ധുക്കൾ ന്യൂസ് മലയാളത്തോട് പ്രതികരിച്ചു.
തൃശൂര്‍ സ്വദേശികളായ ബിനിലിനെയും ജെയ്‌നെയും നാട്ടിലെത്തിക്കണമെന്നും തങ്ങള്‍ക്കുണ്ടായ അനുഭവം മറ്റൊരാള്‍ക്കും ഉണ്ടാവരുതെന്നും സന്ദീപിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. ബിനിലിനും ജെയ്‌നും മലയാളികളായ മറ്റ് മൂന്ന് പേര്‍ക്കും ഒപ്പം കഴിഞ്ഞ ഏപ്രില്‍ ആദ്യവാരമാണ് സന്ദീപ് ചന്ദ്രന്‍ റഷ്യയിലെത്തിയത്. തൊഴിൽ തട്ടിപ്പിന് ഇരയായി ചതിക്കപ്പെട്ട് യുദ്ധമുഖത്ത് കുടുങ്ങി കിടക്കാൻ തുടങ്ങിയിട്ട് എട്ട് മാസങ്ങൾ പിന്നിടുകയാണ്. മോചനം കാത്ത് നാല് മാസത്തോളം റഷ്യൻ പട്ടാളത്തിൻ്റെ ഷെൽട്ടർ ക്യാമ്പിൽ ഇവർ കഴിഞ്ഞു. എന്നാൽ അവിടെ നിന്നും വീണ്ടും യുദ്ധമുഖത്തേക്ക് തിരികെ മടങ്ങാൻ സൈന്യം ആവശ്യപ്പെട്ടതോടെയാണ് ബിനിലിൻ്റെയും ജെയ്‌ൻ്റെയും നാട്ടിലെ ബന്ധുക്കളുടെ പ്രതീക്ഷയറ്റത്.
മലയാളികൾ ഉൾപ്പെടെ 19 ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ ശ്രമം തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. എന്നാൽ മോചനം കാത്തു കഴിയുന്ന ബിനിലിൻ്റെയും ജെയ്നിൻ്റെയും കാര്യത്തിൽ ഇനിയും ഫലപ്രദമായി ഇടപെടാൻ വിദേശകാര്യ മന്ത്രാലയത്തിനും സംസ്ഥാന സർക്കാരിനും ആയിട്ടില്ല. അതുകൊണ്ടാണ് ബന്ധുക്കൾ ഇപ്പോൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.