

വ്യവസായ പാർക്കുകളുടെ പാട്ട വ്യവസ്ഥകളിൽ ഇളവ് അനുവദിക്കുമെന്ന് മന്ത്രി പി. രാജീവ്. വൻകിട നിക്ഷേപകർ ആദ്യവർഷം പാട്ടത്തുകയുടെ 10 ശതമാനം അടച്ചാൽ മതി. പിന്നീട് രണ്ട് വർഷം മൊറോട്ടോറിയവും ലഭിക്കുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിൻ്റെ വ്യവസായ മേഖലയിൽ നിക്ഷേപവും വളർച്ചയും പ്രോത്സാഹിപ്പിക്കാനും വ്യവസായ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്താനുമാണ് ഭേദഗതിയെന്ന് മന്ത്രി വ്യക്തമാക്കി. കിൻഫ്രയുടെയും, കെഎസ്ഐഡിസിയുടെയും ഭൂമി വിതരണ ചട്ടങ്ങൾ പരിഷ്കരിച്ചാണ് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. ഇതോടെ പാട്ട കാലവധി 90 വർഷമാക്കും.
നിലവിൽ കിൻഫ്രയിൽ നിന്ന് വ്യവസായിക സംരംഭങ്ങൾക്ക് 30 മുതൽ 60 വർഷം വരെയാണ് പാട്ടക്കാലവധി അനുവദിച്ചിരുന്നത്. പാട്ടത്തുകയുടെ 10 ശതമാനം മൂൻകൂറായും 50 ശതമാനം ഒരു മാസത്തിനകം നൽകുകയും വേണം. ബാക്കി തുക പലിശയടക്കം രണ്ട് വർഷം കൊണ്ട് രണ്ട് ഗഡുക്കളായും അടക്കണമെന്നാണ് നിയമം.
ഭേദഗതി നിലവിൽ വരുന്നതോടെ എല്ലാ നിക്ഷേപകർക്കും 60 വർഷത്തേക്ക് ഭൂമി അനുവദിക്കും. 100 കോടി രൂപയ്ക്ക് മുകളിലെ നിക്ഷേപമാണെങ്കിൽ 90 വർഷം വരെ കാലാവധിയിൽ ഭൂമി അനുവദിക്കും. കുറഞ്ഞത് 10 ഏക്കർ ഭൂമിയാണ് ഇത്തരത്തിൽ അനുവദിക്കുക.