
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെതിരായ സിബിഐയുടെ ഹർജി ഹൈക്കോടതി തള്ളി. ശിവകുമാറിനെതിരായ അഴിമതി ആരോപണങ്ങളിൽ സിബിഐ അന്വേഷണത്തിനുള്ള അനുമതി പിൻവലിക്കാനുള്ള സിദ്ധരാമയ്യ സർക്കാരിൻ്റെ തീരുമാനത്തെ ചോദ്യം ചെയ്ത്, കേന്ദ്ര അന്വേഷണ ഏജൻസിയും പ്രതിപക്ഷ ബിജെപി എംഎൽഎ ബസംഗൗഡ പാട്ടീൽ യത്നാലും സമർപ്പിച്ച ഹർജികളാണ് കോടതി തള്ളിയത്. നിലനിൽക്കാത്തത് എന്ന് പറഞ്ഞാണ് കോടതി ഹർജി തള്ളിയത്. കഴിഞ്ഞയാഴ്ച അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി ഡി.കെ. ശിവകുമാർ ലോകായുക്ത പൊലീസിന് മുന്നിൽ ഹാജരായിരുന്നു.
സ്വത്ത് സമ്പാദന കേസിൽ ശിവകുമാറിനെതിരെ സിബിഐ ഫയൽ ചെയ്ത എഫ്ഐആർ ചോദ്യം ചെയ്തുള്ള ഡി.കെ ശിവകുമാറിൻ്റെ ഹർജി ജൂലൈ 15ന് കോടതി തള്ളിയിരുന്നു. സിബിഐക്കെതിരായ ഹർജി തള്ളിയ സുപ്രീം കോടതി നടപടി അന്യായമെന്ന് ശിവകുമാർ പ്രതികരിച്ചിരുന്നു. ഇതൊരു തിരിച്ചടിയാണെന്നും, അന്യായ നടപടിയാണെന്നും ശിവകുമാർ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം, ഒരു പൊതു പരിപാടിക്കിടെ അനധികൃത സ്വത്ത് സമ്പാദനക്കേസിലെ കോടതി വിധി ദൈവത്തിൻ്റെ വിധിയെന്ന പോലെ സ്വാഗതം ചെയ്യുമെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞിരുന്നു.
READ MORE: ഹുറൂണ്‍ സമ്പന്നപ്പട്ടിക: മലയാളികളില്‍ വീണ്ടും ഒന്നാമതെത്തി യൂസഫലി