
ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശത്തിൽ പി.സി. ജോർജ് കോടതിയിൽ കീഴടങ്ങി. രാവിലെ 11 മണിയോടെ അഭിഭാഷകനൊപ്പം ഈരാറ്റുപേട്ട കോടതിയിൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരായി കീഴടങ്ങുകയായിരുന്നു. പി.സി. ജോർജിനെ ഇന്ന് അറസ്റ്റ് ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടയിലാണ് ബിജെപി നേതാവ് കീഴടങ്ങിയത്.
പി.സി ജോർജ് ഇന്ന് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരാകും എന്നാണ് മകൻ ഷോൺ ജോർജ് നേരത്തെ അറിയിച്ചിരുന്നത്. സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകില്ലെന്നും ഷോൺ വ്യക്തമാക്കി. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ പി.സിയെ ഉടൻ അറസ്റ്റ് ചെയ്യാൻ ഡിജിപി നിർദേശിച്ചിരുന്നു.
ഈരാറ്റുപേട്ട പൊലീസാണ് പി.സി. ജോർജിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. മുസ്ലീം മതവിഭാഗത്തെ ആക്ഷേപിക്കുന്ന രീതിയിൽ പരാമർശം നടത്തിയെന്നായിരുന്നു പി.സി. ജോർജിനെതിരായ പരാതി. തൊടുപുഴ മുസ്ലീം ലീഗ് കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. 33 വർഷം എംഎൽഎ ആയിരുന്ന ആളിൽ നിന്നുണ്ടായത് മോശം സമീപനമാണെന്ന് നിരീക്ഷിച്ചായിരുന്നു സെഷൻസ് കോടതി ജാമ്യം നിഷേധിച്ചത്.
2024 ജനുവരി ആറിന് നടന്ന ചാനൽ ചർച്ചയിൽ, ഇന്ത്യയിലെ മുസ്ലീങ്ങളെല്ലാം മതവർഗീയവാദികളാണെന്ന് പറഞ്ഞ പി.സി. ജോർജ് ഇവർ പാകിസ്താനിലേക്ക് പോകണം എന്നും പറഞ്ഞിരുന്നു. മുസ്ലീങ്ങൾ ആയിരക്കണക്കിന് ഹിന്ദുകളെയും ക്രിസ്ത‍്യാനികളെയും കൊന്നു. ഈരാറ്റുപേട്ടയിൽ മുസ്ലീം വർഗീയത ഉണ്ടാക്കിയാണ് തന്നെ തോൽപ്പിച്ചത് എന്നും പി.സി. ജോർജ് ആരോപിച്ചിരുന്നു. പ്രസ്താവന വലിയ വിവാദമായതോടെ യൂത്ത് ലീഗ് പരാതി നൽകുകയായിരുന്നു.
മതവിദ്വേഷം ഗുരുതര കുറ്റകൃത്യമായി തന്നെ കണക്കാക്കണമെന്നാണ് പി.സി. ജോർജിന്റെ ജാമ്യ കേസിൽ വാദം കേട്ട കോടതി പറഞ്ഞത്. കേന്ദ്ര സർക്കാർ ഇതിനനുസരിച്ച് നിയമനിർമാണം നടത്തേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. പി.സി. ജോർജിനെതിരെ കടുത്ത നിരീക്ഷണങ്ങളാണ് കോടതി മുന്നോട്ടുവെച്ചത്. പി.സി. ജോര്‍ജിനെതിരെ പ്രഥമദൃഷ്ട്യാ മതവിദ്വേഷ പരാമര്‍ശക്കുറ്റം നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. പൊതുമധ്യത്തില്‍ മാപ്പുപറഞ്ഞ് കുറ്റകൃത്യത്തെ ലഘൂകരിക്കാനാവില്ല. മാപ്പുപറഞ്ഞ് കുറ്റകൃത്യത്തെ കഴുകിക്കളയാനാവില്ല. അങ്ങനെയുള്ള മാപ്പപേക്ഷ അംഗീകരിക്കാനാവില്ലെന്നും ഹൈക്കോടതി അറിയിച്ചു. 30 വര്‍ഷം എംഎല്‍എ ആയിരുന്നയാളുടെ പരാമര്‍ശങ്ങള്‍ പൊതുസമൂഹം കാണുന്നുണ്ട്.
സമൂഹത്തിലെ റോള്‍ മോഡലുകളാണ് രാഷ്ട്രീയ നേതാക്കള്‍. ഭരണഘടനാ ആശയമായ മതേതരത്വത്തെ ബാധിക്കുന്നതാണ് പരാമര്‍ശം. ഇത്തരം പരാമര്‍ശങ്ങള്‍ മുളയിലേ നുള്ളണം. കുറ്റക്കാർക്ക് പിഴയടച്ച് രക്ഷപെടാന്‍ അവസരമൊരുക്കരുത്. ശിക്ഷാവിധി ഉയര്‍ത്തുന്ന കാര്യം നിയമ കമ്മീഷനും പാര്‍ലമെന്റും പരിശോധിക്കണം. പിസി ജോര്‍ജ്ജ് നിരന്തരം മതവിദ്വേഷ പ്രസംഗം നടത്തി. ജാമ്യം നല്‍കിയാല്‍ അത് തെറ്റായ സന്ദേശമാകുമെന്നും കോടതി നിരീക്ഷിച്ചു.
സമാനമായ നാല് കേസുകൾ പി.സി. ജോർജിനെതിരെ ഉണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. സമാനമായ കേസിൽ നേരത്തെ ജാമ്യം അനുവദിക്കുമ്പോൾ ഇത്തരത്തിലുള്ള സംഭവങ്ങൾ ഇനി ആവർത്തിക്കരുതെന്ന് കോടതി താക്കീത് നൽകിയിരുന്നു. എന്നാൽ, വീണ്ടും കുറ്റകൃത്യം ആവർത്തിച്ച സാഹചര്യത്തിൽ ഇനി മുൻകൂർ ജാമ്യം നൽകരുതെന്ന് കോടതിയെ സർക്കാർ അറിയിച്ചു.