'SFI യൂണിറ്റ് സെക്രട്ടറിയെ ആക്രമിച്ചത് കൊല്ലണമെന്ന ഉദ്ദേശത്തോടെ'; ഡി-സോണ്‍ സംഘര്‍ഷത്തിൽ KSU നേതാക്കളെ കുരുക്കി റിമാന്‍ഡ് റിപ്പോര്‍ട്ട്

ഡി - സോൺ കലോത്സവത്തിലെ അപാകത ചോദ്യം ചെയ്തതിലുള്ള വിരോധത്തിലാണ് കെഎസ്‌യു നേതാക്കള്‍ അക്രമം നടത്തിയതെന്നും റിമാൻഡ് റിപ്പോര്‍ട്ടിൽ പറയുന്നു
'SFI യൂണിറ്റ് സെക്രട്ടറിയെ ആക്രമിച്ചത് കൊല്ലണമെന്ന ഉദ്ദേശത്തോടെ'; ഡി-സോണ്‍ സംഘര്‍ഷത്തിൽ KSU നേതാക്കളെ കുരുക്കി റിമാന്‍ഡ് റിപ്പോര്‍ട്ട്
Published on

കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിന് ഇടയിൽ നടന്ന സംഘർഷത്തില്‍ റിമാൻഡ് റിപ്പോർട്ട് പുറത്ത്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂരിന്റെ നേതൃത്വത്തില്‍ ആക്രമിച്ചത് കൊല്ലണമെന്ന ഉദ്ദേശത്തോടെയാണെന്ന് റിമാൻഡ് റിപ്പോര്‍ട്ടിൽ പറയുന്നു.

അക്രമത്തില്‍ പരിക്കേറ്റ് നിലത്തുവീണ ആശിഷ് കൃഷ്ണനെ അസഭ്യം വിളിച്ച് മുളവടി കൊണ്ട് തലയിലും ചെവിയിലും അടിച്ചത് ഒന്നാം പ്രതി ഗോകുല്‍ ഗുരുവായൂരാണ്. രണ്ടാം പ്രതി അശ്വിനാണ് ഇരുമ്പു വടി കൊണ്ട് ആശിഷിന്‍റെ ഷോൾഡറില്‍ അടിച്ചത്. മൂന്നാം പ്രതി ആദിത്യനാണ് ആശിഷിനെ തടഞ്ഞുനിര്‍ത്തി മുഖത്തടിച്ച് നിലത്തു വീഴ്ത്തിയത്. ഡി സോൺ കലോത്സവത്തിലെ അപാകത ചോദ്യം ചെയ്തതിലുള്ള വിരോധത്തിലാണ് കെഎസ്‌യു നേതാക്കള്‍ അക്രമം നടത്തിയതെന്നും റിമാൻഡ് റിപ്പോര്‍ട്ടിൽ പറയുന്നു.

കഴിഞ്ഞ ദിവസമാണ് പ്രതികളായ കെഎസ്‌യു നേതാക്കളെ ഇരിങ്ങാലക്കുട സബ് ജയിലിൽ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. ചാലക്കുടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. ഗോകുൽ ഗുരുവായൂർ, സംസ്ഥാന നേതാക്കളായ സുദേവ്, സച്ചിൻ എന്നിവരെയാണ് റിമാൻഡ് ചെയ്തത്. കേസിലെ മറ്റു പ്രതികൾക്കായി മാള പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. കെഎസ്‌യു നേതാക്കളെ ആക്രമിച്ച കേസിൽ എസ്എഫ്ഐ പ്രവർത്തകർക്കായും അന്വേഷണം നടക്കുന്നുണ്ട്. പ്രതികൾ എന്ന് സംശയിക്കുന്നവരുടെ വീടുകളിൽ കൊരട്ടി പൊലീസ് പരിശോധന നടത്തിയിരുന്നു.

മാള ഹോളി ​ഗ്രേസ് കോളേജില്‍ നടന്ന കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിനിടെ മത്സരഫലം ചോദ്യം ചെയ്താണ് വിദ്യാർഥികൾ ഏറ്റുമുട്ടിയത്. കെഎസ്‌യു-എസ്‍എഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടിയതോടെ പൊലീസ് എത്തി. സംഭവത്തിൽ 20 ഓളം പേർക്ക് പരിക്കേറ്റു. കലോത്സവത്തിലെ സ്കിറ്റ് മത്സരത്തിനു പിന്നാലെയാണ് സംഘർഷമുണ്ടായത്. പൊലീസ് ലാത്തി വീശിയതോടെയാണ് സംഘർഷം അയഞ്ഞത്. തുടർന്ന് കലോത്സവം നിർത്തിവെക്കുകയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com