വയലിനെയും സംഗീതത്തെയും നെഞ്ചോട് ചേര്‍ത്ത മാന്ത്രികന്‍; ബാലഭാസ്കറിന്‍റെ ഓര്‍മ്മകള്‍ക്ക് 6 വയസ്

വയലിന്‍ കമ്പികളില്‍ നാദവിസ്മയം തീര്‍ത്ത, ഒരു തലമുറ ആഘോഷിച്ച ബാലുവിനെ, മരണം ഒരു വാഹനാപകടത്തിന്‍റെ രൂപത്തില്‍ കവര്‍ന്നെടുക്കുകയായിരുന്നു.
വയലിനെയും സംഗീതത്തെയും നെഞ്ചോട് ചേര്‍ത്ത മാന്ത്രികന്‍; ബാലഭാസ്കറിന്‍റെ ഓര്‍മ്മകള്‍ക്ക് 6 വയസ്
Published on

ഒരു തലമുറയ്ക്ക് വയലിന്‍ എന്ന സംഗീതോപകരണത്തിന്‍റെ മറുപേരായി മാറിയ ഒരു മനുഷ്യന്‍ വിടപറഞ്ഞിട്ട് ഇന്നേക്ക് ആറ് വര്‍ഷങ്ങള്‍ തികയുന്നു. സംഗീതം പ്രാണനായിരുന്ന, ഒരു പുഞ്ചിരി കൊണ്ട് ആരുടെയും മനസില്‍ കയറി കൂടിയ ബാലഭാസ്കര്‍ എന്ന സംഗീത വിസ്മയത്തെ എങ്ങനെയാണ് മലയാളിക്ക് മറക്കാനാവുക. വയലിന്‍ കമ്പികളില്‍ നാദവിസ്മയം തീര്‍ത്ത, ഒരു തലമുറ ആഘോഷിച്ച ബാലുവിനെ മരണം ഒരു വാഹനാപകടത്തിന്‍റെ രൂപത്തില്‍ കവര്‍ന്നെടുക്കുകയായിരുന്നു.

സംഗീതജ്ഞന്‍ ബാലഭാസ്കറും കുടുംബവും വാഹനാപകടത്തില്‍ പ്പെട്ടു എന്ന വാര്‍ത്തകേട്ട് ഞെട്ടലോടെയാണ് കേരളം ഒന്നടങ്കം 2018 സെപ്റ്റംബര്‍ 25ന് ഉണര്‍ന്നത്. തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ച് നടന്ന അപകടത്തില്‍ ഏക മകള്‍ തേജസ്വിനി ബാലയെ ബാലുവിനും ഭാര്യ ലക്ഷ്മിക്കും നഷ്ടപ്പെട്ടു. ബാലുവിന്‍റെ മടങ്ങിവരവിനായി കേരളം ഒന്നടങ്കം പ്രാര്‍ത്ഥനയോടെ കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല.

വളരെ ചെറുപ്പത്തില്‍ തന്നെ സംഗീതലോകത്ത് സജീവമായിരുന്നു ബാലഭാസ്കര്‍. മംഗല്യപ്പല്ലക്ക് എന്ന സിനിമയിലൂടെ സംഗീത സംവിധായകനാകുമ്പോള്‍ ബാലുവിന്‍റെ പ്രായം പതിനേഴ് വയസ്. ഈസ്റ്റ് കോസ്റ്റ് വിജയന്‍റെ പ്രശസ്തമായ പ്രണയഗാന ആല്‍ബങ്ങള്‍ ബാലഭാസ്കറിന്‍റെ സംഗീതത്തെ കൂടിയാണ് അടയാളപ്പെടുത്തിയത്.'നിനക്കായ് തോഴീ പുനർജനിക്കാം ഇനിയും ജന്മങ്ങൾ ഒന്നുചേരാൻ' എന്ന ഗാനം ഇന്നും ജനപ്രിയമാണ്.

സിനിമയുടെ ഭ്രമിപ്പിക്കുന്ന വെള്ളിവെളിച്ചത്തിന് അപ്പോഴും ബാല ഭാസ്കറിലെ സംഗീതജ്ഞന്‍ അടിമപ്പെട്ടിരുന്നില്ല. വയലിനെയും സംഗീതത്തെയും നെഞ്ചോട് ചേര്‍ത്ത് പിടിച്ച് വേദികളില്‍ നിന്ന് വേദികളിലേക്കായിരുന്നു ആ യാത്ര. സൂര്യ ഫെസ്റ്റിവലിനായി ബാലഭാസ്കര്‍ ഒരുക്കി നല്‍കിയ തീം മ്യൂസിക് മാത്രം മതി എത്രമാത്രം ജീനിയസ് ആയിരുന്നു ആ മനുഷ്യനെന്ന് ഒരു സംഗീത പ്രേമിക്ക് തിരിച്ചറിയാന്‍.

പെരുമാറ്റത്തിലെ സൗമ്യതയായിരുന്നു ബാലഭാസ്കറിനെ ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയനാക്കിയ മറ്റൊരു സവിശേഷത. നിലപാടുകള്‍ തുറന്നുപറയുമ്പോഴും ഈ സൗമ്യത അദ്ദേഹം കൈവിട്ടിരുന്നില്ല. മരണപ്പെട്ടതിന് ശേഷവും ബാലഭാസ്കറിന്‍റെ ജനപ്രീതി മങ്ങിയില്ല. സംഗീതം കഴിഞ്ഞാല്‍ സൗഹൃദമായിരുന്നു ബാലുവിന്‍റെ ബലഹീനത. കൂട്ടുകാര്‍ക്കൊപ്പമുള്ള ഒരോ നിമിഷവും അത്രമേല്‍ പ്രിയപ്പെട്ടതായിരുന്ന ബാലഭാസ്കറിന്.

ആ വയലിന്‍ നാദം നിലച്ചിട്ട് ആറ് വര്‍ഷങ്ങള്‍ ആയിരിക്കുന്നുവെന്ന് തെല്ലൊരു നൊമ്പരത്തോടെയല്ലാതെ ആര്‍ക്കും ഓര്‍ക്കാന്‍ ആവില്ല. കാരണം ആ സംഗീതവും അതിന്‍റെ സൃഷ്ടവും മലയാളിക്ക് വിലപ്പെട്ടതായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com