ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകള്‍ക്ക് ഒരാണ്ട്

സമാനതകളില്ലാത്ത കൂരമ്പുകളേറ്റിട്ടും പരിഭവമേതുമില്ലാതെ കടന്നുപോയ രാഷ്ട്രീയ നേതാവ്
oc bg
oc bg
Published on

എപ്പോഴും സഹയാത്രികരായ ആള്‍ക്കൂട്ടത്തെ തനിച്ചാക്കി, ഉമ്മൻ ചാണ്ടി ഓർമയായിട്ട് ഒരു വർഷം. കേരളം അന്നോളം കണ്ടിട്ടില്ലാത്ത മറ്റൊരു ആള്‍ക്കൂട്ടത്തെ അവസാനയാത്രയില്‍ ഒപ്പം നടത്തിയ ആ മടക്കം ഇപ്പോഴുമുണ്ട് മലയാളത്തിന്റെ ഈറനണിഞ്ഞ കണ്ണുകളില്‍. നടപ്പിലും എടുപ്പിലും ചിരിയിലും മൂളലിലും പോലും രാഷ്ട്രീയം നിറഞ്ഞു കവിഞ്ഞ ഒരു മനുഷ്യന്‍. ആ മനുഷ്യന്‍ ജീവിതാവസാനം വരെ ഏറ്റുവാങ്ങിയ കല്ലേറുകളും ചെറുതല്ലായിരുന്നു. വിടപറയുന്നതിന് തൊട്ടുമുന്‍പ് ഉമ്മന്‍ ചാണ്ടി പൂര്‍ത്തിയാക്കിയ അദ്ദേഹത്തിന്‍റെ ആത്മകഥ കാലം സാക്ഷി പുറത്തിറങ്ങിയത് വിയോഗത്തിന് ആഴ്ചകൾക്കിപ്പുറമാണ്. ആള്‍ക്കൂട്ടത്തിന് നടുവില്‍ ജീവിച്ചൊരു മനുഷ്യന്റെ സത്യസാക്ഷ്യമാണ് ആ പുസ്തകം.

‘ഇപ്പോള്‍ സത്യങ്ങള്‍ ഓരോന്നായി പുറത്തു വരികയാണ്. ഇനിയും പലതും തെളിഞ്ഞുവരാനുണ്ട്. ചിലപ്പോള്‍ അത് എന്റെ കാലശേഷമായിരിക്കും. സത്യത്തെ സംശയത്തിന്റെ പുകമറയില്‍ എക്കാലവും ഒളിച്ചുവെക്കാനാവില്ല...’ പുസ്തകത്തിലെ ഉമ്മന്‍ചാണ്ടിയുടെ വരികളാണ്. പത്രപ്രവര്‍ത്തകനായ സണ്ണിക്കുട്ടി എബ്രഹാം തയ്യാറാക്കിയ പുസ്തകത്തിലെ 17 പേജ് നീളുന്ന സോളാര്‍ എന്ന ഭാഗം, സോളാര്‍ അഴിമതി വിവാദ കാലത്തെ ആരോപണങ്ങള്‍ അദ്ദേഹത്തെ എത്രമാത്രം തകര്‍ത്തു എന്ന് വ്യക്തമാക്കുന്നുണ്ട്. മണ്‍പുറ്റിനെ മഹാപര്‍വതമായി വളര്‍ത്തിയെടുത്ത സോളാര്‍ വിവാദമെന്നാണ് അതേക്കുറിച്ച് അദ്ദേഹം ആത്മകഥയിൽ പറയുന്നത്.

വിവാദം കൊടുംപിരികൊണ്ട കാലത്ത് പലതവണ അദ്ദേഹം പൊതുസമൂഹത്തെ പറഞ്ഞ് ധരിപ്പിക്കാന്‍ ശ്രമിച്ചതെല്ലാം ഇവിടെ അക്ഷരരൂപം പൂണ്ട് നില്‍ക്കുന്നു. നിരപരാധി, വേട്ടയാടപ്പെട്ട ഇര എന്നതിനൊക്കെ അപ്പുറം തന്റെ ജീവിത്തിലുടനീളം അദ്ദേഹം കാണിച്ച മാന്യത, മര്യാദ, സഭ്യത.. എല്ലാം ഈ പുസ്തകത്തിലും തെളിഞ്ഞ് നില്‍ക്കുന്നു. ബിജു രാധാകൃഷ്ണന്റെ വരവ്, വിവാദങ്ങളുടെ തുടക്കം, സെക്രട്ടേറിയറ്റ് വളയല്‍, പകതീര്‍ക്കാന്‍ ശ്രമം, വിശേഷപ്പെട്ട ശിവരാജന്‍ കമ്മീഷന്‍, കോയമ്പത്തൂര്‍ യാത്ര, എതിരാളികള്‍ക്ക് ആശ്രയമായ കത്തും ചവറ്റുകൊട്ടയിലായി, ക്രൈംബ്രാഞ്ചിന്റെ വരവ്, കുറ്റവിമുക്തനാക്കി സിബിഐ, കത്തിന്റെ പിന്നിലെ കഥ, പച്ചത്തുരുത്തുകള്‍ എന്നിങ്ങനെ പല തലക്കെട്ടുകളില്‍ സോളാര്‍ വഴികളിലെ ഓരോ സംഭവങ്ങളെക്കുറിച്ചും കൃത്യവും വ്യക്തവുമായുള്ള സ്വന്തം വിശദീകരണം അദ്ദേഹം പുസ്തകത്തില്‍ തുറന്നുവയ്ക്കുന്നു.

ബിജു രാധാകൃഷ്ണനുമായുള്ള അടച്ചിട്ട മുറിയിലെ സംഭാഷണം എന്ന് മാധ്യമങ്ങള്‍ പൊലിപ്പിച്ച വാര്‍ത്തയെക്കുറിച്ച് വിശദമായി തന്നെ അദ്ദേഹം പറയുന്നുണ്ട്. എറണാകുളത്തെ പ്രമുഖ പത്രത്തിന്റെ മാര്‍ക്കറ്റിങ് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയുമൊത്ത് ബിജു രാധാകൃഷ്ണന്‍ കാണാന്‍ വന്നു. അയാള്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട് ഞാന്‍ ഞെട്ടി. ഒരു സഹപ്രവര്‍ത്തകനെക്കുറിച്ചുള്ള ഗുരുതരമായ ആരോപണങ്ങളായിരുന്നു അത്. ഞാന്‍ ഇതാരോട് പറയും. എനിക്ക് ഇക്കാര്യത്തില്‍ എന്ത് ചെയ്യാനാവും? ഇന്നും പുറത്തറിയാതെ പോയ ആ മഹാരഹസ്യത്തെപ്പറ്റി ഉമ്മന്‍ചാണ്ടിയുടെ ആകുലത ഇങ്ങനെ നീണ്ടു.

നിയമസഭയില്‍ വിഷയം കത്തിച്ചു നിര്‍ത്തിയ പ്രതിപക്ഷത്തിന് പുതിയ ആയുധം കിട്ടി. എന്തിനെക്കുറിച്ചാണ് സംസാരിച്ചതെന്ന ചോദ്യത്തിന് മുന്നില്‍ നിസ്സഹായനായി. സത്യം വെളിപ്പെടുത്താന്‍ പ്രിയപ്പെട്ടവരുടെ സമ്മര്‍ദ്ദമുണ്ടായി. അപ്പോഴും നിശബ്ദത പാലിച്ചു. സഹപ്രവര്‍ത്തകന്റെ അഭിമാനത്തിന് ക്ഷതമുണ്ടാക്കരുതെന്ന് തീര്‍ച്ചപ്പെടുത്തിയായിരുന്നു ആ മൗനമെന്ന് അദ്ദേഹം സമ്മതിക്കുന്നു. അതൊരിക്കലും തനിക്കെതിരെ ഇങ്ങനെ തിരിഞ്ഞ് കൊത്തുമെന്ന് ഉമ്മന്‍ ചാണ്ടി അന്ന് വിചാരിച്ചിട്ടുണ്ടാകില്ല.

നെറ്റിയിലെ മുറിപ്പാടായി മാറിയ കല്ലേറിന്റെ അനുഭവവും അദ്ദേഹം പറയുന്നു. അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കുമുന്നില്‍ മുട്ടുമടക്കില്ലെന്നായപ്പോള്‍ സിപിഎം കായികമായി നേരിട്ടു. അതാണ് കണ്ണൂരില്‍ തന്റെ വാഹനവ്യൂഹത്തിനു നേരെയുണ്ടായ കല്ലേറ്. നിസ്സാരമായി കാണാനും മറക്കാനും ശ്രമിച്ചു. അക്രമം തങ്ങളുടെ രീതിയല്ലെന്നു പിണറായി വിജയന്‍ പറഞ്ഞത് ഒരു തമാശപോലെ ആസ്വദിച്ചു. സോളാര്‍ കേസ് അന്വേഷിക്കാനായി രൂപീകരിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മീഷനെ ഒരു വിശേഷപ്പെട്ട കമ്മീഷന്‍ എന്നാണ് പുസ്തകത്തില്‍ ഉമ്മന്‍ ചാണ്ടി വിശേഷിപ്പിക്കുന്നത്. അനിതരസാധാരണമായ നടപടികള്‍ക്ക് വേദിയായ കമ്മീഷന്‍. തന്നെ അപമാനിക്കാന്‍ പറ്റിയ അവസരമായി സിപിഎം അതിനെ കണ്ടു. ശിവരാജൻ കമ്മീഷനെ ഇങ്ങനെയാണ് ഉമ്മന്‍ചാണ്ടി വിമർശിക്കുന്നത്.

കേസില്‍ തെളിവായ ലൈംഗിക ദൃശ്യങ്ങള്‍ അടങ്ങുന്ന സിഡിയും പെന്‍ഡ്രൈവും തേടിയുള്ള ബിജു രാധാകൃഷ്ണന്റെ യാത്ര. അഭിഭാഷകരുടെയും പൊലീസുകാരുടെയും അകമ്പടിയോടെയുള്ള യാത്ര. വാര്‍ത്താ ചാനലുകളുടെ ആഘോഷം. കേരളത്തിനാകെ കൗതുകകാഴ്ച. അപ്പോള്‍ ഡല്‍ഹിയിലായിരുന്ന തനിക്ക് ഇതെല്ലാം കണ്ട് ചിരിയാണ് വന്നത്. ഇല്ലാത്ത സിഡി തേടിയൊരു വിഫലയാത്ര. ഉമ്മൻചാണ്ടി കോളിളക്കം സൃഷ്ടിച്ച, സംഭവബഹുലമായ കോയമ്പത്തൂര്‍ യാത്രയെ അവതരിപ്പിക്കുന്നത് ഇങ്ങനെ.

കുറ്റാരോപിതയുടെ കത്തായിരുന്നു ഈ കേസിലെ ആകെ ആശ്രയം. 21 പേജുള്ള ആദ്യ കത്ത് പിന്നീട് 25 പേജാകുന്നു. പത്രസമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടിയ ഈ കത്തിലാണ് തനിക്കെതിരായ ഏറ്റവും ഹീനമായ ആരോപണം. ഒടുവില്‍ ആ കത്ത് ചവറ്റുകൊട്ടയിലായത് എങ്ങനെയെന്നും അദ്ദേഹം വിശദീകരിക്കുന്നു. 21 പേജുള്ള കത്ത് 25 ആയതിന് പിന്നില്‍ മുന്‍ മന്ത്രി കെ.ബി.ഗണേഷ് കുമാറും കുറ്റാരോപിതയുമാണെന്ന് കോടതി കണ്ടെത്തിയെന്നും അദ്ദേഹം പറയുന്നു.

'ഒരു സത്യവുമില്ലാത്ത കാര്യത്തില്‍ ആര് എന്തൊക്കെ ശ്രമിച്ചാലും വിജയിക്കില്ലെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ടായിരുന്നു’. ആത്മകഥയുടെ തലക്കെട്ട് പോലെ എല്ലാത്തിനും കാലം സാക്ഷിയാകുന്നു. ഒരാണ്ടിനിപ്പുറം ഉമ്മന്‍ചാണ്ടിയുടെ ആത്മകഥാപുസ്തകത്തിന് വായനക്കാര്‍ ഏറെയാണ്. ഇന്നത് ഒരു മുന്‍ മുഖ്യമന്ത്രിയുടെ ജീവിതകഥ മാത്രമല്ല, വിമര്‍ശനങ്ങള്‍ ഏറെയുണ്ടെങ്കിലും, മനുഷ്യസ്നേഹിയായ ഒരു ഭരണാധികാരിയുടെ സംഭവബഹുലമായ ജീവിതത്തെ അടയാളപ്പെടുത്തുന്നു അത്.

സമാനതകളില്ലാത്ത കൂരമ്പുകളേറ്റിട്ടും ഒരു പരിഭവവുമില്ലാതെ കടന്ന് പോയ ഒരു രാഷ്ട്രീയ നേതാവ് എന്ന് തന്നെയാണ് കാലം അദ്ദേഹത്തെ അടയാളപ്പെടുത്തുന്നത്. രാഷട്രീയ നേതാവ് എന്നതിലുപരി ഇങ്ങനെയൊരു മനുഷ്യൻ ഇനി ഈ ഭൂലോകത്ത് ഉണ്ടാകുമോ എന്ന് ചിന്തിച്ചാൽപ്പോലും അതിൽ അതിശയോക്തി ഉണ്ടാകില്ല. ഉമ്മന്‍ചാണ്ടിയുടെ അസാന്നിധ്യം കേരളം പലമട്ടില്‍ തിരിച്ചറിയുന്ന ഈ കാലത്ത് വിശേഷിച്ചും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com