പ്രശസ്ത ഹൃദയശസ്ത്രക്രിയാ വിദഗ്ധൻ ഡോ. എം.എസ്. വല്യത്താൻ അന്തരിച്ചു

മണിപ്പാൽ ആശുപത്രിയിൽ ഇന്നലെ രാത്രിയിൽ ആയിരുന്നു അന്ത്യം
ഡോ. എം.എസ്. വല്യത്താൻ (ഫയൽ ഫോട്ടോ)
ഡോ. എം.എസ്. വല്യത്താൻ (ഫയൽ ഫോട്ടോ)
Published on

ലോകപ്രശസ്ത ഹൃദയശസ്ത്രക്രിയാ വിദഗ്ധൻ ഡോ. എം.എസ്. വല്യത്താൻ (90) അന്തരിച്ചു. മണിപ്പാൽ ആശുപത്രിയിൽ ഇന്നലെ രാത്രിയിൽ ആയിരുന്നു അന്ത്യം. മാവേലിക്കര രാജകുടുംബത്തിലെ മാർത്താണ്ഡവർമയുടെയും ജാനകിയമ്മയുടെയും മകനായി 1934 മേയ് 24നായിരുന്നു ജനനം. മാർത്താണ്ഡവർമ ശങ്കരൻ വല്യത്താൻ എന്നാണ് മുഴുവൻ പേര്.


തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആദ്യ ബാച്ചിലാണ് അദ്ദേഹം ബിരുദം നേടിയത്. ഒന്നാം ക്ലാസോടെ ബിരുദം പൂർത്തിയാക്കിയതിനു ശേഷം ഇംഗ്ലണ്ടിലും അമേരിക്കയിലും ഉപരിപഠനം നടത്തി. ചണ്ഡിഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ടിലും മദ്രാസ് ഐഐടിയിലും ജോലിചെയ്തു.


1974ൽ മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോന്റെ നിര്‍ദേശപ്രകാരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത് ഡോ. വല്യത്താനാണ്. വല്യത്താനായിരുന്നു ആദ്യ ഡയറക്ടർ. രാജ്യത്തെ ആദ്യ കൃത്രിമ ഹൃദയവാൽവ്, ബ്ലഡ് ബാഗ്, ഓക്സിജനേറ്റർ എന്നിവയെല്ലാം അദ്ദേഹത്തിൻ്റെ നേതൃത്വത്തിലാണ് ശ്രീചിത്രയിലെ ബയോമെഡിക്കൽ വിഭാഗത്തിൽ നിർമിച്ചത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നിർമിച്ച ഉപകരണങ്ങളാണ് രാജ്യത്തെ ഹൃദ്രോഗ ചികിത്സാ ചെലവ് കുറയ്ക്കാൻ സഹായിച്ചത്.


വൈദ്യ ശാസ്ത്രത്തിന് നൽകിയ സംഭാവനകൾക്ക് രാജ്യം അദ്ദേഹത്തെ പത്മവിഭൂഷനും പത്മശ്രീയും നൽകി ആദരിച്ചു. ഇന്ത്യൻ സയൻസ് അക്കാദമിയുടെ ധന്വന്തരി പ്രൈസ്, ഓംപ്രകാശ് ഭാസിൻ ദേശീയ അവാർഡ്, ആർ.ഡി. ബിർല അവാർഡ്, ജവാഹർലാൽ നെഹ്റു പുരസ്കാരം, സംസ്ഥാന സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക അവാർഡ് തുടങ്ങി ഒട്ടേറെ അംഗീകാരങ്ങൾ ലഭിച്ചു.


നൂറിലേറെ പ്രബന്ധങ്ങൾ അദ്ദേഹത്തിൻ്റേതായി പുറത്തു വന്നിട്ടുണ്ട്. ദേശീയ ശാസ്ത്ര അക്കാദമി അധ്യക്ഷനും, സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗൺസിൽ ഉപാധ്യക്ഷനുമായിരുന്നു. മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ബയോമെഡിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ വിസിറ്റിങ് പ്രഫസർ, കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികളിൽ നാഷനൽ റിസർച്ച് പ്രഫസർ, യുജിസി അംഗം തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. മണിപ്പാല്‍ വാഴ്സിറ്റി ആദ്യ വിസിയും ദേശീയ ശാസ്ത്ര സാങ്കേതിക അക്കാദമി അധ്യക്ഷനുമായിരുന്നു.


അമേരിക്കയിലെയും ബ്രിട്ടനിലെയും തൊറാസിക് സർജൻമാരുടെ സൊസൈറ്റിയിലെ മുതിർന്ന അംഗമായിരുന്നു. ഫ്രഞ്ച് സർക്കാരിന്റെ ഷെവലിയർ പദവിയും ലഭിച്ചിട്ടുണ്ട്.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com