
പ്രശസ്ത വൃക്കരോഗ വിദഗ്ധൻ ഡോ. ജോർജ് പി. അബ്രഹാമിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി ഏറെ വൈകി എറണാകുളത്തെ ഫാം ഹൗസിലാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം ലേക്‌ഷോർ ആശുപത്രിയിലെ വൃക്ക രോഗ വിഭാഗം സീനിയർ സർജനാണ്. ഡോക്ടറുടെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു.
അസുഖങ്ങൾ അലട്ടിയിരുന്നതായും ജോലിയിൽ ശ്രദ്ധ ചെലുത്താനാവുന്നില്ലെന്നുമാണ് ഡോക്ടറുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. ആറുമാസം മുമ്പ് നട്ടെല്ലിന് ശസ്ത്രക്രിയ ചെയ്തിരുന്നു. ഇതിനുശേഷം കൈക്ക് വിറയൽ അനുഭവപ്പെട്ട് തുടങ്ങി. സർജൻ എന്ന നിലയിൽ ഈ ആരോഗ്യ പ്രശ്നങ്ങൾ തന്നെ അലട്ടുന്നു എന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ഷർട്ടിന്റെ പോക്കറ്റിൽ നിന്നാണ് കുറിപ്പ് കണ്ടെടുത്തത്. കയറുമായി ടെറസിലേക്ക് കയറിപ്പോകുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തു.
ഇന്നലെ വൈകീട്ട് സഹോദരനൊപ്പമാണ് നെടുമ്പാശേരിക്ക് അടുത്തുള്ള തുരുത്തിശ്ശേരിയിലെ സ്വന്തം ഫാം ഹൗസിലേക്ക് ജോർജ് പി. അബ്രഹാം
എത്തിയത്. രാത്രിയിൽ ഫാം ഹൗസിൽ ഒറ്റയ്ക്ക് തങ്ങാൻ തീരുമാനിച്ച ഡോക്ടർ സഹോദരനെ പറഞ്ഞയയ്ക്കുകയായിരുന്നു. പിന്നീട് മരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.
മൂവായിരത്തിമുന്നൂറ് വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയ ഡോ. ജോർജ് പി. അബ്രഹാം ലേക്‌ഷോർ ആശുപത്രിയിലെ യൂറോളജി ആൻഡ് റീനൽ ട്രാൻസ്‌പ്ലാന്റ് തലവനും, സീനിയർ കൺസൾട്ടന്റുമാണ്. സംസ്ഥാനത്ത് ഏറ്റവും അധികം വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയിട്ടുള്ള ആളാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)