
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ വാടകയ്ക്ക് എടുക്കേണ്ടി വരുന്നതായി ആരോപണം. ഓർത്തോ വിഭാഗം ശസ്ത്രക്രിയക്കായി ഉപയോഗിക്കുന്ന ബോൺ ഡ്രില്ലിംഗ് മെഷീനുകൾ ഡോക്ടറുടെ നിർദേശപ്രകാരം കൂട്ടിരുപ്പുകാർ വാടകയ്ക്ക് എടുത്തു നൽകുകയാണ്. ഡ്രില്ലിംഗ് മെഷീൻ ഏത് കടയിൽ നിന്ന് എടുക്കണം എന്ന് ഡോക്ടർമാർ നിർദ്ദേശിക്കും. ഭൂരിപക്ഷം ഡോക്ടർമാരും നിർദേശിക്കുന്നത് മെഡിക്കൽ കോളേജ് ജംഗ്ഷനിൽ തന്നെയുള്ള വെൽക്കെയർ സർജിക്കൽസിൽ എന്ന സ്ഥാപനമാണ്.
മെഷീൻ വാടകയ്ക്ക് എടുക്കാനായി ഡോക്ടർ നൽകുന്ന കുറിപ്പിൽ രോഗിയുടെയൊ ഡ്യൂട്ടി ഡോക്ടറുടെയോ പേരുണ്ടാകില്ല. വെള്ള കടലാസിൽ ഉപകരണത്തിൻ്റെ പേരു മാത്രമാണ് കുറിച്ച് നൽകുക. സ്ഥലത്തിൻ്റെ ദൂരം കൂടുന്നതിന് അനുസരിച്ച് മെഷീനുകൾക്കായി രോഗികൾ കൊടുക്കേണ്ട വാടകയും കൂടും. തിരുവനന്തപുരം ജില്ലയിലുള്ളവരാണെങ്കിൽ 3,000 രൂപ മുതൽ 3,500 രൂപ വരെയാണ് വാടക കൊടുക്കേണ്ടത്. കൊല്ലം മുതലുള്ളവർ ഇതിൽ കൂടുതൽ തുക മുടക്കണം. സർജറിക്ക് തലേന്ന് തന്നെ രോഗി സ്ഥാപനത്തിൽ നിന്നും മെഷീൻ വാടകയ്ക്ക് എടുക്കണം. ഡ്രില്ലിംഗ് മെഷീൻ തിരിച്ച് നൽകുമ്പോൾ സെക്യൂരിറ്റിയായി വാങ്ങിയ 1000 രൂപ രോഗികൾക്ക് തിരികെ ലഭിക്കും.
ആവശ്യം ഇല്ലെങ്കിലും സർജറിക്കായി എത്തുന്ന എല്ലാ രോഗികളെ കൊണ്ടും ഡ്രില്ലിംഗ് മെഷീൻ വാടകയ്ക്ക് എടുപ്പിക്കുന്നത് പതിവാണെന്നാണ് രോഗികൾ പറയുന്നത്.ഓർത്തോ, ഇ എൻ ടി, സർജറി എന്നീ വിഭാഗങ്ങളിൽ അടിസ്ഥാനമായി ഉറപ്പ് വരുത്തേണ്ട ശസ്ത്രക്രിയ ഉപകരണമാണ് ഡ്രില്ലിംഗ് മെഷീൻ. സങ്കീർണമായ ശസ്ത്രക്രിയകൾക്ക് ഉപയോഗിക്കേണ്ട ഉപകരണങ്ങൾ വാടകയ്ക്ക് എടുക്കേണ്ടി വരിക എന്നത് തലസ്ഥാന നഗരത്തിലെ മെഡിക്കൽ കോളേജിലെ സംവിധാനങ്ങളുടെ അപര്യാപ്തതകളാണ് ചൂണ്ടിക്കാട്ടുന്നത്.
കേരള മോഡലിന്‍റെ മുഖമുദ്ര തന്നെ ആരോഗ്യമേഖലയാണ്. കേരളത്തിലെ ആരോഗ്യമേഖലയിലെ സേവനങ്ങൾ, സംവിധാനങ്ങൾ എന്നിവയാണ് ഇതിനു കാരണമായി ഉയർത്തിക്കാട്ടുന്നത്. ഈ മികവുകളുടെ തിളക്കത്തിൽ പലപ്പോഴും പോരായ്മകൾ കാണാൻ നമ്മൾ മടിക്കുന്നുണ്ട്. ഇതിന്‍റെ ഉദാഹരണമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ശസ്ത്രക്രിയ വിഭാഗത്തിലെ ഉപകരണങ്ങളുടെ അഭാവം.