യുക്രെയ്ൻ-റഷ്യ യുദ്ധത്തിൽ കൊല്ലപ്പെട്ട സന്ദീപ് ചന്ദ്രൻ്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു

ജില്ല കളക്ടർക്ക് മുതൽ വിദേശകാര്യമന്ത്രാലയത്തിന് വരെ പരാതികൾ നൽകിയുള്ള സന്ദീപിൻ്റെ അച്ഛൻ ചന്ദ്രൻ്റെയും കുടുംബത്തിൻ്റെയും കാത്തിരിപ്പ് തുടങ്ങിയിട്ട് രണ്ടാഴ്ച പിന്നിടുകയാണ്
യുക്രെയ്ൻ-റഷ്യ യുദ്ധത്തിൽ കൊല്ലപ്പെട്ട സന്ദീപ് ചന്ദ്രൻ്റെ  മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു
Published on

യുക്രെയ്ൻ-റഷ്യ യുദ്ധത്തിൽ കൊല്ലപ്പെട്ട മലയാളി സന്ദീപ് ചന്ദ്രൻ്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു. ഓഗസ്റ്റ് 15 ന് സന്ദീപ് മരിച്ചതായി ഇന്ത്യൻ എംബസി സ്ഥിരീകരിച്ചെങ്കിലും മൃതദേഹം വിട്ടു കിട്ടുന്നതിനായുള്ള നടപടികളിൽ പുരോഗതി ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി ഇടപ്പെട്ടതോടെ മൃതദേഹം വേഗം നാട്ടിലെത്തിക്കാമെന്നുള്ള പ്രതീക്ഷയിലാണ് കുടുംബാംഗങ്ങൾ.

ജില്ല കളക്ടർക്ക് മുതൽ വിദേശകാര്യമന്ത്രാലയത്തിന് വരെ പരാതികൾ നൽകിയുള്ള സന്ദീപിൻ്റെ അച്ഛൻ ചന്ദ്രൻ്റെയും കുടുംബത്തിൻ്റെയും കാത്തിരിപ്പ് തുടങ്ങിയിട്ട് രണ്ടാഴ്ച പിന്നിടുകയാണ്. യുദ്ധത്തിൽ മരിച്ച മകൻ്റെ മൃതദേഹം വിട്ടു കിട്ടുന്നതിനായി ഇവർ മുട്ടാത്ത വാതിലുകളില്ല. ഇന്ത്യൻ എംബസിയും വിദേശ കാര്യമന്ത്രാലയവും ഇടപെടുന്നതായി കാട്ടി അറിയിപ്പുകൾ വരുന്നുണ്ടെങ്കിലും വിഷയത്തിൽ പുരോഗതി ഉണ്ടായിട്ടില്ല.  ഇതിനിടെയാണ് മുഖ്യമന്ത്രി വിഷയത്തിൽ നേരിട്ട് ഇടപ്പെട്ടത്. മൃതദേഹം നാട്ടിലെത്തിക്കാനും റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന മലയാളികളെ തിരികെ എത്തിക്കാനും നടപടി ആരംഭിച്ചതായി സർക്കാർ അറിയിപ്പ് ലഭിച്ചതോടെ ചന്ദ്രനും കുടുംബവും വീണ്ടും പ്രതീക്ഷ തുടരുകയാണ്. 

ഏപ്രിൽ രണ്ടിന് ചാലക്കുടിയിലെ ഏജൻ്റ് മുഖേനയാണ് തൃശൂർ തൃക്കൂർ സ്വദേശിയായ സന്ദീപ് ചന്ദ്രൻ റഷ്യയിലെത്തുന്നത്. പിന്നീട് റഷ്യൻ കൂലി പട്ടാളത്തിൽ ചേർന്ന സന്ദീപ് യുക്രെയ്നുമായുള്ള യുദ്ധത്തിനിടെ ഷെല്ലാക്രമണത്തിൽ മരിച്ചതായുള്ള വാർത്തകൾ പുറത്തെത്തി. മലയാളി സംഘടനകളാണ് സന്ദീപിൻ്റെ മരണവാർത്ത ആദ്യം നാട്ടിൽ അറിയിക്കുന്നത്. റെസ്തോവിലെ സൈനിക ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നതെന്നാണ് ഇന്ത്യൻ എംബസി നൽകുന്ന വിവരം .

അതേസമയം സന്ദീപിനൊപ്പം റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന മലയാളികൾ തിരികെ നാട്ടിലെത്താൻ സഹായം അഭ്യർഥിക്കുകയാണ്. ജോലി തേടി എത്തിയപ്പോൾ ചതിക്കപ്പെട്ടതോടെയാണ് സൈന്യത്തിൽ ചേരേണ്ടിവന്നതെന്നും നാട്ടിലെത്തിക്കാൻ സഹായിക്കണമെന്നും കുടുങ്ങിക്കിടക്കുന്നവർ ന്യൂസ് മലയാളത്തോട് പറഞ്ഞു.


തൃശൂർ ചാലക്കുടിയിലെ ഏജന്റ് മുഖേന റഷ്യയിലെത്തിയവരാണ് കുടുങ്ങി കിടക്കുന്ന മലയാളികളെല്ലാം. തൃശൂർ കൊരട്ടി സ്വദേശി സന്തോഷ് ഷൺമുഖൻ , കുട്ടനെല്ലൂർ സ്വദേശി ബിനിൽ , മണലൂർ സ്വദേശി ജെയ്ൻ, എറണാകുളം കുറുമ്പശേരി സ്വദേശി റെനിൽ തോമസ്, കൊല്ലം മേയനൂർ സ്വദേശി സിബി തോമസ് എന്നിവരാണ് സഹായം അഭ്യർത്ഥിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com