
അധികാരികളെ മാറ്റി നിർത്തുന്നത് ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായത്തിലെ പ്രശ്നത്തിന് പരിഹാരമല്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. നീറ്റ്- നെറ്റ് പരീക്ഷാ പേപ്പറുകൾ ചോർന്നതിൽ രാജ്യവ്യാപകമായി പ്രതിഷേധമുയർന്ന സാഹചര്യത്തിൽ നാഷണൽ ടെസ്റ്റിങ്ങ് ഏജൻസി ഡയറ്കടർ ജനറൽ സുബോദി കുമാറിനെ സ്ഥാനത്ത് നിന്ന് നീക്കിയ കേന്ദ്ര നടപടിക്ക് പിന്നാലെയാണ് ഖാർഗെയുടെ പ്രതികരണം. നീറ്റ് അഴിമതി മോദി സർക്കാരിൻ്റെ ഉന്നത ഉദ്യോഗസ്ഥരുടെ പടിവാതിക്കലിൽ നിൽക്കുകയാണെന്നും ഖാർഗെ അഭിപ്രായപ്പെട്ടു.
തൻ്റെ ഔദ്യോഗിക എക്സ് പോസ്റ്റ് വഴിയായിരുന്നു ഖാർഗെ പ്രതിഷേധമറിയിച്ചത്. ബിജെപിയുടെ ജീർണ്ണിച്ച വിദ്യാഭ്യാസ സമ്പ്രദായത്തിലെ പ്രശ്നങ്ങൾക്ക് അധികാരികളെ ഇടിച്ചുനിരത്തുന്നത് ഒരു പരിഹാരമല്ല. ഒരു സ്വയംഭരണ സ്ഥാപനമായാണ് എൻ.ടി.എ അറിയപ്പെട്ടിരുന്നത്. യഥാർത്ഥത്തിൽ ബിജെപിയുടെയും ആർഎസ്എസിൻ്റെയും താൽപര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാനാണ് എൻടിഎ നിലനിൽക്കുന്നതെന്നും ഖാർഗെ എക്സ് പോസ്റ്റിൽ പറയുന്നു. കടലാസ് ചോർച്ച, അഴിമതി, ക്രമക്കേടുകൾ, വിദ്യാഭ്യാസ മാഫിയ എന്നിവ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് നുഴഞ്ഞുകയറിയിട്ടുണ്ടെന്നും ഖാർഗെ അഭിപ്രായപ്പെട്ടു.
വിദ്യാർത്ഥികൾക്ക് നീതി ലഭിക്കണമെങ്കിൽ മോദി സർക്കാർ ഉത്തരവാദിത്തം കാണിക്കണം. ഇപ്പോൾ, നീറ്റ്-പിജി പരീക്ഷ മാറ്റിവച്ചു, കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ 4 പരീക്ഷകൾ ഒന്നുകിൽ റദ്ദാക്കി അല്ലെങ്കിൽ മാറ്റിവച്ചു. ഈ വൈറ്റ്‌വാഷിങ്ങ് അഭ്യാസത്തിന് പ്രത്യേകിച്ച് ഫലങ്ങളൊന്നുമില്ല, എന്നാൽ യുവാക്കളുടെ കഷ്ടപാട് തുടരുകയാണെമന്നും കോൺഗ്രസ് അധ്യക്ഷൻ കൂട്ടിച്ചേർത്തു.
ഇന്ന് നടക്കേണ്ടിയിരുന്ന നീറ്റ് യുജി പരീക്ഷ കൂടി മാറ്റി വെച്ചതോടെ പ്രതിപക്ഷ നേതാക്കൾ വലിയ വിമർശനവുമായി രംഗത്തെത്തിയിരുന്നു. മോദി സർക്കാരിന് കീഴിൽ രാജ്യത്തെ വിദ്യാഭ്യാസ രംഗം തകർന്നതിൻ്റെ ദൗര്‍ഭാഗ്യകരമായ മറ്റൊരു ഉദാഹരണമാണ് നീറ്റ് പിജി പരീക്ഷ മാറ്റിവച്ച നടപടിയെന്നായിരുന്നു പ്രതിപക്ഷ നേതാവും മുൻ കോൺഗ്രസ് ദേശീയ അധ്യക്ഷനുമായ രാഹുൽ ഗാന്ധിയുടെ വിമർശനം.
അതേസമയം നീറ്റ് യുജി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണം കേന്ദ്ര സർക്കാർ സിബിഐക്ക് വിട്ടു. സമഗ്രമായ അന്വേഷണം നടത്താനാണ് തീരുമാനമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പരീക്ഷാ സമ്പ്രദായത്തിൻ്റെ വിശ്വാസ്യത ഉറപ്പാക്കാനാണ് നടപടിയെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.