
എലപ്പുള്ളി മദ്യശാല നിർമാണശാലയുമായി ബന്ധപ്പെട്ട് ഒയാസിസിന് ഇളവ് നൽകേണ്ടെന്ന കൃഷി വകുപ്പിൻ്റെ റിപ്പോർട്ട് പുറത്ത്. ഡാറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കണമെന്ന അപേക്ഷയിലാണ് കൃഷി വകുപ്പ് റിപ്പോർട്ട് പുറത്തിറക്കിയത്. നാല് ഏക്കർ സ്ഥലത്തിന് ഇളവ് വേണമെന്നായിരുന്നു കമ്പനി ആവശ്യപ്പെട്ടത്. എന്നാൽ 2008ൽ ഇവിടെ നെൽകൃഷി ചെയ്തിരുന്നതായി റിപ്പോർട്ടിൽ പരാമർശമുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ആർഡിഒ ഒയാസിസിൻ്റെ അപേക്ഷ നിരസിച്ചത്.
ഭൂമി തരംമാറ്റുന്നതിനായി മദ്യനിർമാണ കമ്പനിയായ ഒയാസിസ് നൽകിയ അപേക്ഷ തള്ളി കൊണ്ട് റവന്യൂ വകുപ്പ് ഉത്തരവ് ഇറക്കിയിരുന്നു. പാലക്കാട് എലപ്പുള്ളിയിൽ 24 ഏക്കർ ഭൂമിയാണ് ഒയാസിസ് കമ്പനിക്കുള്ളത്. ഇതിൽ നാല് ഏക്കർ ഭൂമി ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതാണ്. ഈ ഭൂമി തരം മാറ്റി, ഡാറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കി നൽകണമെന്നുമാവശ്യപ്പെട്ട് കമ്പനി നൽകിയ അപേക്ഷയാണ് പാലക്കാട് ആർഡിഒ തള്ളിയത്.
ജനുവരി 24 നാണ് ഇതു സംബന്ധിച്ച ഉത്തരവിറങ്ങിയത്. ഒയാസിസ് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ എലപ്പുള്ളി കൃഷി ഓഫീസർ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ഒയാസിസ് തരം മാറ്റം ആവശ്യപ്പെട്ട ഭൂമിയിൽ, നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമ പ്രകാരം അനുമതി നൽകാനാവില്ലെന്ന് വ്യക്തമാക്കി കൃഷി ഓഫീസർ നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ഈ നാലേക്കറിൽ കൃഷിയല്ലാതെ, നിർമാണ പ്രവർത്തനങ്ങൾ പാടില്ലെന്നും നിർദേശിച്ചു.
അതേസമയം മദ്യനിർമാണശാല തുടങ്ങാൻ ഒയാസിസ് കമ്പനി നടത്തിയ ഭൂമിയിടപാടിൽ തട്ടിപ്പ് നടന്നതായും പരാതി ഉയർന്നു.കമ്പനി വാങ്ങിയ ഭൂമിയിൽ ഒന്നരയേക്കർ സ്ഥലം ഉടമകളറിയാതെയാണ് ഇടനിലക്കാർ വിൽപ്പന നടത്തിയതെന്നായിരുന്നു പരാതി. കൂടാതെ വെള്ളത്തിനായി ഭൂഗർഭ ജലം ഉപയോഗിക്കില്ലെന്ന് ഒയാസിസ് കമ്പനി വിശദീകരണം നൽകിയിരുന്നു.
ജലത്തിന്റെ കാര്യത്തിൽ ആശങ്ക വേണ്ടെന്നും പ്ലാൻ്റ് പ്രവർത്തിക്കാനുള്ള വെള്ളം മഴ വെള്ള സംഭരണിയിൽ നിന്ന് ശേഖരിക്കുമെന്നുമാണ് വിശദീകരണത്തിൽ പറയുന്നത്. ഇതിനായി 5 ഏക്കർ സ്ഥലത്ത് മഴവെള്ളസംഭരണി സ്ഥാപിക്കുമെന്നും കമ്പനി അറിയിച്ചു. കൂടാതെ 1200 പ്രദേശവാസികൾക്ക് കമ്പനിയിൽ ജോലി നൽകുമെന്ന വാഗ്ദാനവും ഒയാസിസ് നൽകി. എന്നാൽ എലപ്പുളളിയിൽ സംയോജിത മദ്യ നിർമാണ കമ്പനിക്ക് അനുമതി നൽകിയ സർക്കാർ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഓരോ കോണിൽ നിന്നും ഉയരുന്നത്.