
കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെതിരെ നിർണായ തെളിവുകൾ നിരത്തി സിബിഐ. യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സ്ഥലത്തോട് ചേർന്നുള്ള പ്രദേശങ്ങളിൽ നവീകരണം നടത്താൻ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ് പദ്ധതിയിട്ടിരുന്നതായാണ് സിബിഐ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തി ഒരു ദിവസത്തിന് ശേഷമായിരുന്നു പ്രിൻസിപ്പാൾ നവീകരണത്തിനായുള്ള നീക്കം നടത്തിയത്.
കുറ്റകൃത്യം നടന്ന സെമിനാർ ഹാളിനോട് ചേർന്നുള്ള മുറിയിലും ടോയ്‌ലറ്റിലും നവീകരണ പ്രവർത്തനങ്ങൾ നടത്താനാണ് സന്ദീപ് ഘോഷ് പിഡബ്ല്യുഡിക്ക് നിർദേശം നൽകിയത്. ഇത് സംബന്ധിച്ച് പിഡബ്ല്യുഡിക്ക് അനുമതി നൽകിയതായി കാണിക്കുന്ന നിർണായക രേഖ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചതായി വൃത്തങ്ങൾ അറിയിച്ചു.
അന്വേഷണം സിബിഐ ഏറ്റെടുക്കാൻ കൊൽക്കത്ത ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടതിന് പിന്നാലെ, സെമിനാർ ഹാളിനോട് ചേർന്നുള്ള മുറിയിൽ പിഡബ്ല്യുഡി ഉദ്യോഗസ്ഥർ നവീകരണ പ്രവർത്തനങ്ങൾക്ക് ശ്രമിച്ചിരുന്നു. എന്നാൽ ഉദ്യോഗസ്ഥരെത്തിയതിന് പിന്നാലെ വിദ്യാർഥികൾ വൻ പ്രതിഷേധം ആരംഭിച്ചു. തുടർന്ന് ഉദ്യോഗസ്ഥർ പിൻവാങ്ങുകയായിരുന്നു.
കുറ്റകൃത്യം നടന്നതിൻ്റെ അടുത്ത ദിവസം തന്നെ നവീകരണത്തിന് അനുമതി നൽകികൊണ്ടുള്ള കത്തിൽ സന്ദീപ് ഘോഷ് ഒപ്പ് വെച്ചതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എന്നാൽ സന്ദീപിൻ്റെ നിർദേശപ്രകാരം ആർജി കാറിലെ ഒരു അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥനാണ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ പിഡബ്ല്യുഡിക്ക് നിർദ്ദേശം നൽകിയതെന്നായിരുന്നു അന്വേഷണ സംഘം ആദ്യം കണ്ടെത്തിയത്. നിർണായക രേഖകൾ കണ്ടെടുത്തതോടെ ആർജി കാർ മെഡിക്കൽ കോളേജിലെ കൊലപാതകത്തെ കുറിച്ചും സാമ്പത്തിക ക്രമക്കേടുകളെ കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് സിബിഐയുടെ പ്രതീക്ഷ.
അതേസമയം സന്ദീപ് ഘോഷിന് പിന്നിൽ വലിയ സാമ്പത്തിക ശൃംഖലയുണ്ടെന്ന് സിബിഐ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. കൊൽക്കത്ത ഹൈക്കോടതിക്ക് മുൻപാകെയാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കിയത്. വിശദമായ ചോദ്യം ചെയ്യൽ അനിവാര്യമെന്ന് അന്വേഷണസംഘം കോടതിയിൽ പറഞ്ഞിരുന്നു. ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് സന്ദീപ് ഘോഷിനെയും മറ്റ് മൂന്ന് പ്രതികളെയും സിബിഐ എട്ട് ദിവസത്തേക്ക് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.