
കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ വീണ്ടും നിർണായക കണ്ടത്തെൽ. നവീൻ ബാബുവിന് വീഴ്ച സംഭവച്ചിട്ടില്ലെന്നും വിവാദ പെട്രോൾ പമ്പിന്റെ എൻഒസി വൈകിപ്പിച്ചില്ലെന്നുമാണ് പുതിയ കണ്ടെത്തൽ. സംഭവത്തിൽ ഫയൽ നീക്കം സംബന്ധിച്ച് കളക്ടറുടെ നേതൃത്വത്തിൽ അന്വേഷണം നടന്നിരുന്നു. ഈ അന്വേഷണത്തിലാണ് നിർണായക വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നത്. റിപ്പോർട്ട് നാളെ റവന്യു മന്ത്രിക്ക് സമർപ്പിക്കും.
നവീൻ ബാബു എൻഒസി നൽകാതിരുന്ന വിവാദ പെട്രോൾ പമ്പിന് ആദ്യം അനുമതി നിഷേധിച്ചത് പൊലീസാണെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പിന്നാലെയാണ് കളക്ടർ ഓഫീസിൽ നിന്നുള്ള പുതിയ വെളിപ്പെടുത്തൽ. പൊലീസ് റിപ്പോർട്ടിനെ തുടർന്നാണ് എഡിഎം, എൻഒസി നൽകാതിരുന്നത്. എൻഒസിയിൽ പൊലീസ് റിപ്പോർട്ടിനെക്കുറിച്ചും പരാമർശമുണ്ട്.
നിർദിഷ്ട പെട്രോൾ പമ്പ് വളവിൽ ആണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസ് അനുമതി നിഷേധിച്ചത്. പൊലീസ് റിപ്പോർട്ടിന് പിന്നാലെ എഡിഎം എൻഒസി നിഷേധിച്ചു. പിന്നീട് രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് അനുമതി നൽകുകയായിരുന്നെന്നാണ് സൂചന. ബിപിസിഎൽ ടെറിട്ടറി മാനേജരുടെ പേരിലാണ് എൻഒസി നൽകിയിരിക്കുന്നത്.
അതേസമയം പിപി ദിവ്യയുടെ രാജിയിൽ ഭാഗികമായ ആശ്വാസമുണ്ടെന്ന് എഡിഎം നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു പറഞ്ഞു. അധികാരസ്ഥാനം ഒഴിയുന്നതോടെ അല്പം സ്വാധീനം കുറയുമെന്ന് പ്രതീക്ഷിക്കുന്നെന്നും കേസിലെ പരാതിക്കാരൻ ആയതിനാൽ കൂടുതൽ കാര്യങ്ങൾ പറയാനില്ലെന്നും പ്രവീണ ബാബു കൂട്ടിച്ചേർത്തു.
നവീന്‍ ബാബുവിനെതിരായ പരാതി തയ്യാറാക്കിയത് ജീവനൊടുക്കിയ വിവരം അറിഞ്ഞ ശേഷമെന്ന വാദവും കഴിഞ്ഞ ദിവസം ഉയര്‍ന്നിരുന്നു. എഡിഎമ്മിനെതിരെ മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് പിഡിഎഫ് കോപ്പി അടക്കം പങ്കുവെച്ചായിരുന്നു പ്രശാന്തൻ വെളിപ്പെടുത്തിയത്. എഡിഎമ്മിൻ്റെ ചുമതല വഹിച്ചിരുന്നത് നവീൻ ബാബുവെന്നാണ് പരാതിയിൽ സൂചിപ്പിച്ചിരിക്കുന്നത്. ഇക്കാര്യവും നവീൻ ബാബുവിൻ്റെ മരണത്തിന് ശേഷമാണ് പരാതി തയ്യാറാക്കിയതെന്ന് വ്യക്തമാക്കുന്നു.
സാധാരണഗതിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഒരു പരാതി ലഭിക്കുകയാണെങ്കിൽ മറുപടിയായി കൃത്യമായ അറിയിപ്പ് ലഭിക്കും. ഒപ്പം പരാതി വിജിലൻസിന് ഉൾപ്പെടെ കൈമാറുന്ന സാഹചര്യത്തിൽ ഇത് സംബന്ധിച്ച കൃത്യമായ വിവരങ്ങൾ പരാതിക്കാരന് ലഭിക്കും. അതേസമയം, വിജിലൻസ് ആസ്ഥാനത്തോ ഓഫീസിലോ എഡിഎമ്മിനെതിരായ പരാതി ഇതുവരെ ലഭിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.