
ചാംപ്യൻസ് ട്രോഫിയിലെ ന്യൂസിലൻഡിനെതിരായ അവസാന ഗ്രൂപ് മത്സരത്തിൽ നായകൻ രോഹിത് ശർമ കളിച്ചേക്കില്ലെന്ന് സൂചന. ബുധനാഴ്ച ദുബായിൽ നടന്ന ബാറ്റിങ് പരിശീലനത്തിൽ നിന്നും താരം വിട്ടുനിന്നതാണ് അഭ്യൂഹങ്ങൾക്ക് കാരണം. പാകിസ്ഥാനെതിരായ കഴിഞ്ഞ മത്സരത്തിൽ രോഹിത്തിന് പരിക്കേറ്റിരുന്നു. പരിക്ക് ഗുരുതരമല്ലെങ്കിലും ഗ്രൂപ് മത്സരമായതിനാൽ താരത്തിന് വിശ്രമം അനുവദിച്ചേക്കും. രോഹിത്തിനെ കൂടാതെ വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും ബാറ്റിങ് പരിശീലനത്തില്‍ പങ്കെടുത്തിരുന്നില്ല. അസുഖമാണ് താരത്തെയും അലട്ടുന്നതെന്നാണ് സൂചന.
ഐസിസി അക്കാദമിയിൽ നടന്ന സെഷനിൽ ബാറ്റിങ് പരിശീലനത്തിന് ഇറങ്ങിയില്ലെങ്കിലും ചെറിയ തോതിൽ വ്യായാമങ്ങൾ ചെയ്തും ടീം അംഗങ്ങളെ നിരീക്ഷിച്ചും രോഹിത് സജീവമായിരുന്നു. സെമി ഫൈനൽ അടുത്തു വരുന്ന സാഹചര്യത്തിൽ താരതമ്യേന അപ്രധാനമായ മത്സരത്തിൽ പരിക്കേറ്റിരിക്കുന്ന രോഹിത്തിനെ കളിപ്പിക്കാൻ മാനേജ്മെന്റ് മുതിർന്നേക്കില്ല. പിൻതുടയിലെ ഞരമ്പിനേറ്റ പരിക്ക് രോഹിത്തിനെ വിട്ടില്ലെങ്കിൽ മുന്നോട്ടുള്ള മത്സരങ്ങളിൽ ടീമിന്റെ പ്രകടനത്തെ അത് ബാധിച്ചേക്കും. അസുഖബാധിതനായ ഗില്ലും അടുത്ത മത്സരത്തിൽ കളിക്കുന്ന കാര്യം സംശയമാണ്. ബംഗ്ലാദേശിനെതിരെ സെഞ്ചുറിയും പാകിസ്ഥാനെതിരെ 46 റൺസും നേടിയ ഗിൽ മികച്ച ഫോമിലാണ്.
മുൻ ടൂർണമെന്റുകളിൽ നിന്ന് വിരുദ്ധമായി റിസർവ് ഓപ്പണേഴ്സ് ഇല്ലാതെയാണ് ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യ എത്തിയിരിക്കുന്നത്. അധിക ബൗളറെ ടീമിൽ ഉൾപ്പെടുത്താനായി താൽക്കാലിക ടീമിലുണ്ടായിരുന്ന യശസ്വി ജയ്‌സ്വാളിനെ ഒഴിവാക്കിയിരുന്നു. പരിമിതമായ ഓപ്ഷനുകൾ മാത്രമേ ഇന്ത്യക്ക് മുന്നിൽ അവശേഷിക്കുന്നുള്ളൂ. ഏകദിനങ്ങളിൽ ഓപ്പൺ ചെയ്ത് പരിചയമുള്ള കെ.എൽ. രാഹുലാണ് ഒരു സാധ്യത. ടി20യിൽ അപൂർവ അവസരങ്ങളിൽ ഓപ്പൺ ചെയ്തിട്ടുള്ള കോഹ്ലിയെയും പരിഗണിക്കാന്‍ സാധ്യതയുണ്ട്.