അതെല്ലാം ഫേക്ക് ന്യൂസ്, പ്രതിഷേധക്കാർക്കെതിരെ പൊലീസ് ഇടപെടല്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് കേരള ബ്ലാസ്റ്റേഴ്‌സ്

ക്രമസമാധാന പരിപാലന സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഭരണ സംവിധാനത്തിന് കീഴിലുള്ള കാര്യമാണെന്നതിനാല്‍ ക്ലബിന് ഇക്കാര്യത്തില്‍ ഇടപെടുവാനോ നിര്‍ദേശങ്ങള്‍ നല്‍കുവാനോ സാധിക്കുകയില്ല
അതെല്ലാം ഫേക്ക് ന്യൂസ്, പ്രതിഷേധക്കാർക്കെതിരെ പൊലീസ് ഇടപെടല്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് കേരള ബ്ലാസ്റ്റേഴ്‌സ്
Published on


കഴിഞ്ഞ ദിവസം നടന്ന ആരാധകരുടെ പ്രതിഷേധ പരിപാടിയില്‍ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഇടപെടല്‍ സംബന്ധിച്ച് വിശദീകരണക്കുറിപ്പുമായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി മാനേജ്മെൻ്റ് രംഗത്ത്. ആരാധകര്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പൊലീസ് നടപടികള്‍ ഉണ്ടാകണമെന്ന് നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ് ക്ലബ്ബിൻ്റെ വിശദീകരണം.

"ക്രമസമാധാന പരിപാലനത്തില്‍ പൊലീസ് സേനയ്ക്ക് ഏതെങ്കിലും തരത്തിലുള്ള നിര്‍ദേശങ്ങള്‍ നല്‍കുവാന്‍ ക്ലബിന് അധികാരമില്ലെന്ന വസ്തുത ഞങ്ങള്‍ ഒരിക്കല്‍ക്കൂടി ഈന്നിപ്പറയുകയാണ്. ക്രമസമാധാന പരിപാലന സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഭരണ സംവിധാനത്തിന് കീഴിലുള്ള കാര്യമാണെന്നതിനാല്‍ത്തന്നെ ക്ലബിന് ഇക്കാര്യത്തില്‍ ഇടപെടുവാനോ നിര്‍ദേശങ്ങള്‍ നല്‍കുവാനോ സാധിക്കുകയില്ല," ബ്ലാസ്റ്റേഴ്‌സ് വിശദീകരിച്ചു.

"വലിയ ജനക്കൂട്ടം പങ്കെടുക്കുന്ന പൊതുപരിപാടികളില്‍ അനിഷ്ട സംഭവങ്ങള്‍ സംഭവിക്കുന്നത് ഒഴിവാക്കുവാനും സുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് ആഭ്യന്തര വകുപ്പും മറ്റ് ഉത്തരവാദിത്വപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങളും ഇത്തരം മുന്‍കരുതല്‍ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും നടപ്പിലാക്കുന്നത്. തങ്ങളുടെ അഭിപ്രായങ്ങള്‍ നിയന്ത്രണങ്ങളില്ലാതെ സമാധാനപരമായി പ്രകടിപ്പിക്കുവാനുള്ള അവകാശം ആരാധകര്‍ക്കുണ്ടെന്ന് ക്ലബ് ശക്തമായി വിശ്വസിക്കുന്നു. പൊതുവിടങ്ങളില്‍ സുരക്ഷയ്ക്ക് ഭീഷണിയാകാത്ത തരത്തിലുള്ള പ്രതിഷേധ പ്രകടനങ്ങള്‍ അടിച്ചമര്‍ത്തപ്പെടാന്‍ പാടില്ല," ക്ലബ്ബ് അറിയിച്ചു.

"ക്ലബിന്റെ നിര്‍ദേശ പ്രകാരമാണ് പൊലീസ് ഇടപെടല്‍ ഉണ്ടായിട്ടുള്ളത് എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജവും തെറ്റിദ്ധാരണാജനകവും അടിസ്ഥാന രഹിതവുമാണ്. ഇത്തരം വ്യാജ പ്രചരണങ്ങള്‍ നടത്തുന്നവർക്കെതിരെ ക്ലബ് ആവശ്യമായ നടപടികളുമായി മുന്നോട്ട് പോകും. ആരാധകര്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കുവാന്‍ എപ്പോഴും ക്ലബ് പ്രതിജ്ഞാബദ്ധരാണ്. ക്ലബിനെ പിന്തുണയ്ക്കുന്ന ഏതൊരു വ്യക്തിയില്‍ നിന്നും ഏതു രീതിയിലുള്ള അഭിപ്രായ പ്രകടനങ്ങളും ക്ലബ് സ്വാഗതം ചെയ്യാറുണ്ട്. ഞങ്ങള്‍ക്ക് നല്‍കിവരുന്ന പിന്തുണയ്ക്ക് നന്ദി," ബ്ലാസ്റ്റേഴ്‌സ് മാനേജ്മെൻ്റ് വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com