
അമേരിക്കയുടെ 47-ാമത് യുഎസ് പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തു ചുമതലയേൽക്കുന്നത് സാക്ഷ്യം വഹിക്കാനായി ഇന്ത്യയെ പ്രതിനിധീകരിച്ച് യുഎസ് ക്യാപിറ്റലിലെത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ.
ട്രംപിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം ഉണ്ടായിരുന്നുവെങ്കിലും പകരം എസ്. ജയശങ്കറെ അയയ്ക്കുകയായിരുന്നു. ചുമതലയേൽക്കുന്ന പ്രസിഡൻ്റ് ട്രംപിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു കത്ത് അദ്ദേഹം വേദിയിൽ എത്തിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഇന്ത്യയിൽ നിന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി, ഗൂഗിൾ മേധാവി സുന്ദർ പിച്ചൈ തുടങ്ങിയവരും സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിട്ടുണ്ട്.
ലോക നേതാക്കളെല്ലാം ചടങ്ങ് സാക്ഷ്യം വഹിക്കാനായി എത്തിയിട്ടുണ്ട്. ടെക് ലോകത്തെ വമ്പന്മാരായ മാർക്ക് സക്കർബർഗ്, ജെഫ് ബെസോസ്, ടിം കുക്ക്, ഇലോൺ മസ്ക് തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
സെൻ്റ് ജോൺസ് പള്ളിയിൽ ഇവരെല്ലാം ഒത്തുകൂടിയിരിക്കുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.