
കൃത്രിമ ഗർഭധാരണ ചികിത്സയ്ക്കുള്ള ബിൽ പാസാക്കുന്നതിനെ അമേരിക്കൻ സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടി വീണ്ടും തടഞ്ഞു. ബില്ലിനെ നാടകീയമായി ട്രംപ് പിന്തുണച്ചെങ്കിലും റിപ്പബ്ലിക്കന്മാരുടെ എതിർപ്പ് തുടരുകയാണ്. സ്ത്രീകളുടെ അവകാശത്തെയാണ് റിപ്പബ്ലിക്കൻമാർ ചോദ്യം ചെയ്യുന്നതെന്ന് പ്രസിഡൻറ് ജോ ബൈഡൻ പറഞ്ഞു.
വന്ധ്യതാ ചികിത്സ രാജ്യ വ്യാപകമായി നടപ്പിലാക്കാനും ഇൻഷുറൻസ് പരിരക്ഷ വിപുലീകരിക്കാനുമുള്ള ബിൽ ഇത് രണ്ടാംതവണയാണ് പാസാകാതെ വരുന്നത്. ഐവിഎഫ് ചികിത്സയ്ക്ക് ഡോണൾഡ് ട്രംപ് പൂർണ പിന്തുണ പ്രഖ്യാപിച്ചെങ്കിലും റിപ്പബ്ലിക്കൻമാർ ഇതിന് തയ്യാറല്ല. ബിൽ പാസാക്കാൻ 60 വോട്ട് വേണമെന്നിരിക്കെ 51 വോട്ട് മാത്രമാണ് നിലവിൽ നേടാൻ കഴിഞ്ഞത്. സെനറ്റിൽ 51 ഡെമോക്രറ്റുകളാണ് ഉള്ളത്.
ഐവിഎഫിൽ ഉപയോഗിക്കുന്ന ഭ്രൂണങ്ങളെ കുട്ടികളായി കണക്കാക്കണമെന്ന അലബാമ സുപ്രീം കോടതി വിധിക്കു ശേഷം ഡെമോക്രാറ്റിക് സെനറ്റർ ടോമി ഡക്ക്വാർത്ത് ഈ ബിൽ
ഫെബ്രുവരിയിലും അവതരിപ്പിച്ചിരുന്നു. ഐവിഎഫ് ചികിത്സ ലഭ്യമാക്കില്ലെന്ന് റിപ്പബ്ലിക്കൻ പാർട്ടി വീണ്ടും തെളിയിച്ചിരിക്കുകയാണെന്ന വിമർശനവുമായി കമലാ ഹാരിസും യുഎസ് പ്രസിഡൻ്റ് ജോ ബൈഡനും രംഗത്തു വന്നു.