
തെലങ്കാനയിലെ നാഗർകുർണൂലിൽ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം 72 മണിക്കൂർ പിന്നിട്ടു. തുരങ്കത്തിനുള്ളിലെ വെള്ളവും ചെളിയും കടുത്ത വെല്ലുവിളി ഉയർത്തുന്നതിനാൽ രക്ഷാപ്രവർത്തനം തത്കാലത്തേക്ക് നിർത്തിവെച്ചേക്കും. ടണലിന്റെ അവസാന 50 മീറ്റർ പരിധിയിലേക്ക് എത്താൻ ഇതുവരെ രക്ഷാ പ്രവർത്തകർക്ക് സാധിച്ചിട്ടില്ല. ടണലിന്റെ ദൃഢത സംബന്ധിച്ച് ജിയോളജി വകുപ്പിന്റെ നിർദേശം കൂടി പരിഗണിച്ചാകും തുടർ നീക്കങ്ങൾ തീരുമാനിക്കുക എന്ന് നാഗർകുർണൂൽ ജില്ലാ കലക്ടർ ബി. സന്തോഷ് പറഞ്ഞു.
ടണലിന്റെ 25 മീറ്ററോളം ഉയരത്തിൽ രക്ഷാ പ്രവർത്തകർക്ക് എത്തിപ്പെടാൻ ആകാത്ത വിധം ചെളിയും വെള്ളക്കെട്ടും സിമന്‍റ് പാളികളും പാറക്കെട്ടുകളും കുമിഞ്ഞുകൂടി കിടക്കുകയാണ്. സൈന്യത്തിൻ്റെ എഞ്ചിനിയറിംഗ് ടാസ്ക് ഫോഴ്സ്, NDRF, SDRF സംഘങ്ങളുടെ നേതൃത്വത്തിലാണ് രക്ഷാ ദൗത്യം. കുടുങ്ങി കിടക്കുന്നവർ അതിജീവിക്കാനുള്ള സാധ്യത വളരെ വിദൂരമാണെന്ന് തെലങ്കാന മന്ത്രി ജുപ്പള്ളി കൃഷ്ണ റാവു വ്യക്തമാക്കിയിരുന്നു. ചെളിയും വെള്ളക്കെട്ടും സിമന്‍റ് പാളികളും പാറക്കെട്ടുകളും രക്ഷാപ്രവർത്തകർക്ക് വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
രണ്ട് എഞ്ചിനിയർമാരും രണ്ട് മെഷീൻ ഓപ്പറേറ്റർ മാരും നാല് തൊഴിലാളികളുമാണ് ഫെബ്രുവരി 22ന് അപകടത്തിൽ പെട്ടത്. തെലങ്കാന നാഗർകുർനൂൾ ജില്ലയിലെ SLBC യുടെ നിർമാണത്തിലിരിക്കുന്ന തുരങ്കത്തിലാണ് അപകടമുണ്ടായത്. ശ്രീശൈലം ഡാമിന് പിന്നിലുള്ള തുരങ്കത്തിൻ്റെ ഒരു ഭാഗത്തുണ്ടായ ചോർച്ച പരിഹരിക്കാന്‍ കയറിയ തൊഴിലാളികളാണ് ഒരുഭാഗം ഇടിഞ്ഞതോടെ അപകടത്തിൽ പെട്ടത്. അപകടം നടക്കുന്ന സമയത്ത് 60 ഓളം തൊഴിലാളികള്‍ ടണലില്‍ ഉണ്ടായിരുന്നത്. ഇതിൽ 52 തൊഴിലാളികളെ ടണലിൽ നിന്ന് രക്ഷിച്ചിട്ടുണ്ട്.