
വയനാട് അട്ടമലയിൽ കുടുങ്ങിയ നൂറോളം ഇതര സംസ്ഥാനക്കാരായ തോട്ടം തൊഴിലാളികളെ രക്ഷപ്പെടുത്തി. രണ്ട് ദിവസമായി വെള്ളം മാത്രം കുടിച്ചാണ് ഇവർ ജീവിച്ചത്. സൈന്യം രക്ഷപ്പെടുത്തിയ ഇവരെ രക്ഷപ്പെടുത്തി ക്യാമ്പുകളിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ, മുണ്ടക്കൈയിലെ റാണിമല, വനറാണി എസ്റ്റേറ്റുകളിലെ ഹരിസൺ മലയാളം തേയിലത്തോട്ടങ്ങളിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെയും ലഭ്യമായിട്ടില്ല.
ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം അവിടെ നിന്നും 42 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഒഴിപ്പിച്ചിരുന്നു. എന്നാൽ ബാക്കിയുള്ള 30 പേരെക്കുറിച്ച് വിവരങ്ങൾ ലഭ്യമായിട്ടില്ല. ചൂരൽമലയിൽ രാവിലെയോടെ രക്ഷാപ്രവർത്തനം പുനരാരംഭിച്ചു. ഇന്നലെ പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ 150 മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. 146 പേർ ചികിത്സയിലാണ്. 116 മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം പൂർത്തിയായി. 52 മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
അതേസമയം, മുണ്ടക്കൈ മേഖലയിൽ മഴയ്ക്ക് നേരിയ ശമനമുണ്ട്. എങ്കിലും, രക്ഷാദൗത്യം ദുഷ്കരമാണെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു. മന്ത്രിമാരായ വീണ ജോർജ്, പി എ മുഹമ്മദ് റിയാസ്, ജി ആർ അനിൽ, കടന്നപ്പള്ളി രാമചന്ദ്രൻ, ഒ ആർ കേളു എന്നിവർ ഇന്ന് വയനാട്ടിലെ ദുരന്തഭൂമി സന്ദർശിക്കും. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യനും, ഗവർണർ ആരിഫ് മുഹമ്മദ് ഖാനും വയനാട്ടിലെത്തും.