
കൊൽക്കത്ത ജൂനിയർ ഡോക്ടറുടെ കൊലപാതകത്തിൽ നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിലെ ഡോക്ടർമാർ വീണ്ടും പ്രതിഷേധത്തിലേക്ക്. ഡൽഹിയിലെ പ്രമുഖ ആശുപത്രികളിലെ ഡോക്ടർമാർ ഇന്ന് ആറ് മണിയോടെ രാജ്യതലസ്ഥാനത്തെ ബംഗാൾ ഭവൻ ഉപരോധിക്കും. ചൊവ്വാഴ്ച രാത്രിയോടെയാണ് ജോയിൻ്റ് ഡൽഹി റസിഡൻ്റ് ഡോക്‌ടേഴ്‌സ് അസോസിയേഷൻ (ആർഡിഎ) ആക്ഷൻ കമ്മിറ്റി, പ്രതിഷേധം നടത്തുമെന്ന് പ്രഖ്യാപിച്ചത്. ഡൽഹി എയിംസ്, സഫ്ദർജംഗ് ഹോസ്പിറ്റൽ, ആർഎംഎൽ ഹോസ്പിറ്റൽ, ജിടിബി ഹോസ്പിറ്റൽ, മൗലാന ആസാദ് മെഡിക്കൽ കോളേജ്, ലേഡി ഹാർഡിഞ്ച് മെഡിക്കൽ കോളേജ് തുടങ്ങിയ ആശുപത്രികളിലെ റസിഡൻ്റ് ഡോക്ടർമാർ ബുധനാഴ്ച നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് ആർഡിഎ അറിയിച്ചു.
ട്രെയിനി ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഓഗസ്റ്റ് 12-ന് ഇന്ത്യയിലുടനീളം നടന്ന പ്രക്ഷോഭത്തിൻ്റെ തുടർച്ചയായാണ് പ്രതിഷേധം. രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭം, ഓഗസ്റ്റ് 22 വരെ നീണ്ട് നിന്നിരുന്നു. പിന്നാലെ ട്രെയ്നി ഡോക്ടറുടെ കൊലപാതകത്തിൽ വേഗത്തിൽ നീതി ഉറപ്പാക്കുമെന്ന് സുപ്രീം കോടതി വാക്കുനൽകിയതോടെ സമരം താത്കാലികമായി നിർത്തിവെച്ചു. എന്നാൽ അടുത്തിടെ നടന്ന സുപ്രീം കോടതി വാദത്തിലും, നടപടികളൊന്നും ആരംഭിച്ചിട്ടില്ലെന്ന 'നോ ആക്ഷൻ ടേക്കൺ' റിപ്പോർട്ടാണ് പുറത്തുവന്നത്.
"നീതി ലഭിക്കുമെന്ന പ്രതീക്ഷയിൽ, നടപടിക്രമങ്ങളിൽ വിശ്വസിച്ച് ഞങ്ങൾ സമരം നിർത്തിവെച്ചു. എന്നാൽ ഇപ്പോൾ ഞങ്ങൾ വഞ്ചിക്കപ്പെട്ടതായി തോന്നുന്നു,” ആർഡിഎ ആക്ഷൻ കമ്മിറ്റി പ്രതിനിധി പറഞ്ഞു. കൃത്യമായ ആശയവിനിമയത്തിൻ്റെ അഭാവവും, നടപടികളിലെ കാലതാമസവും, സുരക്ഷ സംബന്ധിച്ചുള്ള ഡോക്ടർമാരുടെ ആശങ്കകളോടുള്ള വിമുഖതയാണ് വ്യക്തമാക്കുന്നതെന്നും പ്രതിനിധി കൂട്ടിച്ചേർത്തു.
ഓഗസ്റ്റ് 20-ന് നടന്ന ഒരു വാദത്തിനിടെ, സുരക്ഷാ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി സുപ്രീം കോടതി നാഷണൽ ടാസ്‌ക് ഫോഴ്‌സ് (എൻഎഫ്‌ടി) രൂപീകരിച്ചിരുന്നു. മൂന്നാഴ്ചക്കുള്ളിൽ ഇടക്കാല റിപ്പോർട്ടും രണ്ട് മാസത്തിനിടയിൽ അന്തിമ റിപ്പോർട്ടും സമർപ്പിക്കണമെന്നായിരുന്നു ഇവർക്ക് ലഭിച്ച നിർദേശം. എന്നാൽ 50 ദിവസങ്ങൾ കഴിഞ്ഞിട്ടും ഒരു റിപ്പോർട്ടും നാഷണൽ ടാസ്‌ക് ഫോഴ്‌സ് സമർപ്പിച്ചിട്ടില്ല. ഇത് ഡോക്ടർമാരുടെ ആശങ്കകൾ അവഗണിക്കപ്പെടുന്നെന്ന് വ്യക്തമാക്കുന്നതായി ആർഡിഎയുടെ പ്രസ്താവനയിൽ പറയുന്നു.
അതേസമയം, ആർജി കർ മെഡിക്കൽ കോളേജിലെ കൊലപാതകത്തിന് പിന്നാലെ ആരോഗ്യപ്രവർത്തകർക്ക് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഡോക്ടർമാർ നടത്തുന്ന നിരാഹാരസമരം 12ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ബംഗാൾ സർക്കാർ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ മരണം വരെ നിരാഹാരം കിടക്കുമെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് ഒക്‌ടോബർ അഞ്ചിന് ജൂനിയർ ഡോക്‌ടർമാർ നിരാഹാര സമരം ആരംഭിച്ചത്.
12 ദിവസമായി നിരാഹാരം കിടക്കുന്ന നോർത്ത് ബംഗാൾ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സൗരവ് ദത്തയെ ചൊവ്വാഴ്ച വൈകുന്നേരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ ഇപ്പോൾ ജൽപായ്ഗുരിയിലെ ആശുപത്രിയിലെ സിസിയുവിൽ ചികിത്സയിലാണ്. നേരത്തെ, സിലിഗുരിയിലും കൊൽക്കത്തയിലുമായി സമരം ചെയ്ത മൂന്ന് ജൂനിയർ ഡോക്ടർമാരെ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മരണം വരെ നിരാഹാരമിരിക്കുന്ന മറ്റ് ഡോക്ടർമാരുടെയും ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണെന്നും സമരത്തിൽ പങ്കാളിയായ ഡോക്‌ടറെ ഉദ്ധരിച്ച് കൊണ്ട് പിടിഐ റിപ്പോർട്ട് ചെയ്തു.
ആർജി കർ മെഡിക്കൽ കോളേജിൽ ബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ട ജൂനിയർ ഡോക്ടർക്ക് നീതി ലഭിക്കണം, ആരോഗ്യ സെക്രട്ടറി എൻഎസ് നിഗമിനെ ഉടനെ സ്ഥാനത്ത് നിന്ന് മാറ്റണം, ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണം, എല്ലാ ആശുപത്രികളിലും സിസിടിവി സംവിധാനങ്ങൾ സ്ഥാപിക്കണം, ശുചിമുറികൾ സ്ഥാപിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ജൂനിയർ ഡോക്ടർമാരുടെ സമരം.