ത്വക്ക് രോഗങ്ങൾ മുതൽ കാൻസർ വരെ; ബിറ്റുമിൻ പ്ലാൻ്റ് മൂലം ദുരിതത്തിലായി തിരുവല്ല കുമ്പനാട് നിവാസികൾ

ബിറ്റുമിൻ പ്ലാൻ്റ് പ്രവർത്തിക്കാൻ തുടങ്ങിക്കഴിഞ്ഞാൽ പരിസരത്തെങ്ങും നിൽക്കാൻ പോലും കഴിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്
ത്വക്ക് രോഗങ്ങൾ മുതൽ കാൻസർ വരെ; ബിറ്റുമിൻ പ്ലാൻ്റ്  മൂലം ദുരിതത്തിലായി തിരുവല്ല കുമ്പനാട് നിവാസികൾ
Published on

തിരുവല്ല കുമ്പനാട് പ്രവർത്തിക്കുന്ന ബിറ്റുമിൻ പ്ലാൻ്റ് മൂലം നാട്ടുകാർ ദുരിതത്തിലായി. നിരവധി പരാതികൾ നൽകിയിട്ടും അനുകൂല നടപടി ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം. ബിറ്റുമിൻ പ്ലാൻ്റ് പ്രവർത്തിക്കാൻ തുടങ്ങിക്കഴിഞ്ഞാൽ പരിസരത്തെങ്ങും നിൽക്കാൻ പോലും കഴിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ത്വക്ക് രോഗങ്ങൾ മുതൽ ഗുരുതരമായ കാൻസർ രോഗങ്ങൾക്ക് വരെ പ്ലാൻ്റ് കാരണമാകുന്നുവെന്നാണ് പരാതി. കഴിഞ്ഞ 12 വർഷമായി സഹിക്കുകയാണെന്നും ശാശ്വത പരിഹാരം കാണണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.


2012ലാണ് ബിറ്റുമിൻ പ്ലാൻ്റ് പ്രവർത്തനം ആരംഭിക്കുന്നത്. തൊട്ടടുത്ത വർഷം തന്നെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാൽ ഒരു പതിറ്റാണ്ടിനിപ്പുറവും പ്രശ്നത്തിന് പരിഹാരമായിട്ടില്ല. പ്രദേശവാസിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എസ് സി/എസ് ടി കമ്മീഷൻ പ്ലാന്റ് പ്രവർത്തിക്കുന്നതിന് മാർഗ്ഗനിർദേശങ്ങൾ നൽകി. എന്നാൽ ഇവയൊന്നും പാലിക്കപ്പെട്ടില്ല. പഞ്ചായത്തിന്റെ സ്റ്റോപ്പ്‌ മെമ്മോക്കെതിരെ ഉടമ ഹൈകോടതിയെ സമീപിച്ചപ്പോൾ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഇത്തരത്തിലൊരു പ്ലാന്റ് പ്രവർത്തിക്കുന്നില്ലെന്ന തെറ്റായ റിപ്പോർട്ട്‌ ഹൈക്കോടതിയിൽ സമർപ്പിച്ചു എന്നും നാട്ടുകാർ ആരോപിക്കുന്നു.


കുട്ടികളും പ്രായമായവരും പ്ലാന്റിൽ നിന്നും പുറന്തള്ളുന്ന പുക ശ്വസിച്ച് ഒരുപോലെ രോഗബാധിതരാവുകയാണ്. പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെ ഗുരുതരമായ ശ്വാസകോശ രോഗങ്ങൾക്ക് ഇരയാകുന്നു. നിരവധി ആളുകൾ വീടും സ്ഥലവും ഉപേക്ഷിച്ച് പോകുന്ന സ്ഥിതിയാണ് ഉണ്ടായത്. മുന്നൂറോളം വിദ്യാർഥികൾ പഠിച്ചിരുന്ന സമീപത്തെ സ്കൂളിലെ കുട്ടികളുടെ എണ്ണം 8 ആയി ചുരുങ്ങി. സ്കൂൾ അടച്ചിടുന്നത് സാധാരണ സംഭവമായി. വിദ്യാർഥികളും പലപ്പോഴായി അധികാരികൾക്ക് പരാതിയെഴുതിയെങ്കിലും പരിഹാരമുണ്ടായില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com