
വയനാട് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം. ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. എടക്കൽ ഗുഹയിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചു. കുറുവ, കാന്തൻപാറ, പൂക്കോട്, കർളാട് കേന്ദ്രങ്ങളിലെ ബോട്ടിങ്ങും നിർത്തിവെച്ചിട്ടുണ്ട്. പാർക്കുകൾ തുറന്നു പ്രവർത്തിക്കുമെങ്കിലും ജില്ലയിലെ എല്ലാ സാഹസിക വിനോദങ്ങളും ജലവിനോദങ്ങളും കർശനമായി നിരോധിച്ചതായും ഡിടിപിസി സെക്രട്ടറി അറിയിച്ചു.
സംസ്ഥാനത്തെ നാല് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലേർട്ട്. അതിതീവ്ര മഴ സാഹചര്യമാണ് ഈ ജില്ലകളിൽ പ്രവചിച്ചിരിക്കുന്നത്. പൊതുജനങ്ങൾക്കുള്ള മുന്നറിയിപ്പായി ജില്ലകളിൽ സൈറണും മുഴക്കിയിരുന്നു.
അടുത്ത 4-5 ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തിച്ചേരാൻ സാധ്യയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ ഇന്ന് (മെയ് 20) ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും മെയ് 20 ,21 ,23 ,24 തീയതികളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.