വന്യജീവി - മനുഷ്യ സംഘർഷങ്ങൾ; തൃശൂർ-എറണാകുളം ജില്ലകളിലെ പ്ലാൻ്റേഷൻ കോർപറേഷൻ റോഡുകളിലൂടെയുള്ള യാത്രകൾക്ക് നിയന്ത്രണം

തീരുമാനത്തിനെതിരെ വ്യാപക എതിർപ്പുമായി പ്ലാൻ്റേഷൻ ജീവനക്കാരും തൊഴിലാളികളും രംഗത്തെത്തിയിട്ടുണ്ട്
വന്യജീവി - മനുഷ്യ സംഘർഷങ്ങൾ; തൃശൂർ-എറണാകുളം ജില്ലകളിലെ പ്ലാൻ്റേഷൻ കോർപറേഷൻ റോഡുകളിലൂടെയുള്ള യാത്രകൾക്ക് നിയന്ത്രണം
Published on



തൃശൂർ-എറണാകുളം ജില്ലകളിലെ പ്ലാൻ്റേഷൻ കോർപറേഷൻ്റെ പരിധിയിലുള്ള റോഡുകളിലൂടെയുള്ള യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി വനം വകുപ്പ്. വനത്തോട് ചേർന്ന റോഡുകളിലൂടെ അനധികൃത യാത്ര നടത്തുന്നവർക്കെതിരെ വന നിയമങ്ങൾ പ്രകാരം കേസെടുക്കാനാണ് തീരുമാനം. തീരുമാനത്തിനെതിരെ വ്യാപക എതിർപ്പുമായി പ്ലാൻ്റേഷൻ ജീവനക്കാരും തൊഴിലാളികളും രംഗത്തെത്തിയിട്ടുണ്ട്.

വന്യ ജീവി - മനുഷ്യ സംഘർഷങ്ങൾ തുടർക്കഥയാകുന്ന പശ്ചാത്തത്തിലാണ് വനത്തിലൂടെയും പ്ലാൻ്റേഷൻ ഭൂമിയിലൂടെയും നടത്തുന്ന അനധികൃത യാത്രകൾക്ക് കർശന നിന്ത്രണം ഏർപ്പെടുത്താൻ വനം വകുപ്പ് ഒരുങ്ങുന്നത്. വനഭൂമിയിലെ റോഡിൽ അനാവശ്യമായി വാഹനം നിർത്തിയിട്ട് സംഘർഷ സാധ്യത ഉണ്ടാക്കുക, പ്ലാൻ്റേഷൻ ഭൂമിയിൽ അതിക്രമിച്ചു കടന്ന് വന്യജീവികളെ പ്രകോപിപ്പിക്കുക, ചിത്രങ്ങൾ പകർത്തുക തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെയാവും കടുത്ത നടപടികൾ സ്വീകരിക്കുക.

ALSO READ: കാട്ടാനയിറങ്ങിയെന്ന് നാട്ടുകാര്‍; ജീപ്പില്‍ ഡീസൽ ഇല്ലെന്നും, സർക്കാർ പണം നൽകുന്നില്ലെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍

എന്നാൽ വനം വകുപ്പ് കൈക്കൊണ്ട തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രദേശത്ത് താമസിക്കുന്നവരും പ്ലാൻ്റേഷൻ കോർപ്പറേഷനിലെ തൊഴിലാളികളും ഉയർത്തുന്നത്. നിയമവിരുദ്ധപ്രവർത്തനങ്ങൾ ശ്രദ്ധയിൽ പ്പെട്ടാൽ വനംവകുപ്പും പിസികെയും നടപടിയെടുക്കും, കേരള വന നിയമം, വന്യ ജീവി സംരക്ഷണ നിയമങ്ങൾ പ്രകാരമാകും കേസ്. എന്നാൽ വനം വകുപ്പ് വന്യമൃഗ ശല്യം പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് പകരം ഏകപക്ഷീയമായ തീരുമാനങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുകയാണെന്നും പ്ലാൻ്റേഷൻ കോർപ്പറേഷൻ ജീവനക്കാർ ആരോപിക്കുന്നു.

എറണാകുളം - തൃശൂർ ജില്ലകളിലെ മലയാറ്റൂർ - ആതിരപ്പള്ളി - വാഴച്ചാൽ ഫോറസ്റ്റ് ഡിവിഷനുകൾക്ക് കീഴിലെ പ്ലാൻ്റേഷൻ കോർപ്പറേഷൻ സ്ഥലങ്ങളിലും റോഡുകളുമാണ് നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത്. കഴിഞ്ഞ ദിവസം മലയാറ്റൂർ ഡിവിഷനൽ ഫോറസ്‌റ്റ് ഓഫീസറുടെ അധ്യക്ഷതയിൽ ചേർന്ന വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും പ്ലാൻ്റേഷൻ കോർപറേഷൻ ഓഫ് കേരള ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. അനധികൃത പ്രവേശനം തടയാൻ ഇനി മുതൽ പിസികെയുടെ ചെക്ക് പോസ്‌റ്റുകളിലൂടെ കടന്നുപോകുന്ന പൊതുജനങ്ങളുടെ വാഹനങ്ങൾക്ക് സമയം രേഖപ്പെടുത്തിയ സ്ലിപ് നൽകും. വൈകിട്ട് അഞ്ച് മണിക്ക് ശേഷം ഇത്തരം റോഡുകളിലൂടെയുള്ള സ്വകാര്യ വാഹനങ്ങളുടെ പ്രവേശനം നിരോധിക്കാനുമാണ് യോഗത്തിൽ പ്രധാന തീരുമാനങ്ങളായി കൈക്കൊണ്ടത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com