
ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് കോളിൽ പിടിനൽകാതെ രക്ഷപ്പെട്ട് റിട്ടയേഡ് കൊളേജ് പ്രൊഫസര്‍. ബന്ധു പൊലീസ് സൂപ്രണ്ടാണെന്ന് പറഞ്ഞതോടെ തട്ടിപ്പുസംഘം പിന്‍വാങ്ങുകയായിരുന്നു. കോട്ടയം വാഴപ്പള്ളി സ്വദേശി പ്രൊഫസർ എസ്.ആനന്ദക്കുട്ടനാണ് തട്ടിപ്പുസംഘത്തിന്റെ കെണിയിൽ വീഴാതെ രക്ഷപ്പെട്ടത്.
ആനന്ദകുട്ടന്റെ പേരിൽ മുംബൈയില്‍നിന്നു മലേഷ്യയിലേക്കു അയച്ച പാഴ്സൽ കസ്റ്റംസ് പിടികൂടിയെന്നും ഇതിൽ എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ ആണെന്നും പറഞ്ഞായിരുന്നു കോൾ വന്നത്. ഇത്തരത്തിലൊരു പാർസൽ താൻ അയച്ചിട്ടില്ലെന്ന് ആനന്ദകുട്ടൻ അറിയിച്ചു. എന്നാൽ ആധാർ നമ്പർ ആരെങ്കിലും ദുരുപയോഗം ചെയ്തതാവാം എന്ന് പറഞ്ഞതോടെ, ആവശ്യമായ നിയമനടപടി താൻ സ്വീകരിച്ചോളാം എന്ന് പറഞ്ഞ് ആനന്ദക്കുട്ടൻ ഫോൺ കട്ട് ചെയ്തു.
തുടർന്ന് മറ്റൊരു നമ്പറിൽ നിന്ന് വീണ്ടും കോൾ വന്നു. 2 മണിക്കൂറിനുള്ളിൽ തീരുമാനം എടുക്കണമെന്നും ഇല്ലെങ്കിൽ അറസ്റ്റ് നടപടികൾ ഉണ്ടാവുമെന്നും അറിയിച്ചു. പൊലീസ് സൂപ്രണ്ട് തൻ്റെ ബന്ധുവാണെന്നും അദ്ദേഹത്തോട് സംസാരിച്ചോളാം എന്നും ആനന്ദക്കുട്ടൻ പറഞ്ഞതോടെ തട്ടിപ്പ് സംഘം ഫോൺ കട്ട് ചെയ്തു.
പിന്നീട് പൊലീസിൽ വിവരം അറിയിക്കുകയും കോൾ വന്ന നമ്പരുകൾ കൈമാറുകയും ചെയ്തു. ചങ്ങനാശ്ശേരി എൻഎസ്എസ് കോളജിലെ റിട്ടയേർഡ് പ്രൊഫസർ ആണ് വാഴപ്പള്ളി സ്വദേശി എസ്. ആനന്ദക്കുട്ടൻ. ഡിജിറ്റൽ അറസ്റ്റിനെ കുറിച്ചുള്ള വാർത്തകൾ തട്ടിപ്പ് മനസിലാക്കാൻ സഹായിച്ചെന്നും ആനന്ദകുട്ടൻ പറഞ്ഞു.