അതിക്രമങ്ങളില്‍ നിന്ന് സംരക്ഷണം തേടി ആഭ്യന്തര പലായനം; മോദി ഭരണത്തിൽ മുസ്ലീംങ്ങൾ അരക്ഷിതരെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട്

2020ല്‍ പൗരത്വനിയമ പ്രതിഷേധങ്ങള്‍ക്കും കലാപത്തിനും സാക്ഷിയായ രാജ്യതലസ്ഥാനത്ത് നിന്ന് പാലായനം ചെയ്യേണ്ടിവന്ന മുസ്ലീംങ്ങള്‍ കൂട്ടമായി താമസിക്കുന്ന മേഖലകളുടെ മാപ്പ് പുറത്തുവിട്ടുകൊണ്ടാണ് റോയിട്ടേഴ്സിന്‍റെ ആരോപണം
അതിക്രമങ്ങളില്‍ നിന്ന് സംരക്ഷണം തേടി ആഭ്യന്തര പലായനം; മോദി ഭരണത്തിൽ മുസ്ലീംങ്ങൾ അരക്ഷിതരെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട്
Published on

നരേന്ദ്രമോദിയുടെ ഭരണകാലത്ത് ഇന്ത്യയില്‍ മുസ്ലീംങ്ങള്‍ അരക്ഷിതരാണെന്ന അന്വേഷണ റിപ്പോർട്ടുമായി റോയിട്ടേഴ്സ്. 2014 ല്‍ ആദ്യ നരേന്ദ്രമോദി സർക്കാർ അധികാരത്തിലേറിയത് മുതലുള്ള ഒരു ദശകം, ഇന്ത്യന്‍ മുസ്ലീംങ്ങളെ ഭൂപടങ്ങളില്‍ നിന്നുതന്നെ പറിച്ചുനട്ടു എന്ന ഗുരുതര ആരോപണമുന്നയിക്കുന്നതാണ് റോയിട്ടേഴ്സ് റിപ്പോർട്ട്. 2020ല്‍ പൗരത്വനിയമ പ്രതിഷേധങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും സാക്ഷിയായ രാജ്യതലസ്ഥാനത്ത് നിന്ന് പലായനം ചെയ്യേണ്ടിവന്ന മുസ്ലീംങ്ങള്‍ കൂട്ടമായി താമസിക്കുന്ന മേഖലകളുടെ മാപ്പ് പുറത്തുവിട്ടുകൊണ്ടാണ് റോയിട്ടേഴ്സിന്‍റെ ആരോപണം.

റിപ്പോർട്ട് പ്രകാരം വർഗീയ കലാപങ്ങളും ആള്‍ക്കൂട്ട ആക്രമണങ്ങളും വർധിച്ചുവരുമ്പോള്‍, നിരന്തര ഭയത്തില്‍ കഴിയുന്നതിലും ഭേദം, മുസ്ലീംങ്ങള്‍ മാത്രമുള്ള മേഖലകളില്‍ അഭയം തേടുന്നതാണ് എന്ന് താമസക്കാർ പറയുന്നു. ഈ മേഖലകളിലെ താമസക്കാരായ 25 ഓളം പേരുമായി സംസാരിച്ചു തയ്യാറാക്കിയതാണ് ലേഖനം.

2020ലെ പ്രതിഷേധങ്ങളുടെ പ്രഭവകേന്ദ്രങ്ങളിലൊന്നായിരുന്ന ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയ്ക്ക് പിന്നിലെ ജാമിയ നഗർ മേഖലകളില്‍ അടക്കം, മുസ്ലീംങ്ങള്‍ തിങ്ങിപ്പാർക്കുകയാണെന്നും, ഇന്ത്യയിലെ ഇത്തരം മുസ്ലീം മേഖലകള്‍ അവികസിതവും അടിസ്ഥാന സൗകര്യങ്ങളില്ലാത്തവയുമാണെന്നും വിവിധ ഗവേഷണങ്ങളെ ഉദ്ധരിച്ചു റിപ്പോർട്ട് പറയുന്നു.

എന്നാല്‍ ഈ കണക്കിനോട്, ന്യൂനപക്ഷ ബിജെപി നേതാവായ ജമാന്‍ സിദ്ദിഖി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. "ദരിദ്രരായ മുസ്ലീംങ്ങള്‍ അവരുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കൊണ്ട് ഇത്തരം പ്രദേശങ്ങളില്‍ താമസിക്കാന്‍ താത്പര്യപ്പെടുന്നതാണ്. സമ്പന്നരായ വിഭാഗം ഈ പ്രശ്നം നേരിടുന്നില്ല."

ബിജെപി സർക്കാർ ആളിക്കത്തിച്ച ഇസ്ലാമോഫോബിയ മൂലം, രാജ്യത്ത് ഹിന്ദു-മുസ്ലീം വിഭാഗീയത വർധിച്ചതായി, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് പൊളിറ്റിക്കലിലെ നരവംശശാസ്ത്രജ്ഞനായ റാഫേൽ സുസെവിൻഡ് പറയുന്നു. വാഷിംഗ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വതന്ത്ര ഏജന്‍സിയായ സെൻ്റർ ഫോർ ദി സ്റ്റഡി ഓഫ് ഓർഗനൈസ്ഡ് ഹേറ്റിന്‍റെ രേഖപ്രകാരം, 2023 ൻ്റെ ആദ്യ പകുതിയിൽ 255 ഉം, രണ്ടാം പകുതിയിൽ 413 ഉം വിദ്വേഷപ്രസംഗങ്ങളാണ് രാജ്യത്തുണ്ടായത്. ഇതില്‍ ഭൂരിഭാഗവും ബിജെപി നേതാക്കളില്‍ നിന്നോ മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികളില്‍ നിന്നോ സർക്കാർ പ്രതിനിധികളില്‍ നിന്നോ ഉണ്ടായവയാണ്.


ഡല്‍ഹി കലാപത്തിന് ആഹ്വാനം ചെയ്തതെന്ന് ആരോപണമുന്നയിക്കപ്പെട്ട ബിജെപി നേതാക്കള്‍ക്കെതിരെ തെളിവില്ല എന്ന കാരണത്താല്‍ നടപടിയൊഴിവാക്കിയത് മുതൽ ഇക്കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍, ഒന്നിലധികം തവണ മുസ്ലീം വിരുദ്ധത പ്രചാരണായുധമാക്കി പ്രധാനമന്ത്രി നടത്തിയ പ്രസംഗങ്ങള്‍ വരെയുള്ള ഉദാഹരണങ്ങള്‍ റിപ്പോർട്ടിലുണ്ട്.

അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് എന്ന സ്വതന്ത്ര ഏജന്‍സിയുടെ റിപ്പോർട്ട് പ്രകാരം ഗോ രക്ഷക സംഘങ്ങളുടെ നേതൃത്വത്തില്‍ നടന്ന ആള്‍ക്കൂട്ട ആക്രമണങ്ങളിലും മറ്റുമായി കുറഞ്ഞത് എട്ട് മുസ്ലീംങ്ങളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. നരേന്ദ്രമോദിക്ക് തുടർഭരണം നല്‍കിയ ജൂണിലെ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷമാണിത്. എന്നാല്‍ സർക്കാർ കണക്കുകള്‍ പറയുന്നത് മറിച്ചാണ്. കോണ്‍ഗ്രസ് ഭരണത്തിലുണ്ടായിരുന്ന മുന്‍ ദശകത്തേക്കാള്‍ 2014-നും 2022-നും ഇടയിൽ വർഗീയ കലാപങ്ങളുടെ ശരാശരി 9% കുറഞ്ഞു എന്നാണ് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്ക്. രാജ്യത്ത് നടത്തുന്ന വർഗീയ ആക്രമങ്ങളുടെ കണക്കുകളൊന്നും എന്‍സിആർബി പ്രത്യേകമായി റിപ്പോർട്ടുചെയ്യുന്നില്ല എന്ന വിരോധാഭാസം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് റോയിട്ടേഴ്സ് ഈ വിവരങ്ങള്‍ പുറത്തുവിടുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com