
സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി തയ്യാറാക്കിയ ഹേമ കമ്മിഷൻ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ ചലച്ചിത്ര മേഖലയിൽ നിന്നുള്ള നിരവധി പേരാണ് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്. ഹേമ കമ്മീഷൻ റിപ്പോർട്ട് ഇനിയും പുറത്തുവിടാത്തത് ചോദ്യം ചെയ്തായിരുന്നു സിനിമാ പ്രവർത്തകർ രംഗത്തെത്തിയത്.
ഹേമ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിൽ സർക്കാരിന് മെല്ലെപ്പോക്കെന്ന് ചലച്ചിത്ര താരം രേവതി പ്രതികരിച്ചു. സിനിമയ്ക്കകത്ത് നിന്നുള്ള പുരുഷാധിപത്യ ഇടപെടലുകൾ ഇതിന് കാരണമായിട്ടുണ്ടാകാമെന്നും രേവതി ന്യൂസ് മലയാളത്തോട് പറഞ്ഞു. കാലാകാലങ്ങളായി സിനിമയിൽ സ്ത്രീകൾ അനുഭവിച്ച് വരുന്ന കാര്യങ്ങളാണ് റിപ്പോർട്ടിലുള്ളത്. എന്നാൽ, റിപ്പോർട്ട് പുറത്തുവന്നു എന്നത് കൊണ്ട് മാത്രം അതിൽ എന്തെങ്കിലും മാറ്റം ഉണ്ടാകും എന്ന് കരുതുന്നില്ലയെന്നും, ഇപ്പോഴെങ്കിലും കമ്മിറ്റി റിപ്പോർട്ടിൽ ഒരു ചലനം ഉണ്ടായതിൽ സന്തോഷമെന്നും സജിതാ മഠത്തിൽ പറഞ്ഞു. കുറ്റാരോപിതരുടെ പേരില്ലെങ്കിൽ പിന്നെന്തിനാണ് ഈ കമ്മീഷനെന്ന് ചലച്ചിത്രപ്രവർത്തകയായ ഭാഗ്യലക്ഷ്മിയും ന്യൂസ് മലയാളത്തോട് പ്രതികരിച്ചു.
ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ഉത്തരവ് നടപ്പാക്കുന്നുവെന്ന് സാംസ്‌കാരിക വകുപ്പ് ഉറപ്പുവരുത്തണമെന്ന്, ഇന്ന് പുറത്തുവന്ന റിപ്പോർട്ടിൽ വിവരാവകാശ കമ്മിഷന്‍ പ്രത്യേകം വ്യക്തമാക്കിയിരുന്നു. റിപ്പോര്‍ട്ടിലെ സ്വകാര്യ വിവരങ്ങള്‍ ഒഴികെ മറ്റൊന്നും മറച്ചുവെക്കരുതെന്നും കമ്മീഷന്‍ വ്യക്തമാക്കി. റിപ്പോര്‍ട്ടില്‍ സിനിമാ മേഖലയിലെ ആരുടെയും പേരു വിവരങ്ങള്‍ ഇല്ലെന്നും, റിപ്പോര്‍ട്ടിലുള്ളത് കമ്മിറ്റി അംഗങ്ങളുടെ അഭിപ്രായങ്ങള്‍ മാത്രമാണെന്നും കമ്മീഷന്‍ അറിയിച്ചു. ആര്‍ക്കെതിരെയാണ് പരാതി എന്ന സൂചനയും റിപ്പോര്‍ട്ടിലില്ല. അതോടൊപ്പം പരാതിക്കാരിയുടെയും സാക്ഷികളുടെയും മൊഴികള്‍ മാത്രമാണ് റിപ്പോര്‍ട്ടിലുള്ളത്. ഏതാനും ചില മെസേജുകളും ഫോട്ടോകളും റിപ്പോര്‍ട്ടിലുണ്ട്. സിനിമാ മേഖലയിലെ പ്രമുഖരുടെ പേരുകള്‍ റിപ്പോര്‍ട്ടില്‍ ഇല്ലെന്നും ഹേമ കമ്മീഷന്‍ വ്യക്തമാക്കി. 2019ലാണ് ഹേമ കമ്മീഷന്‍ റിപ്പോർട്ട് സമർപ്പിച്ചത്.