
ജമ്മുകശ്മീരിൽ എട്ടു ദിവസം പ്രായമുള്ള നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ. ഷരീഫ ബീഗമാണ് അറസ്റ്റിലായത്.
ജമ്മുകശ്നമീരിലെ രജൗരി ജില്ലയിലാണ് സംഭവം. സുന്ദർബാനി തഹ്സിലെ കദ്മപ്രാത് ഗ്രാമത്തിലെ വറ്റിവരണ്ട കുളത്തിൽ കുഞ്ഞിൻ്റെ മൃതദേഹം കിടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതമാണെന്ന് കണ്ടെത്തിയത്.
നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന വിധത്തിലാണ് യുവതി കുഞ്ഞിനെ ഉപേക്ഷിച്ചത്. വിശപ്പും ദാഹവും മൂലമാണ് നവജാത ശിശു കൊല്ലപ്പെട്ടതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. കൊലപാതകക്കുറ്റം യുവതി ഭർത്താവിനു മേൽ ചുമത്തിയിരുന്നെങ്കിലും അന്വേഷണത്തിൽ സംഭവസമയത്ത് മുഹമ്മദ് ഇഖ്ബാൽ കാശ്മീരിലേക്ക് പോയതായി കണ്ടെത്തി.
ഭർത്താവിനോടുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ശേഷം കുറ്റം അയാളിൽ ചുമത്താനായിരുന്നു ശ്രമമെന്നും യുവതി ചോദ്യം ചെയ്യലിൽ പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.