
കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ നഷ്ടപരിഹാര പട്ടികയിൽ ഉൾപ്പെട്ട അനർഹരെ കണ്ടെത്താൻ റവന്യൂ വകുപ്പ് പരിശോധന ആരംഭിച്ചു. വടകര ഡെപ്യൂട്ടി തഹസിൽദാർ ടി.പി. അനിതയുടെ നേതൃത്വത്തിലാണ് പരിശോധന. കലക്ടറുടെ നിർദ്ദേശപ്രകാരം റവന്യൂ സംഘം വില്ലേജ് ഓഫീസിൽ പരിശോധന നടത്തി. പട്ടികയിൽ അനർഹർ ഉൾപ്പെട്ടിട്ടുണ്ടെന്ന പ്രദേശവാസികളുടെ പരാതിയിലാണ് നടപടി.
റവന്യൂ വകുപ്പ് പുറത്തിറക്കിയ പട്ടികയിൽ അനർഹർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പ്രദേശവാസികളുടെ പരാതി. അർഹതയുള്ളവർ പട്ടികയിൽ ഉൾപ്പെട്ടില്ല എന്നും പരാതി ഉയർന്നിട്ടുണ്ട്. 3 ലിസ്റ്റുകളാണ് റവന്യു അധികൃതര്‍ തയാറാക്കിയിട്ടുള്ളത്. ഇവയില്‍ വീടു മാത്രം നഷ്ടപ്പെട്ട 25 പേരും, പൂര്‍ണമായി വീടും സ്ഥലവും നഷ്ടമായ 11 പേരുമാണുള്ളത്. വഴി നഷ്ടപ്പെട്ടവരെ മൂന്നാമത്തെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വീട് നിര്‍മാണത്തിനുള്ള സ്ഥലം വാങ്ങാനും വീടു പണിയാനുമായി 15 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിക്കുന്നത്.
എന്നാല്‍, മുന്‍പ് തയാറാക്കിയ പട്ടിക പ്രകാരമുള്ളതല്ല ഇപ്പോള്‍ പരിഗണിക്കുന്നതെന്നാണ് ദുരിതബാധിതര്‍ പറയുന്നത്. അര്‍ഹരായ പലരെയും ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയെന്നും പരാതിയില്‍ പറയുന്നു. നിലവില്‍ സ്വന്തമായി വീടുള്ള ചിലരുടെ പേരും വീട് നഷ്ടമായവരുടെ പട്ടികയില്‍ ഉള്‍പെട്ടതായും മുന്‍പ് താമസം മാറിയ ചിലര്‍ അടക്കം റവന്യു അധികൃതരുടെ പട്ടികയില്‍ കടന്നു കൂടിയെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ വർഷം ജൂലൈ 30നാണ് കോഴിക്കോട് വിലങ്ങാട് നാടിനെ നടുക്കിയ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ജീവൻ നഷ്ടപ്പെട്ടില്ലെങ്കിലും വയനാട്ടിലേതിന് സമാനമായ ദുരന്തമാണ് കോഴിക്കോട് വിലങ്ങാടും ഉണ്ടായത്. ഒന്നിന് പിന്നാലെ മറ്റൊന്നായി ഒൻപത് തവണയായാണ് ഇവിടെ ഉരുൾപൊട്ടൾ ഉണ്ടായത്.