
കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിഷേധവുമായി പത്തനംതിട്ട കളക്ടറേറ്റിലെ റവന്യൂ വിഭാഗം ജീവനക്കാർ. നാളെ കൂട്ട അവധിയെടുത്താണ് പ്രതിഷേധം. റവന്യൂ വിഭാഗം ജീവനക്കാരാണ് നാളെ ജോലിയിൽ നിന്ന് വിട്ടുനിൽക്കുക. കളക്ടറേറ്റിൽ രാവിലെ നവീൻ ബാബുവിന്റെ പൊതുദർശനവും നടക്കും.
അതേസമയം, കണ്ണൂർ എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ കണ്ണൂർ ജില്ലാ കളക്ടർ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. റവന്യൂ മന്ത്രി കെ. രാജനാണ് റിപ്പോർട്ട് സമർപ്പിച്ചത്. കൈക്കൂലി സംബന്ധിച്ച് രേഖാമൂലം തനിക്ക് പരാതി കിട്ടിയിട്ടില്ലെന്ന് റിപ്പോർട്ടിൽ കളക്ടർ വ്യക്തമാക്കി. കൂടുതൽ അന്വേഷണത്തിന് ശേഷം വിശദമായ റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റവന്യൂ മന്ത്രി കെ. രാജനാണ് കളക്ടറോട് അടിയന്തര റിപ്പോർട്ട് തേടിയത്. ആത്മഹത്യ ചെയ്ത എഡിഎം സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നാണ് അറിയാൻ കഴിഞ്ഞത്. അന്വേഷണത്തിൽ യാതൊരു പക്ഷപാതവും ഉണ്ടായിരിക്കില്ല. മുൻവിധികൾ ഉണ്ടാകില്ലെന്നും, ആരെയും സർക്കാർ സംരക്ഷിക്കില്ലെന്നും മന്ത്രി കെ. രാജൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. നവീൻ ബാബുവിൻ്റെ മരണം ഏറെ ദുഃഖകരമാണ്. അദ്ദേഹം റവന്യൂ കുടുംബത്തിലെ അംഗമാണ്. ഒരു പരാതിയും അദ്ദേഹത്തിനെതിരെ ഇതുവരെ ലഭ്യമായിട്ടില്ല. അദ്ദേഹത്തിൻ്റെ മരണം വ്യക്തിപരമായും ദുഃഖം ഉണ്ടാകുന്നുവെന്നും നേരത്തെ കെ. രാജൻ പറഞ്ഞിരുന്നു.