
ഉപയോഗിക്കാത്ത വെള്ളത്തിന് വാട്ടർ അതോറിറ്റി നൽകിയ ബില്ലിൻ്റെ കുടിശിക ഇടാക്കാൻ ജപ്തി നടപടിയുമായി റവന്യൂ വകുപ്പ്. വോർക്കാടി പഞ്ചായത്തിലെ ഏഴ് കുടുംബങ്ങൾക്കാണ് ബില്ലടക്കാത്തതിൻ്റെ പേരിൽ ജപ്തി നോട്ടീസ് അയച്ചത്. നൂറിലേറെ കുടുംബങ്ങൾക്ക് അരലക്ഷത്തിന് മുകളിലാണ് ബിൽ.
രണ്ട് വർഷം മുൻപാണ് വോർക്കാടി പഞ്ചായത്തിൽ കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിച്ചത്. യഥേഷ്ടം കിണർ വെള്ളം ലഭിക്കുന്ന ഈ മേഖലയിലെ വീടുകളിൽ കണക്ഷൻ ആവശ്യമില്ലെന്ന് നാട്ടുകാർ പറഞ്ഞിരുന്നു. എന്നാൽ, ഉദ്യോഗസ്ഥരുടെ നിർബന്ധത്തിന് വഴങ്ങിയാണ് പലരും കണക്ഷനെടുത്തത്. തുടർന്ന് പലതവണ 200 രൂപയിൽ താഴെയുള്ള ബില്ലുകൾ അടച്ചു. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ഇവർക്ക് ഉപയോഗിക്കാത്ത വെള്ളത്തിന് ലഭിക്കുന്നത് പതിനായിരങ്ങളുടെ ബില്ലാണ്.
തച്ചിര മേഖലയിൽ മാത്രം ബില്ലടച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഏഴ് കുടുംബങ്ങൾക്കാണ് റവന്യൂ വകുപ്പ് നോട്ടീസയച്ചത്. അര ലക്ഷത്തിലേറെ രൂപയുടെ ബില്ല് വന്നവർ അദാലത്തിൽ പരാതിയുമായെത്തിയപ്പോൾ അത് ഇരുപതിനായിരമായി കുറച്ചു. ഉടനടി അടച്ചില്ലെങ്കിൽ ജപ്തി ഉണ്ടാകുമെന്ന ഭീഷണിയുമുയർത്തി. ജനപ്രതിനിധികളേയും ഉദ്യോഗസ്ഥരേയും മാറി മാറി കണ്ടെങ്കിലും പരിഹാരമുണ്ടായില്ല.
തുടർച്ചയായി പണം അടയ്ക്കാത്തതിനാലോ മീറ്ററിൽ എയർ പ്രശനമുണ്ടായതിനാലോ ആവാം വലിയ തുക ബില്ലായി വന്നതെന്നാണ് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ വിചിത്രവാദം. എന്നാൽ വകുപ്പിൻ്റെ ഭാഗത്തുണ്ടായ വീഴ്ച കാരണം ബുദ്ധിമുട്ടുന്നത് സാധാരണക്കാരാണ്.