
റവന്യൂവകുപ്പ് ജീവനക്കാർ സംസ്ഥാന വ്യാപകമായി കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുന്നു.കണ്ണൂർ എഡിഎം കെ. നവീൻ ബാബുവിൻ്റെ ആത്മഹത്യയിൽ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം. സർക്കാർ ജീവനക്കാരുടെ കൂട്ടായ്മകളാണ് പ്രതിഷേധം ആഹ്വാനം ചെയ്തത്. എല്ലാ സർവീസ് സംഘടനകളും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. കളക്ട്രേറ്റുകളുടേയും വില്ലേജ്, താലൂക്ക് ഓഫീസുകളുടേയും പ്രവർത്തനത്തെ ജീവനക്കാരുടെ സമരം ബാധിച്ചിട്ടുണ്ട്.
എഡിഎമ്മിൻ്റെ മരണത്തിൽ പി.പി ദിവ്യക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. കുറ്റക്കാരായവർക്കെതിരെ നടപടിയാവശ്യപ്പെട്ട് കോൺഗ്രസ് ബിജെപി പ്രവർത്തകർ പ്രഖ്യാപിച്ച സമരത്തിന് തുടക്കമായിരുന്നു. ഇതിനിടെ ദിവ്യയുടെ വീട്ടിലേക്കും കോൺഗ്രസ് ബിജെപി പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു. പ്രതിഷേധം ശക്തമാകുന്നതിനിടെ ദിവ്യക്കെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. എൻഒസിക്ക് അപേക്ഷ നൽകിയ പെട്രോൾ പമ്പ് ദിവ്യയുടെ ഭർത്താവിനുൾപ്പെടെ ഷെയർ ഉള്ളതാണെന്നും പ്രശാന്തൻ ബിനാമിയാണെന്നുമാണ് ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജിൻ്റെ ആരോപണം. ദിവ്യയുടേത് അപക്വമായ പെരുമാറ്റമാണെന്നും നടപടിയെടുക്കുമെന്നും പത്തനംതിട്ട സിപിഎമ്മും പ്രതികരിച്ചിരുന്നു.
ചൊവ്വാഴ്ച രാവിലെയാണ് എഡിഎം നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ കണ്ണൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിൽ വെച്ച് നടന്ന എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിലെത്തിയ പി.പി. ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതില്‍ എഡിഎം അഴിമതി നടത്തിയെന്നാണ് ആരോപണം. വ്യാജ ആരോപണം ഉന്നയിച്ച പി.പി ദിവ്യക്കെതിരെയും പരാതിക്കാരൻ ടി.വി. പ്രശാന്തനെതിരെയും നവീൻ്റെ സഹോദരനും പൊലീസിൽ പരാതി നൽകിയിരുന്നു.