
വയനാട്ടിൽ പഴകിയ അരി പിടികൂടിയ സംഭവത്തിൽ റവന്യൂ വകുപ്പിനെതിരെ മേപ്പാടി പഞ്ചായത്തിലെ യുഡിഎഫ് മെമ്പർമാർ. തങ്ങൾ വിതരണം ചെയ്തത് റവന്യൂ വകുപ്പ് നിന്ന് കിട്ടുന്ന അരിയും സാധനങ്ങളുമാണെന്നും മെമ്പർമാർ ചൂണ്ടിക്കാട്ടി. വിഷയത്തിൽ കളക്ടറെ നേരിട്ടു കാണാൻ മേപ്പാടി പഞ്ചായത്ത് അംഗങ്ങൾ കളക്ടറേറ്റിൽ എത്തിയിട്ടുണ്ട്. കിറ്റ് വിതരണത്തിലെ പഴി കേൾക്കാൻ ഇനി പഞ്ചായത്ത് ഇല്ലെന്നും റവന്യൂ വകുപ്പ് നേരിട്ട് വിതരണം ചെയ്തോട്ടെയെന്നും പഞ്ചായത്ത് അംഗങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.
മേപ്പാടി ദുരിത ബാധിതർക്ക് വിതരണം ചെയ്ത ഭക്ഷ്യധാന്യങ്ങളിൽ പൂത്തതും ഉപയോഗശൂന്യമായിട്ടുള്ള സാധനങ്ങളുമുണ്ട് എന്നത് ഞെട്ടിക്കുന്നതെന്ന് റവന്യൂ മന്ത്രി കെ. രാജൻ. മാതൃകാപരമായ ദുരന്ത പ്രതിരോധ പ്രവർത്തനങ്ങളും നിവാരണ പ്രവർത്തനങ്ങളുമാണ് സർക്കാർ നടത്തിയത് സംഭവം ഗൗരവതരമായി പരിശോധിക്കേണ്ടതാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
"മേപ്പാടി ഗ്രാമപഞ്ചായത്തിൽ ഇപ്പോൾ വിതരണം ചെയ്തിട്ടുള്ള സാധനങ്ങളിൽ അരി മാത്രമല്ല, മൈദ, റവ, വിവിധങ്ങളായ സാധനങ്ങളുണ്ട്. അതിൽ അരിയും മൈദയും റവയും ഉൾപ്പെടെയുള്ള സാധനങ്ങൾ കേടായ സാധനങ്ങൾ കണ്ടെത്തി എന്നതാണ് ശ്രദ്ധയിൽപ്പെടുന്നത്. അങ്ങനെയെങ്കിൽ എവിടെ നിന്ന് ലഭ്യമായി എന്ന പ്രശ്നമാണ് പരിശോധിക്കുന്നത്. ജില്ലാ ഭരണകൂടവും റവന്യൂ വകുപ്പുമാണ് വിതരണം ചെയ്തതെന്ന പ്രസ്താവന നിരുത്തരവാദപരമാണ്," റവന്യൂ മന്ത്രി പറഞ്ഞു.
"എന്നൊക്കെയാണ് റവന്യൂ വകുപ്പ് ഇവ വിതരണം ചെയ്തതെന്നതിൻ്റെ കൃത്യമായ രേഖകളുണ്ട്. പഞ്ചായത്ത് ഏറ്റുവാങ്ങിയതിൻ്റെ അടക്കം ഇൻവോയ്സ് ഉണ്ട്. ഏറ്റവും അവസാനം വിതരണം ചെയ്ത സാധനങ്ങൾ ഏറ്റവും അവസാനം വിതരണം ചെയ്തതായിരിക്കുമല്ലോ. അവസാനം ഒക്ടോബർ 30, നവംബർ 1 എന്നീ ദിവസങ്ങളിലാണ് ജില്ലാ ഭരണകൂടം വിതരണം ചെയ്തത്. അത് പാക്കറ്റുകളിൽ ആക്കിയ അരിയല്ല. അത് ചാക്കുകളിലാക്കിയ അരിയാണ്. ഇപ്പോൾ കണ്ടെത്തിയ അരി ചെറിയ പാക്കറ്റുകളിലാക്കിയ നിലയിലാണ്. ഒടുവിൽ വിതരണം ചെയ്തത് 26 കിലോ വീതമുള്ള അരിയാണ്. തങ്ങൾ കൊടുത്ത അരി ഇപ്പോഴും പഞ്ചായത്തിൻ്റെ കൈവശമുണ്ട്. ഇനി ചാക്കിൽ കൊടുത്ത അരിയാണെങ്കിൽ അത് പാക്ക് ചെയ്യുമ്പോൾ കാണേണ്ടിയിരുന്നതല്ലേ?," മന്ത്രി പറഞ്ഞു.
"മേൽപ്പറഞ്ഞ രണ്ടു ദിവസങ്ങളിൽ റവയും മൈദയും നൽകിയിട്ടില്ല. കൊടുക്കാത്ത മൈദ പൂത്തുവെന്നാണ് ഇപ്പോൾ പറയുന്നത്. സെപ്റ്റംബർ ഒമ്പതിനാണ് റവയും മൈദയും ജില്ലാ ഭരണകൂടം ഒടുവിൽ കൊടുത്തത്. ആ പാക്കറ്റുകളാണ് ഇപ്പോൾ വിതരണം ചെയ്തതെങ്കിൽ ഗുരുതരമായ തെറ്റാണ് പഞ്ചായത്ത് ചെയ്തത്. അത് വിതരണം ചെയ്യാൻ പാടില്ല. എന്തുകൊണ്ട് അത് രണ്ടുമാസം എടുത്തു വെച്ചു എന്നത് പഞ്ചായത്ത് വ്യക്തമാക്കണം. ഓണത്തിന് വിതരണം ചെയ്യാൻ കൊടുത്ത വസ്ത്രങ്ങൾ അടക്കം ഗോഡൗണുകളിൽ കെട്ടിക്കിടക്കുകയാണ്. സംഭവത്തിൽ കളക്ടറോട് വിവരങ്ങൾ തേടി. റവന്യൂ വകുപ്പ് നൽകിയ ഒന്നിലും കേടുപാടുകൾ ഇല്ല," കെ. രാജൻ വ്യക്തമാക്കി.