
മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിലെ ഹൈക്കോടതി വിധി ഏറെ ആശ്വാസകരമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. ഈ മാസം 27ന് ടൗൺഷിപ്പിന് ദ്യോഗിക തുടക്കം കുറിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് എൽസ്റ്റൺ എസ്റ്റേറ്റിൽ ആരംഭിക്കുന്ന ടൗൺഷിപ്പിന് തുടക്കം കുറിക്കുക. രാഷ്ട്രീയത്തിന് അതീതമായി എല്ലാവരെയും ചേർത്ത് തുടക്കം കുറിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പുനരധിവാസ നടപടി തടസപ്പെടുത്തരുതെന്നാണ് കോടതി കൃത്യമായി പറഞ്ഞിരിക്കുന്നത്. ദുരന്ത നിവാരണ ആക്ട് അനുസരിച്ച് സ്ഥലം ഏറ്റെടുക്കുന്നതിന് തടസമില്ല. സാധാരണയായി നഷ്ടപരിഹാരം നൽകുന്നതാണ് പതിവ്. ഇവിടെ ദുരന്തബാധിതരുടെ ആവശ്യപ്രകാരമാണ് ടൗൺഷിപ്പ് നിർമിക്കാൻ സർക്കാർ തീരുമാനിച്ചത്. ദുരന്ത ബാധിതർക്ക് വേണ്ടി ഒരു ടൗൺഷിപ്പ് എന്നത് കേരളം മാതൃക ആവുകയാണ്. മറ്റെല്ലാ മേഖലയിലേയും പോലെ ദുരന്ത നിവാരണത്തിലെ കേരളാ മോഡലാണിതെന്നും മന്ത്രി കെ. രാജൻ പറഞ്ഞു.
അതേസമയം, തൃശൂർ പൂരം കലക്കലിൽ മന്ത്രി കെ. രാജൻ്റെ മൊഴിയെടുക്കും. എം.ആർ. അജിത് കുമാറിൻ്റെ വീഴ്ചയെപ്പറ്റി നടത്തുന്ന അന്വേഷണത്തിൻ്റെ ഭാഗമായാണ് മൊഴി എടുക്കുന്നത്. മൊഴി എടുക്കലിന് ഉദ്യോഗസ്ഥർ സമയം തേടിയിട്ടുണ്ടന്ന് മന്ത്രി കെ. രാജൻ പ്രതികരിച്ചു. ആവശ്യപ്പെട്ടാൽ മൊഴി രേഖപ്പെടുത്താനുള്ള അവസരം കൊടുക്കും. നിയമസഭയുടെ തിരക്ക് നടക്കുകയാണ്. അന്വേഷണം ഇഴയുന്നു എന്ന അഭിപ്രായം തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
എം.ആർ. അജിത് കുമാർ ഡിജിപി ആവുന്നത് ശരിയാണോ എന്ന ചോദ്യത്തിന് ആര് എന്ത് ആകുമെന്ന് നമുക്ക് നിശ്ചയിക്കാനാകുമോ എന്നായിരുന്നു മന്ത്രിയുടെ ഉത്തരം. ഏഷ്യനെറ്റ് ചാനൽ ഉടമ രാജിവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന പ്രസിഡൻ്റ് ആകുമെന്ന് ആരെങ്കിലും കരുതിയോ. ഞാൻ മന്ത്രി ആകുമെന്ന് ആരെലും കരുതിയോ. ഇതോക്കെ നടന്നില്ലേ. ഭാവിയിൽ എന്ത് നടക്കുമെന്ന് പ്രവചിക്കാൻ സാധിക്കില്ലെന്നുമുള്ള ഒഴിഞ്ഞുമാറൽ മറുപടിയായിരുന്നു മന്ത്രിയുടേത്.