വയനാട്ടിലെ ടൂറിസം മേഖലുടെ പുനരുജ്ജീവനത്തിനായി സെപ്തംബറില്‍ പ്രത്യേക മാസ് ക്യാമ്പയിന്‍

വയനാട്ടിലേക്ക് കൂടുതല്‍ സഞ്ചാരികള്‍ എത്തി ചേരുന്ന തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ച് പ്രത്യേക മാര്‍ക്കറ്റിംഗ് പ്രചാരണവും നടത്തും
വയനാട്ടിലെ ടൂറിസം മേഖലുടെ പുനരുജ്ജീവനത്തിനായി സെപ്തംബറില്‍ പ്രത്യേക മാസ് ക്യാമ്പയിന്‍
Published on


വയനാട് ജില്ലയിലെ പ്രകൃതി ദുരന്തത്തെ തുടര്‍ന്നുണ്ടായ ടൂറിസം രംഗത്തെ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനായി വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ടൂറിസം പങ്കാളികളുടെ യോഗം മന്ത്രി പി.എ. മുഹമ്മദ് റിയാസിന്‍റെ സാന്നിധ്യത്തില്‍ ചേര്‍ന്നു. വിവിധ ടൂറിസം സംരംഭകര്‍, ടൂറിസം സംഘടനകള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

വയനാട് കേന്ദ്രീകരിച്ചുള്ള ടൂറിസം വ്യവസായം പഴയ നിലയിലാക്കാന്‍ സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിനായി സെപ്തംബര്‍ മാസത്തില്‍ പ്രത്യേക മാസ് ക്യാമ്പയിന്‍ ആരംഭിക്കും. വയനാട്ടിലേക്ക് കൂടുതല്‍ സഞ്ചാരികള്‍ എത്തിച്ചേരുന്ന തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ച് പ്രത്യേക മാര്‍ക്കറ്റിംഗ് പ്രചരണവും നടത്തും.

2021ല്‍ ഈ രീതിയിലുള്ള പ്രചരണം നടത്തിയതിന്‍റെ ഫലമായി ബെംഗളൂരുവിന്‍റെ വാരാന്ത ടൂറിസം കേന്ദ്രമായി വയനാട് മാറിയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അതുവരെ കാണാത്ത രീതിയിലുള്ള ടൂറിസ്റ്റുകളുടെ ഒഴുക്ക് ഉണ്ടായ സമയത്താണ് ദുരന്തം സംഭവിക്കുന്നത്. ഉരുള്‍പൊട്ടല്‍ ദുരന്തം ടൂറിസം മേഖലയെ എല്ലാതരത്തിലും ബാധിച്ചുവെന്നും മന്ത്രി പറഞ്ഞു.

ടൂറിസം വകുപ്പ് അഡീഷണൽ ഡയറക്ടര്‍ വിഷ്ണുരാജ് പി, ജോയിന്‍റ് ഡയറക്ടര്‍ സത്യജിത്ത് എസ്, ഡെപ്യൂട്ടി ഡയറക്ടര്‍ ഗിരീഷ് കുമാര്‍ ഡി. തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. വയനാട് ജില്ലയിലെ വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍, ഹാറ്റ്സ് (ഹോംസ്റ്റേ കേരള) , ടൂറിസ്റ്റ് ഗൈഡ് അസോസിയേഷന്‍, വയനാട് എക്കോ ടൂറിസം അസോസിയേഷന്‍, വയനാട് ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്‍റ് അസോസിയേഷന്‍, വയനാട് ടൂറിസം അസോസിയേഷന്‍, ഓള്‍ കേരള ടൂറിസം അസോസിയേഷന്‍, നോര്‍ത്ത് വയനാട് ടൂറിസം അസോസിയേഷന്‍, കാരാപ്പുഴ അഡ്വഞ്ചര്‍ ടൂറിസം അസോസിയേഷന്‍, ടൂറിസ്റ്റ് ഗൈഡ് അസോസിയേഷന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

കോഴിക്കോട് ജില്ലയില്‍ എട്ട് ടൂറിസം സംഘടനകളില്‍ നിന്നുമായി, ഹാറ്റ്സ് (ഹോംസ്റ്റേ കേരള), മലബാര്‍ ടൂറിസം അസോസിയേഷന്‍, മലബാര്‍ ടൂറിസം കൗണ്‍സില്‍, ഡെസ്റ്റിനേഷന്‍ കോഴിക്കോട്, ഫാം ടൂറിസം, കെടിഎം, ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്‍റ് അസോസിയേഷന്‍, സര്‍ഗ്ഗാലയ എന്നിവര്‍ പങ്കെടുത്തു. കണ്ണൂര്‍ ജില്ലയില്‍ നിന്നും മലബാര്‍ ടൂറിസം ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍, ഡിസ്ട്രിക്ട് ടൂറിസം ഗൈഡ്സ് അസോസിയേഷന്‍ എന്നിവരാണ് പങ്കെടുത്തത്. യോഗത്തില്‍ വിവിധ സംഘടനകളില്‍ നിന്നുമായി ആകെ 33 പേര്‍ പങ്കെടുത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com