
ഫ്രാന്‍സില്‍ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ നാഷണല്‍ റാലി മറൈന്‍ ലെ പെന്നിന്‍റെ നേതൃത്വത്തില്‍ അധികാരം നേടുന്നതിന്‍റെ അടുത്തെത്തിയിരിക്കുന്നു. ഫ്രഞ്ച് ചരിത്രത്തിൽ തന്നെ ആദ്യമാണ് ഇങ്ങനെയൊരു വലത് മുന്നേറ്റം.
577 സീറ്റുകളിലേക്കായി രണ്ട് ഘട്ടങ്ങളിലായാണ് ഫ്രാന്‍സില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ റൗണ്ടില്‍ ഒരു സ്ഥാനാര്‍ഥിയും വിജയിക്കാത്ത മണ്ഡലങ്ങളില്‍ ആദ്യ രണ്ട് സ്ഥാനത്തുള്ളവരും രജിസ്റ്റര്‍ ചെയ്ത മൊത്തം വോട്ടുകളില്‍ 12.5 ശതമാനം വോട്ട് നേടിയ സ്ഥാനാര്‍ഥികളുമാണ് രണ്ടാം ഘട്ട വോട്ടെടുപ്പിന് യോഗ്യത നേടുന്നത്. രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ വോട്ടുകള്‍ നേടുന്നവര്‍ ആ സീറ്റില്‍ വിജയിക്കും.
ഞായറാഴ്ച നടന്ന ആദ്യ ഘട്ട തെരഞ്ഞെടുപ്പില്‍ മുന്നൂറോളം മണ്ഡലങ്ങളിലാണ് വലിയ തോതില്‍ വോട്ടിങ് നടന്നത്. ഇത് റണ്‍ഔഫ് തെരഞ്ഞെടുപ്പിനും ത്രികോണ മത്സരത്തിനും വഴിയൊരുക്കിയിരിക്കുകയാണ്. എന്നാല്‍ ത്രികോണ മത്സരം നടന്നാല്‍ വലതുപക്ഷം വിജയിക്കാനാണ് സാധ്യത. ഇടത്-സെൻട്രിസ്റ്റ് വോട്ടുകള്‍ ഏകീകരിപ്പിച്ച് തീവ്ര വലത് പക്ഷത്തെ പരാജയപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ ഫ്രാന്‍സില്‍ നടക്കുന്നത്.
ഇപ്പോഴത്തെ പ്രവചനങ്ങള്‍ പ്രകാരം നാഷണല്‍ റാലി 260 മുതല്‍ 310 വരെ സീറ്റുകള്‍ നേടാന്‍ സാധ്യതയുണ്ട്. 289 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. അതിലേക്ക് എത്താന്‍ വലതു പക്ഷത്തിന് വെല്ലുവിളികള്‍ അനവധിയാണ്. അതില്‍ ഏറ്റവും പ്രധാനമാണ് ഇടത് - സെൻട്രിസ്റ്റ് പാര്‍ട്ടികളുടെ ഏകീകരണം. എല്ലാകാലത്തും വലതുപക്ഷത്തിനെ അധികാരത്തില്‍ നിന്നും അകറ്റി നിര്‍ത്തിയത് ഇത്തരത്തിലുള്ള രാഷ്ട്രീയ സഖ്യങ്ങളാണ്. തീവ്ര വലതിനെതിരായി ഒന്നിക്കാനുള്ള ഫ്രഞ്ച് റിപ്പബ്ലിക്കിനായുള്ള വിലാപങ്ങള്‍ ഫ്രാന്‍സില്‍ തുടങ്ങി കഴിഞ്ഞു.
ആദ്യ ഘട്ടത്തില്‍ 33 ശതമാനം വോട്ടുകള്‍ നാഷണല്‍ റാലി പാർട്ടി നേടിയെന്നാണ് ആഭ്യന്തര മന്ത്രാലയം പറയുന്നത്. ഇടതു കക്ഷിയായ ന്യൂ പോപ്പുലര്‍ ഫ്രന്‍റ് 28 ശതമാനം നേടി രണ്ടാമതും പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണിന്‍റെ സെന്‍ട്രിസ്റ്റ് സഖ്യം 20 ശതമാനത്തോടെ മൂന്നാം സ്ഥാനത്തുമാണ്.
നാഷണല്‍ റാലി ആദ്യമായാണ് പാര്‍ലമെന്‍ററി ഇലക്ഷനില്‍ 20 ശതമാനത്തിലധികം വോട്ടുകള്‍ നേടുന്നത്. രാജ്യത്തെ ആദ്യ വലതുപക്ഷ സര്‍ക്കാര്‍ രൂപീകരണത്തിന് അടുത്തെത്തി നില്‍ക്കുകയാണ് നാഷണല്‍ റാലി.
നാഷണല്‍ റാലി ഇതര വോട്ടുകളെ രണ്ടാം ഘട്ടത്തില്‍ ഒന്നിച്ച് കൊണ്ട് വരാനുള്ള തീരുമാനത്തിലാണ് മറ്റ് കക്ഷികള്‍. ജൂലൈ 7ന് നടക്കുന്ന രണ്ടാം ഘട്ടത്തില്‍ തന്ത്രപരമായി വോട്ട് ചെയ്യാനാണ് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ അനുയായികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. തങ്ങളുടെ സ്ഥാനാര്‍ഥി രണ്ടാം ഘട്ടത്തിലേക്ക് കടന്നില്ലെങ്കില്‍ നാഷണല്‍ റാലി ഇതര സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാനാണ് ആഹ്വാനം. എന്നാല്‍ ഇത് വോട്ടര്‍മാരില്‍ എന്ത് വികാരമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് രണ്ടാം ഘട്ട വോട്ടിങ് കഴിഞ്ഞാല്‍ മാത്രമേ പറയാന്‍ സാധിക്കൂ.